കൊച്ചി: കേരള സർവകലാശാല വൈസ് ചാൻസലറെ തെരഞ്ഞെടുക്കാനുള്ള സർച് കമ്മിറ്റിയിലേക്കുള്ള സെനറ്റ് പ്രതിനിധിയെ ഒരു മാസത്തിനകം നിർദേശിക്കണമെന്നും അല്ലാത്തപക്ഷം ചാൻസലറായ ഗവർണർക്ക് നടപടികൾ സ്വീകരിക്കാമെന്നുമുള്ള സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈകോടതി സ്റ്റേ ചെയ്തു. സർച് കമ്മിറ്റിയിലേക്ക് നോമിനിയെ നിർദേശിക്കുന്നില്ലെങ്കിൽ സെനറ്റ് പിരിച്ചുവിടാൻ നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് സെനറ്റ് അംഗം എസ്. ജയറാം നൽകിയ ഹരജിയിലെ ഉത്തരവാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്.
യു.ജി.സി, ചാൻസലർ, സെനറ്റ് എന്നിവയുടെ പ്രതിനിധികളെ ഉൾപ്പെടുത്തി മാത്രമേ സർച് കമ്മിറ്റിക്ക് രൂപം നൽകാനാകൂ എന്നതിനാൽ സെനറ്റ് പ്രതിനിധിയില്ലാതെ രണ്ടംഗങ്ങളെ മാത്രം ഉൾപ്പെടുത്തി ചാൻസലർ പുറപ്പെടുവിച്ച വിജ്ഞാപനം താൽക്കാലികമാണെന്ന് വിലയിരുത്തിയായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. ഒരു മാസത്തിനകം പ്രതിനിധിയെ സെനറ്റ് നാമനിർദേശം ചെയ്തില്ലെങ്കിൽ യു.ജി.സി, സർവകലാശാല നിയമങ്ങൾ പാലിച്ച് ചാൻസലർക്ക് നടപടിയെടുക്കാമെന്നായിരുന്നു ഉത്തരവ്. ഇത് നിയമവിരുദ്ധമാണെന്ന് കാട്ടി രണ്ട് സെനറ്റ് അംഗങ്ങൾ നൽകിയ അപ്പീൽ ഹരജിയാണ് ബെഞ്ച് പരിഗണിച്ചത്.
സർച് കമ്മിറ്റിയുമായി ബന്ധപ്പെട്ട് യു.ജി.സി, സർവകലാശാല നിയമങ്ങൾ തമ്മിൽ പൊരുത്തമില്ലെന്ന് നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് സിംഗിൾ ബെഞ്ച് വിധിയെന്നാണ് അപ്പീലിൽ പറയുന്നത്. യു.ജി.സി ചട്ടപ്രകാരം സർച് കമ്മിറ്റിയെ നിയമിക്കാമെന്ന് നിരീക്ഷിച്ച സിംഗിൾബെഞ്ച്, ചാൻസലർക്ക് ഇതിന് അധികാരമുണ്ടെന്നും വിലയിരുത്തിയിരുന്നു. എന്നാൽ, ചട്ടം വിശദമായി പ്രതിപാദിക്കാതെയാണ് ഉത്തരവ്. ചാൻസലർക്ക് സർച് കമ്മിറ്റിയിലേക്ക് പ്രതിനിധിയെയോ കൺവീനറെയോ നിയമിക്കാനോ സർച് കമ്മിറ്റി രൂപവത്കരിക്കാനോ അധികാരമില്ല. സർച് കമ്മിറ്റിയുടെ ശിപാർശപ്രകാരം വി.സി നിയമനം നടത്തുകയെന്നതാണ് ചാൻസലറുടെ അധികാരം. യു.ജി.സി ചട്ടപ്രകാരം സർച് കമ്മിറ്റിയെ രൂപവത്കരിക്കാനുള്ള സെനറ്റിന്റെ അധികാരത്തെ മറികടക്കുന്നതാണ് സിംഗിൾ ബെഞ്ച് ഉത്തരവെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു
സാങ്കേതിക സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിന് സമാനമാണ് ഈ ഹരജിയുമെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. സർച് കമ്മിറ്റിയിലേക്ക് ഗവർണറുടെ പ്രതിനിധിയെ നിർദേശിക്കാൻ അധികാരമില്ലെന്ന് നിരീക്ഷിച്ച്, ചാൻസലറും യു.ജി.സിയും സർവകലാശാലയും രണ്ടോ മൂന്നോ മാസത്തിനകം പ്രതിനിധികളെ നാമനിർദേശം ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് നേരത്തേ ഇതേ ബെഞ്ച് സ്റ്റേ ചെയ്തിരുന്നു. ഏറക്കുറെ സമാന വസ്തുതയും സാഹചര്യവുമാണ് ഈ കേസിനുമുള്ളത്. അപ്പീൽ ഹരജി ഫയലിൽ സ്വീകരിച്ച കോടതി, സാങ്കേതിക സർവകലാശാലയുമായി ബന്ധപ്പെട്ട് സർക്കാർ അപ്പീലിനൊപ്പം ഇതും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.