കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്തുന്നതിന് സ്വതന്ത്രമായി തിരച്ചില്‍ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്ന് നീന്തല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ. കേരള സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് അര്‍ജുന്റെ വീട് സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. പൊലീസിന് കടലില്‍ നീന്തുന്നതിന് പരിശീലനം നല്‍കുന്നയാളാണ് താന്‍. എന്നിട്ടും പുഴയിലിറങ്ങാന്‍ തനിക്ക് അനുമതി നിഷേധിക്കുന്നു. ഇനിയും തിരച്ചില്‍ തുടരുന്നതിനു കേരള സര്‍ക്കാറിന്റെയും ജനതയുടെയും സമ്പൂര്‍ണ പിന്തുണ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
അര്‍ജുനെ പുഴയിലിറങ്ങി തിരയാന്‍ തയാറായിട്ടും കര്‍ണാടക പൊലീസ് അനുമതി നല്‍കുന്നില്ല. ഒളിച്ചുപോയി ഡൈവിങ് നടത്തേണ്ട സാഹചര്യമാണ്. കുറച്ചുദിവസമായി തിരച്ചില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. അര്ജുന് ഓടിച്ച വണ്ടിയുണ്ടെന്ന് കരുതുന്ന സ്ഥലത്ത് ഇരുപതടിയോളം മണ്ണുണ്ട്. ഇതു മാറ്റാന്‍ ഡ്രഡ്ജിങ് യന്ത്രം കൊണ്ടുവരണം. അവിടെനിന്നാണ് വണ്ടിയുടെ ജാക്കിയും കയറും കണ്ടെടുത്തത്.
അഞ്ചുദിവസത്തിനകം കൊണ്ടുവരുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഇതുവരെ എത്തിയിട്ടില്ല. ഡ്രഡ്ജിങ് മെഷിന് കമ്പനി ആദ്യം 50 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടിരുന്നത്. പിന്നീടിത് ഒരുകോടിയാക്കി. കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനം നീട്ടുകയാണ്. ഫണ്ട് അനുവദിക്കുന്നതില്‍ ആശയക്കുഴപ്പം നിലനില്ക്കുന്നു. സര്‍ക്കാര്‍ അനുമതിയില്ലാത്തതിന്റെ പേരില്‍ തീരുമാനം നീളുകയാണ്. കേരളം ഇടപെട്ടാല്‍ മാത്രമേ ഇക്കാര്യത്തില്‍ പുരോഗതി ഉണ്ടാവൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.