തിരുവനന്തപുരം: കോവിഡ് വ്യാപനത്തിൽ രണ്ടുവർഷത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ പ്രവേശനോത്സവത്തോടെ ജൂൺ ഒന്നിന് തുറക്കുന്നു. 2020ലും 2021ലും ജൂണിൽ സ്കൂൾ തുറക്കാനാകാതെ ഓൺലൈൻ രീതിയിലായിരുന്നു അധ്യയനം.
കോവിഡ് ആശങ്ക കുറഞ്ഞെങ്കിലും മാസ്ക് ധരിക്കുന്നത് ഉൾപ്പെടെ മാനദണ്ഡങ്ങൾ കുട്ടികളും അധ്യാപകരും പാലിക്കണം. ഇത്തവണ കഴക്കൂട്ടം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. 42.9 ലക്ഷം വിദ്യാർഥികളാണ് പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്നത്. ഇതിൽ മൂന്നര ലക്ഷത്തോളം കുട്ടികൾ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്നവരാണ്.
സ്‌കൂളുകളുടെ അറ്റകുറ്റപ്പണി മേയ് 27നകം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സ്കൂളുകളിൽ സമ്പൂർണ ശുചീകരണം നടത്തണം. ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കുകയും കുടിവെള്ള ടാങ്ക്, കിണറുകൾ, മറ്റു ജലസ്രോതസ്സുകൾ എന്നിവ ശുചീകരിക്കുകയും വേണം. വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കിയ 75 സ്കൂൾ കെട്ടിടങ്ങളുടെ ഉദ്ഘാടനം മേയ് 30ന് 3.30ന് വട്ടിയൂർക്കാവ് ഹയർസെക്കന്‍ഡറി സ്‌കൂളിൽ മുഖ്യമന്ത്രി നിർവഹിക്കും.
7,719 സ്കൂളുകളിലെ 9,58,060 കുട്ടികൾക്ക് ഇത്തവണ സൗജന്യ കൈത്തറി യൂനിഫോം നൽകും. ഇതിനുള്ള 42,08,000 മീറ്റർ തുണി ജൂൺ ഒന്നിന് മുമ്പ് വിതരണം ചെയ്യും.
ഹയർസെക്കൻഡറി പ്രിൻസിപ്പൽ പ്രമോഷൻ നടപടികളും അധ്യാപകരുടെ ബൈട്രാൻസ്ഫർ പ്രമോഷൻ നടപടികളും ഉടൻ നടക്കും. പൊതുചർച്ചയിൽ ഉയർന്ന നിർദേശങ്ങൾ കൂടി പരിഗണിച്ച് അന്തിമ സ്കൂൾ മാന്വൽ മേയ് 30ന് പ്രസിദ്ധീകരിക്കും. എസ്.എസ്.എൽ.സി പരീക്ഷ മാന്വൽ അടുത്ത പരീക്ഷക്കു മുമ്പ് പ്രസിദ്ധീകരിക്കും.
വിക്ടേഴ്സ്ക്ലാസ് തുടരും
തിരുവനന്തപുരം: ജൂൺ ഒന്നിന് സ്കൂളുകൾ തുറന്നാലും വിക്ടേഴ്സ് വഴിയുള്ള ഡിജിറ്റൽ അധ്യയനം തുടരുമെന്ന് മന്ത്രി വി. ശിവൻകുട്ടി. ഡിജിറ്റൽ സൗകര്യങ്ങളുപയോഗിച്ച് ഫലപ്രദമായ ക്ലാസ്‌റൂം വിനിമയം ഉറപ്പാക്കാൻ എസ്.സി.ഇ.ആർ.ടിയുടെ അക്കാദമിക പിന്തുണയോടെ സമഗ്രപോർട്ടലിൽ അടുത്ത അധ്യയന വർഷം പരിഷ്‌കാരം നടപ്പാക്കും.
സർക്കാർ ഉത്തരവായി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾക്ക് അനുസൃതമല്ലാത്ത, അക്കാദമിക പരിശോധന നടത്താത്ത ഡിജിറ്റൽ ഉള്ളടക്കം ക്ലാസ് മുറികളിൽ ഉപയോഗിക്കുന്നത് കർശനമായി തടയും. പുതിയ അധ്യയനവർഷം ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലെ കുട്ടികൾക്ക് ആസ്വാദ്യമായ രീതിയിൽ ഇംഗ്ലീഷ് ഭാഷ പഠിക്കാൻ ഇ-ക്യൂബ് ഇംഗ്ലീഷ് ഇ-ലാംഗ്വേജ് ലാബും കൈറ്റ് സജ്ജമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.