തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ മണ്ണെണ്ണക്കും വില കൂടുന്നു. ലിറ്ററിന് 28 രൂപയാണ് കൂട്ടുന്നത്. എണ്ണക്കമ്പനികള്‍ റേഷന്‍ വിതരണത്തിനായി കെറോസിന്‍ ഡീലേഴ്‌സ് അസോസിയേഷന് നല്‍കിയ വിലയിലാണ് വര്‍ധന രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ റേഷൻകടകളിൽ 53 രൂപ ലിറ്ററിനുണ്ടായിരുന്ന മെണ്ണണ്ണക്ക് ഈ മാസം മുതൽ 81 രൂപ നൽകേണ്ടിവരും. ഇതിന് പുറമെ കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനവും കേന്ദ്രം വെട്ടിക്കുറച്ചു. പുതുക്കിയ വിലവർധന നിലവിൽ വരുന്നതോടെ മത്സ്യബന്ധനമേഖല കൂടുതൽ പ്രതിസന്ധിയിലാകും. അടിസ്ഥാനവിലയോടൊപ്പം കടത്തുകൂലി, ഡീലേഴ്‌സ് കമീഷൻ, സി.ജി.എസ്.ടി, എസ്.ജി.എസ്.ടി എന്നിവയും ചേർന്ന വിലക്കാണ് റേഷൻകടകളിൽനിന്ന് മണ്ണെണ്ണ വിതരണം ചെയ്യുന്നത്. ഒരു വര്‍ഷം മുമ്പ് 28 രൂപയായിരുന്നു വില.
കഴിഞ്ഞ ഫെബ്രുവരിയിൽ 53 രൂപയിൽ നിന്ന് 59 രൂപയായി വർധിപ്പിച്ചെങ്കിലും സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളിലും വില വർധന വരുന്നതിന് മുമ്പ് തന്നെ മണ്ണെണ്ണ സ്റ്റോക്കെടുത്തതിനാൽ അധികമായി ലഭിക്കുന്ന ആറ് രൂപ സംസ്ഥാന സർക്കാർ വേണ്ടെന്നുെവച്ചു.
53 രൂപക്ക് തന്നെ വിതരണം നടത്താനും നിർദേശിക്കുകയായിരുന്നു. സംസ്ഥാനത്ത് വൈദ്യുതീകരിക്കാത്ത വീടുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയാണ് മണ്ണെണ്ണവിഹിതം 40 ശതമാനമായി കേന്ദ്രം വെട്ടിക്കുറച്ചത്. ഇതോടെ മൂന്നുമാസത്തിലൊരിക്കൽ റേഷൻ കടകൾ വഴി നടത്തുന്ന മണ്ണെണ്ണ വിതരണം ഇനിമുതൽ ആറുമാസത്തിലൊരിക്കലായി തീരുമോയെന്ന ആശങ്കയുണ്ട്. വിഷയം ഭക്ഷ്യവകുപ്പ് പരിശോധിക്കുകയാണ്.
2025ഓടെ സംസ്ഥാനത്ത് മണ്ണെണ്ണ വിതരണം പൂര്‍ണമായി നിര്‍ത്തുന്ന തരത്തിലേക്കാണ് കേന്ദ്രസർക്കാർ നീങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.