കാസർകോട്: ഇശലുകൊണ്ട് ഒാളമിട്ട് വോട്ടു വാരിക്കൂട്ടി ചരിത്രം സൃഷ്ടിച്ച മഞ്ചേശ്വരത്തുകാരുടെ ഖമറുച്ച എവിടെയും പോയിട്ടില്ല, ഇവിടെയുണ്ട്. കേസിൽപെടുത്തി തീർക്കാമെന്ന് കരുതിയവർക്ക് തെറ്റി. മഞ്ചേശ്വരം യു.ഡി.എഫ് സ്ഥാനാർഥി എ.കെ.എം അഷ്റഫിെൻറ പ്രചാരണത്തിെൻറ മുന്നിൽ എം.സി ഖമറുദ്ദീൻ തന്നെയാണുള്ളത്. ജ്വല്ലറി നിക്ഷേപ പദ്ധതി തട്ടിപ്പാണെന്ന് പരാതിവന്നതോടെ കേസായി, ഖമറുദ്ദീൻ ജയിലിലുമായി. തെരഞ്ഞെടുപ്പിൽ ഖമറുദ്ദീന് സീറ്റില്ലാതാക്കിയത് ജ്വല്ലറി കേസാണ്. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിൽ കളംനിറഞ്ഞ് പാടിത്തകർത്ത ഖമറുദ്ദീൻ മഞ്ചേശ്വരത്തിെൻറ സമീപകാല റെക്കോഡുകളെല്ലാം തകർത്ത വിജയമാണ് നേടിയത്. 2016ലെ 89 വോട്ടിെൻറ ഭൂരിപക്ഷത്തെ ഉപതെരഞ്ഞെടുപ്പിൽ എണ്ണായിരത്തോളം എത്തിച്ച് മഞ്ചേശ്വരത്തിെൻറ 'മുത്താ'യി മാറി 'ഖമറുച്ച'. ഒന്നര വർഷം മാത്രം എം.എൽ.എയായ ഖമറുദ്ദീന് സീറ്റ് ലഭിക്കാത്തതിന് ഒരു വിഭാഗം അണികൾക്ക് ദുഃഖമുണ്ടെങ്കിലും അവരെ ആശ്വസിപ്പിക്കാനും ഖമറുദ്ദീനുണ്ട്.
''പാർട്ടിയുടെ തീരുമാനം അങ്ങനെയാണ്. അത് അനുസരിക്കാൻ ഞാൻ ബാധ്യസ്ഥനുമാണ്. രാഷ്ട്രീയം ഏണിയും പാമ്പും കളി പോലെയാണ്. കരുക്കൾ നീക്കുന്നതിനിടയിൽ ഏണി കിട്ടിയാൽ കയറാം, പാമ്പു കിട്ടിയാൽ ഇറങ്ങാം. ഇപ്പോൾ പാമ്പു വിഴുങ്ങിയെന്ന് കരുതിയാൽ മതി. സീറ്റ് കിട്ടാത്തത് വലിയ കാര്യമൊന്നുമല്ല. ഇതുസംബന്ധിച്ച് സി.എച്ച് മുഹമ്മദുകോയതന്നെ പറഞ്ഞിട്ടുണ്ട്. രാഷ്ട്രീയം തെങ്ങുകയറ്റക്കാരനെ പോലെയാണ്. കയറിയാൽ ഇറങ്ങും. ദുഃഖമൊന്നുമില്ല, എല്ലാം ഗുണമായി വരും എന്നുതന്നെയാണ് കരുതുന്നത്.'' -ഖമറുദ്ദീൻ മനസ്സ് തുറന്നു. സിറ്റിങ് എം.എൽ.എക്ക് സീറ്റ് നൽകാത്തതിലുള്ള സങ്കടം പങ്കുവെക്കുന്നതിന് പ്രവർത്തകരുടെ വിളികൾ ധാരാളം ലഭിക്കുന്നുണ്ട്. എന്നാൽ കൂടുതൽ കരുതലോടെ പാർട്ടിയുടെയും മഞ്ചേശ്വരം സ്ഥാനാർഥി എ.കെ.എം അഷ്റഫിെൻറയും കൂടെ അദ്ദേഹമുണ്ട്.
ഉപതെരഞ്ഞെടുപ്പിൽ ഒാരോ യോഗത്തിലും മാപ്പിളപ്പാട്ടിെൻറ ഇൗരടികൾ ചൊല്ലി ജനങ്ങളെ കൈയിലെടുത്തു മുന്നേറിയ ഖമറുദ്ദീന് അവയെല്ലാം അന്ന് വോട്ടായി മാറ്റാനായി. മനസ്സിലെ പാട്ടുപെട്ടി പഴയ പോലെ തുറക്കാനാകുന്നില്ല. മഞ്ചേശ്വരത്ത് വരണ്ട വിഷയങ്ങളുമായി നടന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെ കാവ്യാത്മകമാക്കിയത് ഗായകനായ എം.സി. ഖമറുദ്ദീെൻറ സ്ഥാനാർഥിത്വമാണ്. ചുരുങ്ങിയകാലമാണ് നിയമസഭയിൽ ഉണ്ടായതെങ്കിലും കാര്യമായി ചെയ്യാൻകഴിഞ്ഞു.
അതിർത്തികടന്ന് കർണാടകത്തിലേക്ക് പോകുന്ന മലയാളികൾക്ക് ആർ.ടി.പി.സി.ആർ പരിേശാധന നിർബന്ധമാക്കിയപ്പോൾ അതിനെതിരെ ഖമറുദ്ദീൻ ബംഗളൂരു ഹൈകോടതിയിൽ നൽകിയ ഹരജിയാണ് ജനങ്ങൾക്ക് തുണയായത്. 'കിഫ്ബി വഴി നൂറുകോടിയുടെയും ആരോഗ്യമേഖലയിൽ 15കോടിയുടെയും പ്രവർത്തനങ്ങൾ മഞ്ചേശ്വരത്ത് നടക്കുന്നുണ്ട്. -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.