തിരുവനന്തപുരം: റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണ ഘട്ടംഘട്ടമായി കുറച്ച് പൂർണമായും നിർത്തലാക്കുമെന്ന് കേന്ദ്ര സർക്കാർ. കഴിഞ്ഞ ദിവസം കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരിയുമായി ഡൽഹിയിൽ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രനയം മന്ത്രി കേരളത്തെ അറിയിച്ചത്. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം വർധിപ്പിക്കണമെന്ന ആവശ്യവും കേന്ദ്രസർക്കാർ തള്ളി.
നിലവിൽ നൽകുന്ന പി.ഡി.എസ് മണ്ണെണ്ണ വിഹിതം ഒരു സംസ്ഥാനത്തിന് മാത്രമായി വർധിപ്പിക്കാൻ കഴിയില്ലെന്നും എന്നാൽ നോൺ പി.ഡി.എസ് വിഹിതമായി മണ്ണെണ്ണ അനുവദിക്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി ഉറപ്പുനൽകി.സംസ്ഥാനത്ത് മണ്ണെണ്ണ ഉപയോഗിച്ച് മത്സ്യബന്ധനത്തിൽ ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കായി ഓണക്കാലത്ത് 5000 കിലോലിറ്റർ മണ്ണെണ്ണ ഉടൻ അനുവദിക്കണമെന്ന് ഭക്ഷ്യ മന്ത്രി ആവശ്യപ്പെട്ടെങ്കിലും അതിനും അനുഭാവപൂർണമായ മറുപടിയല്ല കേന്ദ്രത്തിൽനിന്ന് ഉണ്ടായത്.
മണ്ണെണ്ണ ഉപയോഗിച്ചുള്ള മത്സ്യബന്ധനം പരമാവധി നിരുൽസാഹപ്പെടുത്തണമെന്നും മത്സ്യബന്ധന യാനങ്ങളിൽ സി.എൻ.ജി എൻജിനുകൾ ഘടിപ്പിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. . സംസ്ഥാന സർക്കാറിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ്, പൊതുവിതരണ വകുപ്പ് കമീഷണർ ഡോ. ഡി. സജിത് ബാബു എന്നിവർ മന്ത്രി ജി.ആർ. അനിലിനൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.