തിരുവനന്തപുരം: ജല അതോറിറ്റിയിൽ ഡയറക്ടർ ബോർഡ് യോഗം ചേർന്നിട്ട് മൂന്ന് മാസം. സ്ഥാപനവുമായി ബന്ധപ്പെട്ട മുഖ്യ വിഷയങ്ങളെല്ലാം ചർച്ചചെയ്ത് തീരുമാനമെടുക്കേണ്ട ഡയറക്ടർ ബോർഡ് ആഗസ്റ്റ് 12നാണ് ഒടുവിൽ ചേർന്നത്. അതിനുശേഷം രണ്ടുതവണ യോഗം ചേരാൻ തീയതി നിശ്ചയിച്ചെങ്കിലും മാറ്റുകയായിരുന്നു.
അതേസമയം ജൽജീവൻ മിഷനുവേണ്ടി 12,000 കോടി കടമെടുക്കാൻ അനുമതി തേടി ജല അതോറിറ്റി സർക്കാറിന് കത്ത് നൽകിയത് വിവാദമായ പശ്ചാത്തലത്തിലാണ് യോഗം ചേരാൻ വൈകുന്നതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
സ്ഥാപനത്തെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന കടമെടുപ്പ് നീക്കം ബോർഡ് അറിയാതെയായിരുന്നു. ഹഡ്കോ, എൽ.ഐ.സി, നബാർഡ് ഏജൻസികളിൽ നിന്നായി 12,000 കോടി കടമെടുക്കാൻ അനുമതി തേടി ഒക്ടോബർ 10നാണ് ജലവിഭവ അഡീഷനൽ ചീഫ് സെക്രട്ടറിക്ക് ജല അതോറിറ്റി എം.ഡി കത്ത് നൽകിയത്.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി അഡീഷനൽ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗങ്ങളുടെ തുടർച്ചയായിരുന്നു കത്ത്. എന്നാൽ ഡയറക്ടർ ബോർഡ് അംഗങ്ങളടക്കം ഇക്കാര്യം അറിഞ്ഞിരുന്നില്ല. കത്ത് പുറത്തുവന്നതോടെ വലിയ പ്രതിഷേധം ജല അതോറിറ്റി ജീവനക്കാരുടെ സംഘടനകളിൽ നിന്നുണ്ടായി. ജല അതോറിറ്റി ആസ്ഥാനത്തടക്കം പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചെങ്കിലും അധികൃതർ പ്രതികരിച്ചില്ല. ജല അതോറിറ്റി എം.ഡിക്കൊപ്പം ജലവിഭവ മന്ത്രാലയവും മൗനം തുടരുകയാണ്. എന്നാൽ ഡയറക്ടർ ബോർഡിൽ കടമെടുപ്പ് നീക്കത്തിനെതിരെ വലിയ പ്രതിഷേധം ഉയരാനാണ് സാധ്യത.
വരവും ചെലവും തമ്മിൽ നിലനിൽക്കുന്ന അന്തരം 12,000 കോടിയുടെ കടമെടുപ്പോടെ വലിയ തോതിൽ വർധിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. പ്ലാൻ ഫണ്ട് നൽകാതെ ജല അതോറിറ്റിയെ ശ്വാസം മുട്ടിക്കുന്ന സർക്കാർ, ജൽജീവൻ മിഷന്റെ ഭാരംകൂടി അടിച്ചേൽപിക്കാൻ ശ്രമിക്കുന്നതിലെ വിയോജിപ്പ് ബോർഡ് യോഗത്തിൽ ഉയർന്നേക്കും.
എ.ഡി.ബി സഹായത്തോടെയുള്ള കുടിവെള്ള പദ്ധതി കരാറടക്കം ജല അതോറിറ്റിയിലെ സുപ്രധാന തീരുമാനങ്ങളെല്ലാം ചില ഉദ്യോഗസ്ഥരിൽ മാത്രമായി കേന്ദ്രീകരിക്കുന്ന സാഹചര്യമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.