സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇന്ന് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് പ്രഖ്യാപന ചടങ്ങ്.  ഇത്തവണ എൺപത് സിനിമകളാണ് സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിന് ചലച്ചിത്ര അക്കാദമി ദ്വിതല സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പുരസ്കര പ്രഖ്യാപനമാണ് ഇന്ന് നടക്കുന്നത്.

പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ. മത്സരരംഗത്തുള്ള നാൽപത് സിനിമകൾ വീതം രണ്ട് പ്രാഥമിക ജൂറികൾ കണ്ടു. തെരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനക്കായി ശിപാർശ ചെയ്തിരിക്കുന്നത്. പ്രശസ്ത കന്നഡ സംവിധായകൻ പി.ശേഷാദ്രി, സംവിധായകൻ ഭദ്രൻ എന്നിവരായിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാർ.

മികച്ച നടനുള്ള പുരസ്കാരത്തിന് വേണ്ടി അര ഡസനിലേറെ പേരാണ് മത്സര രംഗത്തുള്ളത്. ബിജുമേനോൻ (അയ്യപ്പനും കോശിയും) ഫഹദ് ഫാസിൽ (മാലിക്ക്, ട്രാൻസ്), ജയസൂര്യ (വെള്ളം, സണ്ണി), സുരാജ് വെഞ്ഞാറമൂട് (ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ), ടൊവിനോ തോമസ് (കിലോ മീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്), ഇന്ദ്രൻസ് (വേലു കാക്ക ഒപ്പ് 21) എന്നിവരാണ് മത്സരരംഗത്ത്. ഓറഞ്ച് മരങ്ങളുടെ വീട് എന്ന ചിത്രത്തില്‍ നെടുമുടി വേണുവും പി. ബാലചന്ദ്രനും മികച്ച പ്രകടമാണ് കാഴ്ചവെച്ചിരിക്കുന്നത്.

മികച്ച നടിമാരാകാനും കടുത്ത മത്സരം നിലനിൽക്കുന്നുണ്ട്. സുരഭി ലക്ഷ്മി– ജ്വാലാമുഖി, ശോഭന–വരനെ ആവശ്യമുണ്ട്, നിമിഷ സജയൻ ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, പാർവതി തിരുവോത്ത്–വർത്തമാനം, സംയുക്ത മേനോൻ– വെള്ളം, വൂൾഫ്, അന്ന ബെൻ- സാറാസ് എന്നിവരാണ് അവസാന റൗണ്ടിലുള്ളത്.

മഹേഷ് നാരായണൻ, സിദ്ധാർത്ഥ് ശിവ, ജിയോ ബേബി, അശോക് ആർ നാഥ്‌, സിദ്ദിഖ് പരവൂർ, ഡോൺ പാലത്തറ എന്നീ സംവിധായകരുടെ രണ്ട് വീതം ചിത്രങ്ങൾ മത്സര രംഗത്തുണ്ട്. മൂന്നു സീനിയർ സംവിധായകരും ഇത്തവണ മല്‍സരരംഗത്തുണ്ട്. ശ്യാമപ്രസാദ്. ചിത്രം കാസിമിന്റെ കടൽ. ഡോ.ബിജു ചിത്രം ഓറഞ്ച് മരങ്ങളുടെ വീട്. ഹരികുമാർ ചിത്രം– ജ്വാലാമുഖിഎന്നിവയാണ് അവ. 

Tags:    
News Summary - kerala state film award declaration today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.