കെവിൻ കേസ്​ പ്രതിക്ക്​ ജയിലിൽ മാരക മർദനം; ജഡ്​ജി ഇട​െപട്ട്​ ആശുപത്രിയിലേക്ക്​ മാറ്റി

തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ കടുത്ത മ‍ർദനത്തിനിരയായ കെവിൻ കേസ് പ്രതി ടിറ്റു ജെറോമിനെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി. ജയിലിൽ കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന പിതാവി‍െൻറ ഹേബിയസ് കോർപസ് ഹരജിയെതുടർന്ന് അടിയന്തര പരിശോധനക്ക്​ ജില്ലാ ജഡ്ജിയെ ഹൈകോടതി ചുമതലപ്പെടുത്തുകയായിരുന്നു. ജയിലധികൃതരെ കർശനമായി താക്കീത് ചെയ്ത സിംഗിൾ ബെഞ്ച് ജയിൽ ഡി.ജി.പിയോട് ശനിയാഴ്ച റിപ്പോർട്ട്​ സമർപ്പിക്കാനും നിർദേശിച്ചു.

കെവിൻ വധക്കേസിലെ ഒമ്പതാം പ്രതിയായ ടിറ്റു ജെറോം പൂജപ്പുര സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് സംഭവം. മകനെക്കുറിച്ച് വിവരമില്ലെന്നും ജയിലധികൃതർ മർദിച്ചതായി സംശയമുണ്ടെന്നും പിതാവ് ജെറോം ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലുണ്ടായിരുന്നു. ഇക്കാര്യം അടിയന്തരമായി പരിഗണിച്ച ജസ്​റ്റിസ് വിനോദ് ചന്ദ്രൻ ജയിലിലെത്തി പരിശോധന നടത്താൻ തിരുവനന്തപുരം ജില്ലാ ജഡ്‍ജി കെ. ബാബുവിനോട് നി‍ർദേശിക്കുകയായിരുന്നു.

ഡി.എം.ഒയോടും ജയിൽ ഐ.ജിയോടും തൽസ്ഥിതി അറിയിക്കാനും ആവശ്യപ്പെട്ടു. മൂവരും നടത്തിയ പരിശോധനയിലാണ് ടിറ്റു ജെറോമിന് മർദനമേറ്റെന്നും ആന്തരിക പരിക്കുണ്ടെന്നും പ്രാഥമിക പരിശോധനയിൽ ബോധ്യമായത്. ജില്ലാ ജഡ്ജിയുടെ നിർദേശപ്രകാരമാണ് ടിറ്റുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ഉടനടി മാറ്റിയത്.

വിവരം കെ. ബാബു തൊട്ടുപിന്നാലെ ഹൈകോടതിയെ അറിയിച്ചു. ഹരജി വീണ്ടും പരിഗണിച്ച കോടതി ആശുപത്രിയിൽ ടിറ്റുവി‍െൻറ സുരക്ഷക്കായി ജയിലധികൃതർ വേണ്ടെന്നും പൊലീസ് മതിയെന്നും നിർദേശിച്ചു. പിതാവ് നൽകിയ ഹേബിയസ് കോർപസ് ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും.

Tags:    
News Summary - Kevin case defendant beaten in jail; rushed to hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.