കോട്ടയം: ഫ്രാൻസിസ് മാർപാപ്പ വിശുദ്ധപദവിയിലേക്ക് ഉയർത്തിയ രാജ്യത്തെ ആദ്യ അൽമായനായ ദേവസഹായം പിള്ളക്കെതിരെ രൂക്ഷവിമർശനവുമായി ആർ.എസ്.എസ് മുഖപത്രമായ 'കേസരി'യിൽ ലേഖനം.
രാജഭരണകാലത്തെ ചില സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി ക്രൈസ്തവ മിഷണറിമാര്‍ നടത്തിയ മതപരിവര്‍ത്തന പദ്ധതിയുടെ ഇരയായിരുന്നു ദേവസഹായം പിള്ളയെന്ന് കുറ്റപ്പെടുത്തുന്ന ലേഖനം, കത്തോലിക്ക സഭക്കും വിശുദ്ധപദവി പ്രഖ്യാപനത്തിനുമെതിരെ കടുത്ത ആരോപണങ്ങളാണ് ഉയർത്തുന്നത്. മതതാല്പര്യം മുന്‍നിര്‍ത്തി വ്യാജചരിത്രം തീര്‍ക്കുന്നതില്‍ ക്രൈസ്തവ സഭകള്‍ പ്രകടിപ്പിച്ചിട്ടുള്ള താല്പര്യം കുപ്രസിദ്ധമാണെന്നും 'ദേവസഹായം പിള്ളയും വിശുദ്ധ പാപങ്ങളും' തലക്കെട്ടിൽ മുരളി പാറപ്പുറം എഴുതിയ ലേഖനത്തിൽ പറയുന്നു.
ഇതിനെതിരെ കത്തോലിക്ക സഭയുടെ യുവജന വിഭാഗമായ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് (കെ.സി.വൈ.എം) രംഗത്തെത്തി. ലേഖനം പിൻവലിച്ച് മാപ്പുപറയാൻ ആർ.എസ്.എസ് തയാറാകണമെന്ന് കെ.സി.വൈ.എം സംസ്ഥാനസമിതി ആവശ്യപ്പെട്ടു. ഭാരതത്തിലെ ആദ്യത്തെ അൽമായ വിശുദ്ധൻ ദേവസഹായം പിള്ളയെയും കത്തോലിക്ക സഭയെയും അവഹേളിക്കുന്നതാണ് ലേഖനം. ഹിന്ദുവായിരുന്ന ദേവസഹായം പിള്ള ക്രിസ്തുമതം സ്വീകരിച്ചതിന് പറയപ്പെടുന്ന കാരണങ്ങളൊന്നും വസ്തുതാപരമല്ലെന്നും ലേഖനത്തിൽ വിമർശിക്കുന്നുണ്ട്. ആത്മീയമായ എന്തെങ്കിലും പ്രചോദനമാണ് ഈ മതംമാറ്റത്തിന് പിന്നിലെന്ന് കരുതാനാവില്ല.
മതംമാറിയതിനുള്ള ആത്മബലിയൊന്നുമായിരുന്നില്ല, അധികാര ദുരുപയോഗവും മോഷണവും രാജ്യദ്രോഹവും ചെയ്തതിന്റെ അനന്തരഫലമായിരുന്നു ദേവസഹായം പിള്ളയുടെ ശിക്ഷ. സത്പ്രവൃത്തികളൊന്നും ചെയ്യാതിരുന്ന ഒരാളെ മതംമാറി എന്ന ഒറ്റക്കാരണത്താല്‍ വിശ്വാസത്തിന്റെ രക്തസാക്ഷിയായി അവതരിപ്പിക്കുകയായിരുന്നു. ഈ കുടിലതന്ത്രത്തിന്റെ പരിസമാപ്തിയാണ് ദേവസഹായം പിള്ളയെ വിശുദ്ധനാക്കി പ്രഖ്യാപിച്ച വത്തിക്കാന്റെ നടപടി. ക്രിസ്തു ശിഷ്യനായ തോമാശ്ലീഹ ഒന്നാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്നുവെന്ന കഥ കത്തോലിക്ക സഭയുടെ വ്യാജചരിത്ര നിര്‍മാണത്തിന് എക്കാലത്തെയും മികച്ച ഉദാഹരണമാണെന്നും ലേഖനത്തിൽ ആരോപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.