‘കേരളീയം ധൂര്‍ത്ത്'; ഉച്ചഭക്ഷണവും പെൻഷനും മുടങ്ങുമ്പോഴും സര്‍ക്കാര്‍ മനസാക്ഷിയില്ലാതെ കോടികള്‍ ചെലവിടുന്നുവെന്ന് വി.ഡി. സതീശൻ

കൊച്ചി: കേരളീയം എന്ന പേരില്‍ നടക്കുന്നത് ധൂര്‍ത്താണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു മനസാക്ഷിയും ഇല്ലാതെയാണ് തിരുവനന്തപുരം നഗരത്തില്‍ കോടിക്കണക്കിന് രൂപ ചെലവാക്കുന്നത്. സര്‍ക്കാരെത്തി നില്‍ക്കുന്ന സാഹചര്യത്തെ കുറിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ഭരണനേതൃത്വത്തിനും യാതൊരു പിടിയുമില്ലെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തിലെ ഏറ്റവും വലിയ കടക്കെണിയില്‍ ഈ സര്‍ക്കാര്‍ കേരളത്തെ എത്തിച്ചിരിക്കുകയാണ്. എല്ലാ വകുപ്പുകളിലും കോടികളുടെ കടബാധ്യതയാണ്. പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും മാത്രം 40000 കോടിയുടെ കടമാണ് സര്‍ക്കാരിനുള്ളത്. ആറ് ഡി.എയും ശമ്പള പരിഷ്‌ക്കരണ കുടിശികയും നല്‍കാനുണ്ട്. പെന്‍ഷന്‍ പരിഷ്‌കരണ കുടിശിക കിട്ടാതെ ഒരു ലക്ഷത്തോളം പെന്‍ഷന്‍കാര്‍ മരിച്ചു. മാസങ്ങളായി സാമൂഹിക സുരക്ഷാ പെന്‍ഷന്‍ മുടങ്ങി.

കുട്ടികളുടെ ഉച്ചഭക്ഷണത്തിന് പണം നല്‍കാനില്ല. കടബാധ്യത ഭയന്ന് അഞ്ഞൂറോളം അധ്യാപകരാണ് സ്ഥാനക്കയറ്റം വേണ്ടെന്ന് എഴുതി നല്‍കിയത്. കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളമോ മൂന്ന് മാസമായി പെന്‍ഷനോ നല്‍കിയിട്ടില്ല. മരുന്ന് പോലും വാങ്ങാനാകാത്ത അവസ്ഥയില്‍ പെന്‍ഷന്‍കാര്‍ കഷ്ടപ്പെടുകയാണ്. 1500 കോടിയോളം രൂപ കുടിശിക വരുത്തിയതിനാല്‍ സപ്ലൈകോയില്‍ വിതരണക്കാര്‍ ആരും രണ്ട് മാസമായി ഇ ടെന്‍ഡറില്‍ പങ്കെടുക്കുന്നില്ല. അഞ്ച് മാസമായിട്ടും നെല്ല് സംഭരണത്തിന്റെ പണം വിതരണം ചെയ്തില്ല.

കോവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്ത പണം ഇതുവരെ നല്‍കിയിട്ടില്ല. മൂവായിരം കോടിയിലധികം രൂപയുടെ ബാധ്യതയിലെത്തി നില്‍ക്കുകയാണ് സപ്ലൈകോ. അഴിമതിയുടെ കേന്ദ്രമായി കെ.എസ്.ഇ.ബി മാറി. 1957 മുതല്‍ 2016 വരെ കെ.എസ്.ഇ.ബിയുടെ കടം 1,083 കോടിയായിരുന്നു. എന്നാല്‍ കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് 40,000 കോടിയുടെ ബാധ്യതയുണ്ടായി. ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ഒപ്പുവച്ച പവര്‍ പര്‍ച്ചേസ് കരാര്‍ ഈ സര്‍ക്കാര്‍ റദ്ദാക്കിയതോടെ 1,500 കോടിയോളം രൂപയുടെ നഷ്ടമാണ് സംസ്ഥാനത്തിനുണ്ടായിക്കൊണ്ടിരിക്കുന്നത്. പുരപ്പുറ സോളാര്‍ പദ്ധതിയിലും 50,000 കോടിയോളം രൂപയുടെ നഷ്ടം ബോര്‍ഡിനുണ്ടായി. ഇതിനു പിന്നാലെ വീണ്ടും വൈദ്യുത ചാര്‍ജ് വര്‍ധനയ്ക്ക് വേണ്ടി ഗൂഡാലോചന നടത്തിക്കൊണ്ടിരിക്കുകയാണ്.

കെട്ടിട നിര്‍മാണ ക്ഷേമനിധി ബോര്‍ഡ് പൂര്‍ണമായും തകര്‍ന്നു. ആഗസ്റ്റില്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കേണ്ട രണ്ടാം ഗഡു മൂന്ന് മാസം കഴിഞ്ഞിട്ടും നല്‍കിയില്ല. ലൈഫ് മിഷന് വകയിരുത്തിയ 717 കോടിയില്‍ ഏഴ് മാസം കൊണ്ട് നല്‍കിയത് 17 കോടി മാത്രമാണ്. കേരളീയത്തിന് വേണ്ടി 27 കോടി നല്‍കാന്‍ ശേഷിയുള്ള സര്‍ക്കാര്‍ പാവങ്ങള്‍ക്ക് വീട് നിര്‍മിക്കാനുള്ള ലൈഫ് പദ്ധതിക്ക് വേണ്ടി 2.5 ശതമാനം പണം മാത്രമാണ് നല്‍കിയത്. ഗുണഭോക്തൃ പട്ടികയില്‍ ഒമ്പത് ലക്ഷം പേര്‍ വീടിന് വേണ്ടി കാത്തിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ധൂര്‍ത്ത്.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കും പണം നല്‍കുന്നില്ല. കാരുണ്യ പദ്ധതിയില്‍ സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍ക്ക് കോടികളാണ് നല്‍കാനുള്ളത്. ഒരു ആശുപത്രിയും ഇപ്പോള്‍ കാരുണ്യ കാര്‍ഡുകള്‍ സ്വീകരിക്കുന്നില്ല. കരുവന്നൂര്‍, കണ്ടല ബാങ്കുകള്‍ തകര്‍ത്തു. ‘നിക്ഷേപകരെ സംരക്ഷിക്കൂ, കൊള്ളക്കാരെ തുറങ്കിലടയ്ക്കൂ’ എന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍, കൊള്ളക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ഡെപ്പോസിറ്റ് ഗ്യാരണ്ടി സ്‌കീമില്‍ നിന്നും പണം അനുവദിച്ച് നിക്ഷേപകരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.

അഞ്ച് ലക്ഷത്തിന് മുകളിലുള്ള ചെക്കുകള്‍ ട്രഷറിയില്‍ മാറില്ല. അതിന് താഴെയുള്ള ചെക്കുകള്‍ക്കും പണം നല്‍കുന്നില്ല. പൊലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നിറയ്ക്കാന്‍ 28 കോടി നല്‍കണമെന്നാണ് പൊലീസ് മേധാവി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പല സ്റ്റേഷനുകളിലും പൊലീസ് വാഹനങ്ങള്‍ ഓടുന്നില്ല.

ഭയാനകമായ ധനപ്രതിസന്ധി നിലനില്‍ക്കുന്ന സംസ്ഥാനത്താണ് മുഖ്യമന്ത്രിയും മന്ത്രിമാരും കേരളീയം ആഘോഷിക്കുന്നത്. ഇതാണോ സര്‍ക്കാരിന്റെ മുന്‍ഗണന? തിരുവനന്തപുരം നഗരത്തില്‍ വൈദ്യുതാലങ്കാരം നടത്തി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ബോര്‍ഡുകള്‍ സ്ഥാപിച്ച്, പണം മുടക്കി പുറത്ത് നിന്ന് ആളുകളെ എത്തിച്ചാല്‍ അവര്‍ പിന്നീട് കേരളത്തെ കുറിച്ച് പുകഴ്ത്തിപ്പറയുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇതാണോ കേരളീയത്തിന്റെ ഉദ്ദേശ്യം? ഇത് നടത്തേണ്ട സമയമാണോ ഇത്? ഇതാണോ ജനസദസില്‍ പോയി മുഖ്യമന്ത്രിയും മന്ത്രിമാരും പറയാന്‍ പോകുന്നത്?

പെന്‍ഷനോ കുട്ടികളുടെ ഉച്ചഭക്ഷണത്തിനുള്ള പണമോ നല്‍കാതെ, എല്ലാ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചാണ് കേരളീയം ആഘോഷിക്കുന്നത്. 'നിങ്ങള്‍ക്കൊപ്പം ഞാനും' എന്നാണ് മുഖ്യമന്ത്രിയുടെ ചിത്രത്തിന് അടിയില്‍ എഴുതിവച്ചിരിക്കുന്നത്. നാല്‍പ്പതിലധികം സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയിലും ആയിരം പൊലീസുകാരുടെ സുരക്ഷയിലും സഞ്ചരിക്കുന്ന മുഖ്യമന്ത്രി എങ്ങനെയാണ് പാവങ്ങള്‍ക്കും സാധാരണക്കാര്‍ക്കും ഒപ്പമാകുന്നത്. ഇതൊക്കെ ബോര്‍ഡില്‍ എഴുതി വയ്ക്കാന്‍ കൊള്ളാം. വന്ദേഭാരതില്‍ യാത്ര ചെയ്തപ്പോള്‍ കണ്ണൂര്‍ മുതല്‍ എറണാകുളം വരെ റെയില്‍വെ ട്രാക്കില്‍ പൊലീസിനെ നിര്‍ത്തിയ മുഖ്യമന്ത്രിയാണ് ഞാന്‍ നിങ്ങളോടൊപ്പമാണെന്ന് പറയുന്നത്.

സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുകയാണ്. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ വഴി കാലാവധി കഴിഞ്ഞ മരുന്നുകള്‍ വിതരണം ചെയ്തത് ഉള്‍പ്പെടെയുള്ള ആറ് ഗുരുതര അഴിമതി ആരോപങ്ങള്‍ ഉന്നയിച്ചിട്ടും സര്‍ക്കാരിന് മറുപടിയില്ല. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സര്‍ക്കാരാണിത്. അഴിമതിയും ഭരണകെടുകാര്യസ്ഥതയുമാണ് ഈ സര്‍ക്കാരിന്റെ മുഖമുദ്ര. കേരളപ്പിറവി ദിനത്തില്‍ ഈ രണ്ട് തൂവലുകളാണ് പ്രതിപക്ഷം സര്‍ക്കാരിന്റെ അഴിമതിക്കിരീടത്തില്‍ അണിയിക്കുന്നത്.

ലാവലിന്‍ കേസ് അടുത്ത തവണ പരിഗണിക്കുമ്പോഴും സി.ബി.ഐ വക്കീലിന് പനിയായിരിക്കും. സംഘപരിവാര്‍ സി.പി.എം നേതൃത്വങ്ങള്‍ തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജന്‍സികളൊന്നും കേസെടുക്കാത്തതും സുരേന്ദ്രന്‍ കാസര്‍കോട് കോടതിയില്‍ ഹാജരായപ്പോള്‍ പ്രോസിക്യൂട്ടര്‍ മിണ്ടാതെ നിന്നതും കുഴല്‍പ്പണ കേസിലെ പ്രതികളെ ഒഴിവാക്കിയതുമെല്ലാം.

കളമശേരി സ്‌ഫോടനത്തില്‍ പഴുതുകള്‍ അടച്ചുള്ള സമഗ്രമായ അന്വേഷണം വേണമെന്നാണ് പ്രതിപക്ഷം സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടത്. ഇന്റലിജന്‍സ്, സൈബര്‍ പൊലീസ് സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്നും വിദ്വേഷ കാമ്പയില്‍ നടത്തുന്ന സമൂഹമാധ്യമ പ്രചരണങ്ങള്‍ നിരീക്ഷിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

പൊലീസ് അന്വേഷിക്കട്ടേയെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നുമാണ് തുടക്കം മുതല്‍ക്കെ പ്രതിപക്ഷം പറഞ്ഞത്. ഭീകരാക്രമണമാണെന്ന് പറയുകയും സംഭവത്തെ പലസ്തീനുമായി ബന്ധപ്പെടുത്തുകയുമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ചെയ്തത്. കേരളം തീവ്രവാദികളുടെ ആസ്ഥാനമാണെന്ന തരത്തില്‍ സംസ്ഥാനത്തെ അപമാനിക്കുന്ന പരാമര്‍ശമാണ് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയത്. എന്നാല്‍ ഉത്തരവാദിത്ത ബോധത്തോടെയാണ് പ്രതിപക്ഷം പെരുമാറിയത്. ഭിന്നിപ്പുണ്ടാക്കാന്‍ ആഗ്രഹിക്കുന്ന ശക്തികള്‍ക്ക് വെള്ളവും വളവും നല്‍കില്ലെന്നതാണ് പ്രതിപക്ഷ നിലപാടാണ്.

അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അഞ്ച് മാസത്തിനിടെ യു.ഡി.എഫ് പതിനായിരക്കണക്കിന് ജനങ്ങളെ സംഘടിപ്പിച്ച് രണ്ട് തവണയാണ് സെക്രട്ടേറിയറ്റ് ഉപരോധിച്ചത്. കലക്ടറേറ്റുകളിലേക്ക് മന്ത്രിമാരുടെ വസതികളിലേക്കും മാര്‍ച്ച് നടത്തി. ഇത്രയധികം കേസുകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ ചുമത്തിയ കാലഘട്ടം കേരളത്തിലുണ്ടായിട്ടില്ല. വിദ്വേഷം പ്രചരിപ്പിക്കാനുള്ള ഒരു ശ്രമത്തേയും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - Keraleeyam profligate'; VD Satheesan says that the government is spending crores without conscience

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.