തിരുവനന്തപുരം: പാലത്തായി പീഡനക്കേസുമായി ബന്ധപ്പെട്ട കുട്ടിക്ക് ധനസഹായം നൽകണമെന്നാവശ്യപ്പെട്ട് സർക്കാറിന് റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ ചെയർമാൻ കെ.വി. മനോജ്കുമാർ. അന്വേഷണ ഉദ്യോഗസ്ഥർ തങ്ങളെ വിശ്വസിക്കുന്നില്ലെന്ന കുട്ടിയുടെയും കുടുംബാംഗങ്ങളുടെയും പരാതിയെക്കുറിച്ച് അന്വേഷിക്കും. തലശ്ശേരി കോടതി ബൈസെൻറിനറി ഹാളിൽ കമീഷൻ നടത്തിയ സിറ്റിങ്ങിന് മുന്നോടിയായി കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയതായും ചെയർമാൻ അറിയിച്ചു. കമീഷൻ അംഗം പി.പി. ശ്യാമളാദേവി പങ്കെടുത്തു.
കേസ് നേരത്തേ അന്വേഷിച്ച നിലവിലെ ചേവായൂർ സി.ഐ ടി.പി. ശ്രീജിത്ത്, നിലവിൽ അന്വേഷിക്കുന്ന കാസർകോട് ൈക്രംബ്രാഞ്ച് ഉദ്യോഗസ്ഥൻ ടി. മധുസൂദനൻ എന്നിവരുടെ മൊഴി കമീഷൻ രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് നൂറോളം സാക്ഷികളെ ചോദ്യംചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ കമീഷൻ മുമ്പാകെ മൊഴി നൽകി. അന്വേഷണം പൂർത്തിയായില്ലെന്നും നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
കുട്ടിയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചതായി കമീഷൻ ചെയർമാൻ പറഞ്ഞു. അതേസമയം, കുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടന്നതായാണ് ഡോക്ടറുടെ മൊഴി. മെഡിക്കൽ സർട്ടിഫിക്കറ്റിൽ ഇത് രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാനൂർ സി.ഐ ഫായിസലിയുടെ മൊഴികൂടി രേഖപ്പെടുത്തിയശേഷം തുടർനടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.