കൊല്ലേങ്കാട് (പാലക്കാട്): നെന്മാറ അയിലൂരിൽ യുവതിയെ പത്തുവര്‍ഷം യുവാവ് വീട്ടില്‍ ആരുമറിയാതെ താമസിപ്പിച്ച സംഭവത്തിൽ ഇടപെട്ട് സംസ്ഥാന യുവജന കമീഷനും. സംഭവത്തിൽ അസ്വാഭാവികതയുണ്ടെന്ന ആക്ഷേപത്തെ തുടർന്നാണ് നടപടി. യുവജന കമീഷൻ അംഗം അഡ്വ. ടി. മഹേഷ് ശനിയാഴ്ച നെന്മാറ വിത്തനശ്ശേരിയിലെ വീട്ടിലെത്തി റഹ്മാെൻറയും സജിതയുടെയും മൊഴി രേഖപ്പെടുത്തി. അയിലൂരിലെ കാരക്കാട്ടുപറമ്പിലെ റഹ്മാെൻറ വീട്ടിലെത്തി മാതാപിതാക്കളോടും സംസാരിച്ചു.
റഹ്മാനും സജിതയും മൊഴികളിൽ ഉറച്ചുനിൽക്കുകയാണ്. എന്നാൽ, വീട്ടിൽ സജിത താമസിച്ചിരുന്നില്ലെന്നാണ് റഹ്മാെൻറ മാതാപിതാക്കൾ യുവജന കമീഷനോടും പറഞ്ഞത്. സജിതയെ താമസിപ്പിച്ചെന്ന് പറയുന്ന മുറിയും കമീഷൻ പരിശോധിച്ചു. എതെങ്കിലും തരത്തിലുള്ള പൗരാവകാശ ലംഘനമുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കാൻ, പൊലീസ് വിശദ അന്വേഷണം നടത്തണമെന്ന് അഡ്വ. ടി. മഹേഷ് പറഞ്ഞു. ഏഴ് ദിവസത്തിനകം സമഗ്ര റിപ്പോർട്ട് നൽകാൻ ജില്ല പൊലീസ് സൂപ്രണ്ടിനോട് കമീഷൻ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം വനിത കമീഷൻ സംഭവത്തിൽ കേസെടുത്തിരുന്നു. കമീഷന് അംഗം അഡ്വ. ഷിജി ശിവജി തിങ്കളാഴ്ച സജിതയുടെ മൊഴി രേഖപ്പെടുത്തും.
വനിത കമീഷൻ ആവശ്യപ്പെട്ടത് പ്രകാരം രണ്ട് ദിവസത്തിനകം റിപ്പോർട്ട് നൽകുെമന്ന് നെന്മാറ പൊലീസ് അറിയിച്ചു. യുവതി മുറിക്കുള്ളില്‍ പുറംലോകവുമായി ബന്ധമില്ലാതെയും ആരുമറിയാതെയും പത്തുവർഷം കഴിഞ്ഞെന്ന വാര്‍ത്ത അവിശ്വസനീയവും യുക്തിക്ക് നിരക്കാത്തതുമാണെന്ന് കമീഷൻ അംഗം ഷിജി ശിവജി പറഞ്ഞു. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ റഹ്മാനെതിരെ നിയമനടപടി വേണ്ട തരത്തില്‍ കടുത്ത മനുഷ്യാവകാശ ലംഘനമാണെന്നും കമീഷന് വിലയിരുത്തി. കാമുകിയായ സജിതയെ, റഹ്മാൻ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവം, കഴിഞ്ഞാഴ്ചയാണ് പുറംലോകമറിഞ്ഞത്. കുടുംബവീട് വിട്ട് മൂന്നുമാസം മുമ്പ് ഇരുവരും വാടകവീടെടുത്ത് താമസം തുടങ്ങിയതോടെ, നെന്മാറ പൊലീസ് കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.