കേരളത്തിന്റെ ' ലിറ്റില്‍ കൈറ്റ്സ് ' ഇനി യൂറോപ്പിലും

കേരളത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിലെ കൈറ്റിന്റെ 'ലിറ്റിൽ കൈറ്റ്സ്' പദ്ധതി നടപ്പാക്കാൻ താല്പര്യം പ്രകടിപ്പിച്ച് ഫിൻലൻഡ്. ഇതിനുള്ള സാങ്കേതിക സഹായം കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എജുക്കേഷന്‍ (കൈറ്റ്) നൽകും. ഇക്കാര്യത്തിൽ പ്രത്യേക വർക്കിങ് ഗ്രൂപ്പ് രൂപവത്കരിക്കാനും തീരുമാനമായി.

ഫിൻലൻഡ് വിദ്യാഭ്യാസ വകുപ്പുമായി കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ്, പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ ഡോ. വി.കെ. രാമചന്ദ്രൻ, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് തുടങ്ങിയവരുടെ നേതൃത്വത്തിൽ ഹെൽസിങ്കിയിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം.

ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐ.ടി ശൃംഖലയാണ് 2000 സ്കൂളുകളിലായി 1.7 ലക്ഷം വിദ്യാർഥികൾ അംഗങ്ങളായുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബുകൾ. വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ ഡിജിറ്റൽ വിപ്ലവം ഒരിക്കൽ കൂടി ആഗോള ശ്രദ്ധ നേടുന്നതിൽ പങ്കാളികളായ എല്ലാവരെയും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു.

പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ അധിഷ്ഠിതമായ ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മറ്റു സംസ്ഥാനങ്ങൾക്കും രാജ്യങ്ങൾക്കും കൺസൽട്ടന്‍സി നൽകാൻ കൈറ്റ് സജ്ജമാണെന്ന് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു.

ഇലക്ട്രോണിക്സ്, അനിമേഷന്‍, ഹാര്‍ഡ്‍‍വെയര്‍, സൈബര്‍ സുരക്ഷ തുടങ്ങിയ വിവിധ മേഖലകളില്‍ പരിശീലനം ലിറ്റില്‍ കൈറ്റ്സ് യൂനിറ്റിലെ ഓരോ കുട്ടിക്കും ലഭിക്കും. ഇത്തരത്തില്‍ പരിശീലനം ലഭിച്ച അംഗങ്ങളാണ് ഈ വര്‍ഷം നാലു ലക്ഷം രക്ഷിതാക്കള്‍ക്ക് സൈബര്‍ സുരക്ഷ പരിശീലനം നല്‍കിയത്. 9000 റോബോട്ടിക് കിറ്റുകള്‍ ഈ വര്‍ഷം സ്കൂളുകളില്‍ വിന്യസിക്കുന്നതും 'ലിറ്റില്‍ കൈറ്റ്സ്' ക്ലബുകളിലൂടെയാണ്. 2018 ജനുവരിയില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഹൈടെക് സ്കൂള്‍ പദ്ധതികളുടെ ഭാഗമായ 'ലിറ്റില്‍ കൈറ്റ്സ്' ക്ലബുകള്‍ ഉദ്ഘാടനം ചെയ്തത്.

Tags:    
News Summary - Kerala's 'Little Kites' is now in Europe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.