തൃശൂര്‍: എസ്.എഫ്.ഐ നേതൃത്വം നല്കുന്ന കോളജ് യൂനിയനുമായുള്ള അഭിപ്രായഭിന്നതകളെ തു ടര്‍ന്ന് കേരളവര്‍മ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എ.പി. ജയദേവന് രാജിവെച്ചു. എന്നാല്‍ രാജി സ്വീകരിക്കുന്നത് ആലോചിച്ച് മതിയെന്ന നിലപാടാണ് മാനേജ്മെൻറായ ദേവസ്വം ബോര്‍ഡ് അധികൃ തർ സ്വീകരിച്ചത്. രണ്ടാം വര്‍ഷ ബിരുദവിദ്യാർഥികളില്നിന്ന് ഫീസ് കൂടുതല്‍ വാങ്ങിയെന്നാണ് യൂനിയെൻറ ആരോപണം. എന്നാല്‍ പി.ടി.എയും സര്‍വകലാശാലയും നിശ്ചയിച്ച ഫീസ് നിരക്കാണ് ഈടാക്കിയതെന്ന് കോളജ് അധികൃതർ പറയുന്നു.
ഇതിന് പുറമേ ഒരു വിദ്യാർഥിക്ക് കോളജില്‍ പ്രവേശനം അനുവദിക്കാതിരുന്നതും എസ്.എഫ്.ഐ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മറ്റൊരു കോളജായ വിവേകാനന്ദയില്നിന്ന് ഒരു വിദ്യാര്‍ഥി കേരളവര്‍മയിലേക്ക് വരാന്‍ താൽപര്യം പ്രകടിപ്പിച്ചിരുന്നു. ഇത്തരത്തിലുള്ള സ്ഥലംമാറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിലപാടാണ് കോളജ് കൗണ്‍സില്‍ നേരത്തെ സ്വീകരിച്ചത്. വിവേകാനന്ദ കോളജില്‍ ബിരുദതലത്തില്‍ ഇംഗ്ലീഷ് ഐച്ഛിക വിഷയമായി പഠിക്കുന്ന വിദ്യാർഥിക്ക് ജേണലിസമാണ് ഉപവിഷയം.
കേരളവര്മയില് ഇംഗ്ലീഷ് ബിരുദത്തിന് ലോകചരിത്രവും ബ്രിട്ടീഷ് ചരിത്രവുമാണ് ഉപവിഷയങ്ങള്‍. ഇക്കാരണങ്ങളാലാണ് പ്രവേശനം നിഷേധിച്ചത്. ഒന്നാം വര്‍ഷ വിദ്യാർഥികളെ സ്വാഗതം ചെയ്യുന്നതിനായി എസ്.എഫ്.ഐ സ്ഥാപിച്ച ബോര്‍ഡുകള്‍ വിവാദമായതിനെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഇടപെട്ട് നീക്കം ചെയ്യിച്ചിരുന്നു. മൂന്ന് എസ്.എഫ്.ഐ വിദ്യാർഥികളുടെ അറസ്റ്റും തുടര്‍ന്നുണ്ടായി. ഇത് എസ്.എഫ്.ഐയെ ചൊടിപ്പിച്ചിരുന്നു. തുടര്‍ച്ചയായി എസ്.എഫ്.ഐയെ അപമാനിക്കുന്ന പ്രിന്‍സിപ്പല്‍ മാപ്പു പറയണമെന്നായിരുന്നു അവരുടെ ആവശ്യം. എന്നാൽ, എസ്.എഫ്.ഐ നേതൃത്വവുമായി രമ്യതയിൽ പോകണമെന്ന ഉപദേശമാണ് പ്രിന്‍സിപ്പലിന് കൊച്ചിന് ദേവസ്വം ബോര്‍ഡില്‍നിന്ന് ലഭിച്ചത്. ഇടതുപക്ഷ അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയിലും ഡോ. ജയദേവന് ഒറ്റപ്പെട്ട നിലയിലായിരുന്നു. ഇതാണ് പെട്ടെന്നുള്ള രാജി തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.