കോഴിക്കോട്: സ്വാതന്ത്ര്യ സമര രക്തസാക്ഷി പട്ടികയിൽനിന്ന് മലബാർ സമര പോരാളികളെ പുറത്താക്കാൻ നടപടികൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നതിനിടെ തത്കാലം രക്ഷപ്പെട്ട് പുന്നപ്ര വയലാർ, കയ്യൂർ, കരിവെള്ളൂർ, കാവുമ്പായി സമര രക്തസാക്ഷികൾ. ഇവിടെ രക്തസാക്ഷിത്വം വരിച്ചവരെ നിഘണ്ടുവിൽ നിലനിർത്താൻ ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക് റിസർച്ച് മൂന്നംഗ പാനൽ തീരുമാനിച്ചതായി 'ദ ഹിന്ദു' റിപ്പോർട്ട് പറയുന്നു.
'രക്തസാക്ഷികളുടെ നിഘണ്ടു: ഇന്ത്യൻ സ്വാതന്ത്ര്യ സമരം' അഞ്ചാം വാള്യത്തിലെ പേരുകൾ പുനഃപരിശോധിക്കാനായി നിയമിച്ച പാനലാണ് മലബാർ സമര നായകരുടെ പേര് വെട്ടാൻ ശിപാർശ ചെയ്തത്. ആന്ധ്ര പ്രദേശ്, തെലങ്കാന, കർണാടക, തമിഴ്നാട്, കേരള സംസ്ഥാനങ്ങളിലെ സമര രക്തസാക്ഷികളുടെ പേരാണ് പട്ടികയിലുള്ളത്.
1921ലെ മലബാർ സമരവും കമ്യൂണിസ്റ്റ് സമരങ്ങളും സ്വാതന്ത്ര്യ സമരങ്ങളല്ലെന്നും അവയിൽ വീരമൃത്യു വരിച്ചവരെ രക്തസാക്ഷികളുടെ പട്ടികയിൽ ഉൾപെടുത്താനാകില്ലെന്നും അടുത്തിടെ സംഘ്പരിവാർ വ്യാപകമായി വിമർശനമുന്നയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവിഭാഗത്തെയും ഉൾപ്പെടുത്തണോ വേണ്ടയോ എന്ന് പരിശോധിക്കാൻ മൂന്നംഗ പാനലിനെ വെച്ചത്. ഇതുവരെയും നിഘണ്ടുവിലുണ്ടായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ എന്നിവരടക്കം 387 മാപ്പിള രക്തസാക്ഷികളുടെ പേരുകൾ വെട്ടാൻ സമിതി ശിപാർശ ചെയ്തപ്പോൾ കമ്യൂണിസ്റ്റ് രക്തസാക്ഷികളെ തത്കാലം വിടുകയായിരുന്നു. 1921ലെ മലബാർ സമരവുമായി ബന്ധപ്പെട്ട പേരുകൾ പൂർണമായി നീക്കും. മറ്റുള്ളവ പൂർണമായി നിലനിർത്തുകയും ചെയ്യുമെന്ന് ഐ.സി.എച്ച്.ആർ വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.