ഗോത്രകലകളിൽ നിറഞ്ഞാടി; പത്തനംതിട്ട വടശ്ശേരിക്കര എം.ആർ.എസിനിത് അഭിമാനോത്സവം

തിരുവനന്തപുരം: തന്നാനെ, താനെ..താനെ.. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഗോത്രകലകളിൽ നിറഞ്ഞാടി പത്തനംതിട്ട വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്കൂളിന് സംസ്ഥാന കലോത്സവം അഭിമാനോത്സവമായി. 197 കുട്ടികൾ മാത്രമുള്ള ട്രൈബൽ സ്കൂളായ വടശ്ശേരികര എം.ആർ.എസിൽ നിന്ന് ഇക്കുറി 71​ പേരാണ് എ ഗ്രേഡ് കരസ്ഥമാക്കിയത്. സ്കൂളിന് സ്വപ്ന നേട്ടവുമായാണ് തിരുവനന്തപുരത്ത് നിന്ന് ഊരിന്റെ കുട്ടിപ്പട മടങ്ങിയത്. പ​ങ്കെടുത്ത എല്ലാ ഗ്രൂപ്പ് ഇനങ്ങളിലും ടീമിന് എ ഗ്രേഡ് ലഭിച്ചു. ഏഴിനങ്ങളിലായി 31 പോയന്റ് സമ്പാദിച്ചാണ് പട്ടികവർഗ വിഭാഗത്തിലെ കുട്ടികൾ മാത്രം പഠിക്കുന്ന സ്കൂൾ അഭിമാനനേട്ടം കരസ്ഥമാക്കിയത്. ഇരുള നൃത്തം ഹൈസ്കൂൾ, ഇരുള നൃത്തം ഹയർ സെക്കൻഡറി വിഭാഗം, പളിയ നൃത്തം എച്ച്.എസ്, പളിയ നൃത്തം ഹയർ സെക്കൻഡറി വിഭാഗം, പണിയനൃത്തം ഹയർസെക്കൻഡറി വിഭാഗം എന്നീ ഗോത്രകലകളിലെല്ലാം വടശ്ശേരിക്കര എം.ആർ.എസ് എ ഗ്രേഡ് നേടി തിളങ്ങിനിന്നു. കൂടാതെ നാടക മത്സരത്തിലും എ ​ഗ്രേഡ് നേടാൻ ടീമിനായി. പ്രകൃതി സംരക്ഷണത്തിന്റെ കഥ പറയുന്ന സൈറൺ എന്ന നാടകമാണ് കുട്ടികൾ അവതരിപ്പിച്ചത്.


ഊരിന്റെ മക്കൾ നിറഞ്ഞാടിയ ദിനങ്ങൾ

സമൂഹവുമായി ബന്ധപ്പെടാൻ താൽപര്യപ്പെടാത്ത വിവിധ ഗോത്ര വിഭാഗങ്ങളിൽപ്പെട്ട കുട്ടികളാണ് സ്കൂളിലുള്ളത്. ഇവർ ആയിരങ്ങൾ പ​ങ്കെടുക്കുന്ന സ്കൂൾ കലോത്സവത്തിൽ മത്സരിച്ച് മികച്ച പ്രകടനം നടത്തിയതിന് പിന്നിൽ അവിടെത്ത അധ്യാപകരുടെ വലിയ പങ്കുണ്ട്. തങ്ങളുടെ കുട്ടികൾ ഇങ്ങനെയൊരു കലോത്സവത്തിൽ പ​ങ്കെടുക്കുന്നു​ണ്ടോയെന്നും മാധ്യമങ്ങളിൽ വാർത്തകൾ വരുന്നു​ണ്ടോയെന്നുപോലും അറിയാത്ത രക്ഷിതാക്കളാണ് ഭൂരിഭാഗവുമെന്ന് അധ്യാപകർ പറയുന്നു. കേരളത്തിലെ നിരവധി പട്ടിക വർഗ വിഭാഗത്തിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. സ്കൂൾ കലോത്സവത്തിലെ ഗോത്ര കലകളിൽ ഇവരുടെ സ്കൂൾ തന്നെയാണ് മുന്നിലുള്ളത്. ഗോത്ര വിഭാഗത്തിലുള്ളവരായതിനാൽ പ​ങ്കെടുത്ത നൃത്തരൂപങ്ങൾ തനത് രൂപത്തിൽ അവതരിപ്പിക്കാൻ ഇവർക്കായിട്ടുണ്ട്. കൂടാതെ അവർ ഉപയോഗിച്ച വസ്ത്രങ്ങളും മറ്റു വസ്തുക്കളും കൈകൊണ്ട് തനത് രൂപത്തിൽ നിർമ്മിച്ചവയായിരുന്നു. ഇഞ്ച, പട്ടയില, മുരിക്ക് തണ്ട്, മുളംചീള് മാല, തൂവൽ, വട്ടച്ചെടി തണ്ട്, മുത്തുകൾ തുടങ്ങിയ വസ്​തുക്കളാണ് പളി നൃത്തത്തിന് അവർ ഉപയോഗിച്ചത്. ഇതുപോലെ തനത് രൂപത്തിൽ നിർമിച്ച വസ്തുക്കളുമായാണ് മറ്റു ഗോത്രകലകളിൽ ഇവർ പ​ങ്കെടുത്തത്.


സന്തോഷായി..പൊളിച്ചു

ഇത്രയും വലിയ കലോത്സവത്തിൽ പ​ങ്കെടുക്കാനായതിൽ തങ്ങൾക്ക് വലിയ സന്തോഷമുണ്ടെന്നും വലിയ അംഗീകാരമായെന്നും പളിയ നൃത്ത മത്സരാർഥിയായ നേവനാരായണൻ ‘മാധ്യമ’ത്തോട് പറഞ്ഞു. തങ്ങൾക്കിത് വലിയ അവസരമായിരുന്നുവെന്നും പരിശീലനം വലിയ പ്രയാസമില്ലായിരുന്നുവെന്നും സന്തോഷത്തോടെയാണ് എല്ലാ മത്സരങ്ങളിലും പ​ങ്കെടു​ത്തതെന്നുമാണ് വിദ്യാർഥിയായ മിഥുന് പറയാനുള്ളത്. അധ്യാപകരായ രഞ്ജിത്ത് കൃഷ്ണൻ, മുരളീധരൻപ്പിള്ള, സുരേഷ് കുമാർ എന്നിവരാണ് സ്കൂൾ ടീമിന്റെ കൺവീനർമാർ. കൂടാതെ മറ്റു അധ്യാപകരും എല്ലാ പിന്തുണയുമായി ഇവരുടെ കൂ​ടെ ഉണ്ടായിരുന്നു.

ബാന്റ് മേളത്തിൽ സങ്കടം ബാക്കി

അതേസമയം ഒരു വലയ സങ്കടം സ്കൂളിനെ എന്നും വേട്ടയാടും. ബാന്റ്മേളത്തിൽ സംസ്ഥാനതലത്തിൽ പ്രവേശനം കിട്ടിയെന്ന് ഉറപ്പിച്ച സന്തോഷത്തിനിടെ മത്സരഫലം മാറിമറിഞ്ഞ കഥയും ഇവർക്ക് പറയാനുണ്ട്. ബാന്റ്മേളത്തിൽ ജില്ലതലത്തിൽ ആദ്യം ഒന്നാംസ്ഥാനം ലഭിച്ചതായി അറിയിച്ചിരു​ന്നെങ്കിലും പിന്നീട് മറ്റൊരു ടീമിന് അവസരം നൽകിയത് സ്കൂളിന് വലിയ അതൃപ്തിയുണ്ട്. അപ്പീൽ നൽകേണ്ട ആവശ്യമില്ലെന്നും സംസ്ഥാനതലത്തിൽ പ​ങ്കെടുക്കാൻ അവസരം നൽകാമെന്നും കലോത്സവ കമ്മിറ്റി അറിയിച്ചിരുന്നെങ്കിലും പിന്നീട് വാക്ക് പാലിച്ചില്ല. മത്സരത്തിനായി വിലകൂടിയ വസ്ത്രങ്ങളടക്കം സംഘടിപ്പിച്ച് നിന്ന സ്കൂൾ അധികൃതർക്കും മത്സരാർഥികൾക്കും അത് തീരാവേദനയായി. ഇനി ഒരു സ്കൂളിനും ഈ ഗതി വരരുതെന്നാണ് അവരുടെ ആവശ്യം. എന്നാലും സംസ്ഥാനതലത്തിൽ മികച്ച നേട്ടം കരസ്ഥമാക്കി മടങ്ങുമ്പോൾ അവർക്ക് വരും വർഷത്തേക്കുള്ള വലിയ ഊർജമായി അത് മാറുമെന്ന് ഉറപ്പാണ്. 

Tags:    
News Summary - kerala state school kalolsavam-vadasserikkara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.