വാട്ടര്‍ അതോറിറ്റി: ഉദ്യോഗസ്ഥ, കരാര്‍ മാഫിയക്ക് മൂക്കുകയറിടാന്‍ ‘ബ്ളൂ ബ്രിഗേഡ് ടീം’

തിരുവനന്തപുരം: കുടിവെള്ള കണക്ഷന്‍െറ പേരില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥ, കരാര്‍ മാഫിയക്ക് മൂക്കുകയര്‍ വീഴുന്നു. ഇതിന്‍െറ ആദ്യപടിയായി കേരള വാട്ടര്‍ അതോറിറ്റിയില്‍ ‘ബ്ളൂ ബ്രിഗേഡ് ടീം’ പ്രവര്‍ത്തനസജ്ജമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പൈപ്പ് ലൈന്‍ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്ക് കരാറുകാരെയോ സെക്ഷന്‍ ഓഫിസ് അധികൃതരെയോ ആശ്രയിക്കാതെ കേന്ദ്രീകൃത സംവിധാനത്തിലൂടെ പ്രശ്നപരിഹാരം കാണാനാണ് പദ്ധതി വിഭാവനംചെയ്യുന്നത്.

വാട്ടര്‍ അതോറിറ്റിയുടെ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെട്ടാല്‍ പ്രത്യേകമായി സജ്ജീകരിച്ച വാഹനത്തില്‍ ഓവര്‍സിയര്‍മാര്‍ വീട്ടിലത്തെി അറ്റകുറ്റപ്പണി നടത്തും. ഇതിന് പ്രത്യേക ഫീസ് ഈടാക്കില്ല. അറ്റകുറ്റപ്പണിയുടെ സ്വഭാവമനുസരിച്ച് സര്‍ക്കാര്‍ നിശ്ചയിച്ച തുക ചേര്‍ത്താകും അടുത്തമാസത്തെ കുടിവെള്ള ബില്‍ തയാറാക്കുക. ബില്ലില്‍ പറയുന്ന തുക മാത്രം ഉപഭോക്താവ് നല്‍കിയാല്‍ മതിയാകും.

തകരാറുകള്‍ നിശ്ചിതസമയത്തിനുള്ളില്‍ സര്‍ക്കാര്‍ നിരക്കില്‍ പൂര്‍ത്തിയാക്കാനാകും എന്നതാണ് പദ്ധതിയുടെ മേന്മ. പരീക്ഷണാടിസ്ഥാനത്തില്‍ തിരുവനന്തപുരം ഡിവിഷന് കീഴിലെ അഞ്ച് സബ്ഡിവിഷനുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ സബ്ഡിവിഷന് കീഴിലും രണ്ട് സെക്ഷന്‍ ഓഫിസുകളാണുള്ളത്. ഇവിടങ്ങളില്‍ ‘ബ്ളൂ ബ്രിഗേഡ് ടീമിന്’ 10 വാഹനങ്ങള്‍ വാങ്ങാന്‍ ടെന്‍ഡര്‍ നടപടി ആരംഭിച്ചു. പദ്ധതി വിജയകരമായാല്‍ സംസ്ഥാനതലത്തില്‍ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍, കുടിവെള്ള കണക്ഷന്‍ എടുക്കാനും അറ്റകുറ്റപ്പണികള്‍ക്കും സെക്ഷന്‍ ഓഫിസുകളെയാണ് സമീപിക്കേണ്ടത്. ഇവിടെയത്തെുന്ന ഉപഭോക്താക്കളെ ഉദ്യോഗസ്ഥര്‍ ലൈസന്‍സ്ഡ് കരാര്‍ പ്ളംബര്‍മാരുടെ അടുത്തേക്ക് പറഞ്ഞയക്കും. ഇവര്‍ നിശ്ചയിക്കുന്ന ഭീമമായ തുക ഒടുക്കിയാല്‍ മാത്രമേ സേവനം ലഭ്യമാകൂ.

ജനത്തെ കൊള്ളയടിക്കുന്ന ഉദ്യോഗസ്ഥ, കരാര്‍ മാഫിയക്കെതിരെ ആക്ഷേപം ശക്തമായതോടെ പുതിയ കണക്ഷന് നേരിട്ട് അപേക്ഷ നല്‍കാനും ഏകീകൃത നിരക്ക് കൊണ്ടുവരാനും മുന്‍മന്ത്രി പി.ജെ. ജോസഫ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍, മന്ത്രിയുടെ നിര്‍ദേശം കാറ്റില്‍പറത്തിയ ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ഒത്തുകളിച്ച് തീവെട്ടിക്കൊള്ള തുടര്‍ന്നു. ഇതിനെതിരെ പ്രതികരിച്ച ഉദ്യോഗസ്ഥനുനേരെ വധശ്രമം പോലുമുണ്ടായി. ഈ സാഹചര്യത്തിലാണ് കരാറുകാര്‍ക്ക് മൂക്കുകയറിടാന്‍ മന്ത്രി മാത്യു ടി. തോമസ് തീരുമാനിച്ചത്. അറ്റകുറ്റപ്പണികളില്‍ കരാറുകാരെ ഒഴിവാക്കാനാണ് ആദ്യതീരുമാനം. പുതിയ കണക്ഷന്‍െറ കാര്യത്തിലും ഇത് നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനമെന്നറിയുന്നു.

Tags:    
News Summary - kerala water authority

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.