തൃശൂർ: മാസങ്ങൾക്ക് മുമ്പാണ് തൃശൂരിലെ ഫ്ലാറ്റിൽനിന്ന് പൊലീസിന് ഒരു പരാതി ലഭിച്ചത്. ഇതരസംസ്ഥാനത്ത് നിന്നെത്തിച്ച പ്രായപൂർത്തിയായിട്ടില്ലാത്ത പെൺകുട്ടിയെകൊണ്ട് വീട്ടുജോലികൾ ചെയ്യിക്കുന്നതായും മർദിക്കുന്നതായും പലപ്പോഴും കുട്ടിയുടെ നിലവിളി ഉയരുന്നുവെന്നുമായിരുന്നു പരാതി.
പൊലീസ് സ്ഥലത്തെത്തുമ്പോൾ കണ്ടത് മർദനമേറ്റും ഭക്ഷണം കഴിക്കാതെയും അവശയായ പെൺകുട്ടിെയ. തുടർന്ന് ഭക്ഷണം നൽകി ഒബ്സർവേഷനിലേക്ക് മാറ്റി. ബന്ധുക്കളെ വിളിച്ച് അന്വേഷിച്ചപ്പോൾ നിർധനരായ വീട്ടുകാർ കുട്ടിയെ പഠിപ്പിക്കാമെന്നും ഭക്ഷണവും താമസവും നൽകാമെന്നും അറിയിച്ചാണ് കൊണ്ടുവന്നതെന്ന് അറിയിച്ചു.
പട്ടിണി മുതലെടുക്കുന്ന ഏജൻറുമാരും കടത്തുകാരും കേരളത്തിൽ ഇപ്പോഴുമുണ്ടെന്നത് അടിവരയിടുന്നതായിരുന്നു സംഭവം. ബാലവേല, ബാലചൂഷണമുക്ത കേരളത്തിനായി സംസ്ഥാന വനിത-ശിശു വികസനവകുപ്പ് ആവിഷ്കരിച്ച ‘ശരണബാല്യം’ പദ്ധതിക്ക് കേന്ദ്ര അംഗീകാരം ലഭിച്ചതിനുശേഷം ആദ്യമായെത്തുന്ന ബാലവേല വിരുദ്ധ ദിനമാണ് ഈ വർഷത്തേത്.
ശിശുസംരക്ഷണ സ്ഥാപനങ്ങൾക്ക് പ്രത്യേക ഗ്രാൻറുകൾ പദ്ധതിപ്രകാരം ലഭ്യമായി. പദ്ധതിയിലൂടെ ബാലവേലയിലകപ്പെട്ട 272 കുട്ടികളെയാണ് സുരക്ഷിതലോകത്തേക്കെത്തിച്ചത്. ശരണബാല്യം പദ്ധതി വന്നതോടെ വലിയ അളവിൽ ബാലവേലക്ക് അറുതിവന്നിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന തൊഴിൽവകുപ്പ് എന്നാൽ, ഇന്നും കുട്ടിത്തൊഴിലാളികൾക്ക് കുറവൊന്നും വന്നിട്ടില്ലെന്ന് പറയുന്നു.
ഹോട്ടലുകളിലെ പിന്നാമ്പുറങ്ങളിലുൾപ്പെടെ കുട്ടിത്തൊഴിലാളികൾ ഇപ്പോഴുമുണ്ടെന്നാണ് കണക്ക്. പരിശോധനഘട്ടങ്ങളിൽ ഇവരെ മാറ്റിനിർത്തും. അതേ സമയം ബാലവേലയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുന്ന കേസുകൾ വിരളമായെന്ന് പൊലീസ് പറയുന്നു.
ബാലവേലക്ക് കുറവുവന്നെങ്കിലും വീടുകളിൽപോലും കുട്ടികൾ സുരക്ഷിതമല്ലെന്നും ശാരീരിക പീഡനമേൽക്കുന്നുവെന്നതാണ് കൂടുതൽ കേസുകളുടെയും പ്രത്യേകതയെന്നും ക്രിമിനൽ അഭിഭാഷകനും കൗൺസലറുമായ പി.കെ. സുരേഷ്ബാബു പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.