ഹൈടെക് സ്കൂള്‍: ‘കിഫ്ബി’യുടെ പരിഗണനക്ക് 553 കോടിയുടെ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ടു മുതല്‍ 12 വരെ ക്ളാസുകള്‍ ഹൈടെക്കാക്കാനുള്ള വിശദ പദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) സമര്‍പ്പിച്ചു. 4775 സ്കൂളുകളിലായി 45,000 ക്ളാസ്മുറികളും ഐ.ടി ലാബുകളും സ്ഥാപിക്കാനായി 553 കോടി രൂപയുടെ പദ്ധതിയാണ് ‘കിഫ്ബി’ യുടെ പരിഗണനക്കായി തയാറാക്കി ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ കെ.അന്‍വര്‍ സാദത്ത് പൊതുവിദ്യാഭ്യാസ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസിന് സമര്‍പ്പിച്ചത്. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് കിഫ്ബിയിലേക്കുള്ള ആദ്യ ഡി.പി.ആര്‍. ആണിത്. ആലപ്പുഴ, പുതുക്കാട്, കോഴിക്കോട് നോര്‍ത്ത്, തളിപ്പറമ്പ് നിയോജക മണ്ഡലങ്ങളില്‍ ഹൈടെക് പദ്ധതിയുടെ പൈലറ്റടിസ്ഥാനത്തിലുള്ള വിന്യാസം നടന്നുകൊണ്ടിരിക്കുകയാണ്.
നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ മുഴുവന്‍ സ്കൂളുകളെയും ഉള്‍പ്പെടുത്തി വിശദമായ സര്‍വേ നടത്തിയിരുന്നു. ഡി.പി.ആര്‍ അനുസരിച്ച് മൂന്നു ഘട്ടങ്ങളിലായിരിക്കും ഹാര്‍ഡ്വെയര്‍ വിന്യാസം നടത്തുക. ഒന്നാം ഘട്ടം 2017 ഏപ്രില്‍-മേയ് മാസങ്ങളില്‍ ആയിരത്തോളം സ്കൂളുകളിലായി 10,000 ക്ളാസ്മുറികള്‍ പൂര്‍ത്തിയാക്കും.

രണ്ടാം ഘട്ടം ജൂലൈ- സെപ്റ്റംബര്‍ മാസത്തോടെ 25,000 ക്ളാസ്മുറികളും (2500 സ്കൂളുകള്‍) ഹൈടെക്കാക്കും. അവശേഷിക്കുന്നവ 2017 ഒക്ടോബര്‍- ഡിസംബറോടെ പുര്‍ത്തിയാക്കും. പദ്ധതിയുടെ ഭാഗമായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്ന സ്കൂളുകളെ മുന്‍ഗണന ക്രമത്തില്‍ പരിഗണിക്കും. സുരക്ഷിതമായ മുറി, ടൈല്‍ പാകിയ തറ, സീലിങ്, പെയിന്‍റിങ്, വൈദ്യുതീകരണം, ഷെല്‍ഫ് തുടങ്ങിയ സൗകര്യങ്ങളാണ് സ്കൂളുകള്‍ ഒരുക്കേണ്ടത്. സര്‍ക്കാര്‍-എയ്ഡഡ് മേഖലകളില്‍നിന്നുള്ള 2685 ഹൈസ്കൂളുകളും 1701 ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും 389 വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളും ഉള്‍പ്പെടുന്നതാണ് (ആകെ 4775 സ്കൂളുകള്‍) പദ്ധതി. എല്ലാ ക്ളാസ്മുറികളിലും ലാപ്ടോപ്, മള്‍ട്ടിമീഡിയ പ്രൊജക്ടര്‍, വൈറ്റ്ബോര്‍ഡ്, ശബ്ദസംവിധാനം എന്നിവ ലഭ്യമാക്കും. ഐ.ടി ലാബില്‍ ഡെസ്ക്ടോപ്, യു.പി.എസ്.

മള്‍ട്ടി-ഫങ്ഷന്‍ പ്രിന്‍റര്‍, എല്‍.സി.ഡി ടി.വി, എച്ച്.ഡി കാമറ തുടങ്ങിയവ ലഭ്യമാക്കും. പ്രത്യേക സുരക്ഷാ സംവിധാനങ്ങള്‍ സ്കൂളുകളില്‍ സ്ഥാപിക്കും. ഐ.ടി ലാബും ക്ളാസ്മുറികളും തമ്മില്‍ നെറ്റ്വര്‍ക്കിങ് നടത്തും.  ലാബിലെ സെര്‍വര്‍ കമ്പ്യൂട്ടറിനെ ഓരോ ക്ളാസ്മുറിയുമായി ബന്ധിപ്പിച്ച് വിവരങ്ങള്‍ പങ്കുവെക്കാന്‍ സംവിധാനം ഒരുക്കും. ഫൈബര്‍ അധിഷ്ഠിത അതിവേഗ ഇന്‍റര്‍നെറ്റ് എല്ലാ ക്ളാസ്മുറികളിലും ലഭ്യമാക്കും.ഐ.സി.ടി പശ്ചാത്തല സൗകര്യങ്ങള്‍ക്കുള്ള പ്രപ്പോസലാണ് കിഫ്ബിയില്‍ സമര്‍പ്പിക്കുന്നത്.

ഇതിനുപുറമെ ഹൈടെക് സ്കൂള്‍ പദ്ധതിയുടെ ഘടകങ്ങളായ പരിശീലനം, ഡിജിറ്റല്‍ ഉള്ളടക്ക വിന്യാസം, വിഭവ പോര്‍ട്ടല്‍, ഇ-ഗവേര്‍ണന്‍സ്, ഇ-ലേണിങ് തുടങ്ങിയവ നടപ്പാക്കാനുള്ള പദ്ധതികളും ഐ.ടി@സ്കൂള്‍ തയാറാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് കേരളം ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായി മാറുന്നതിന്‍െറ മുന്നോടിയായി 9500ഓളം വരുന്ന സര്‍ക്കാര്‍ -എയ്ഡഡ് പ്രൈമറി-അപ്പര്‍ പ്രൈമറി സ്കൂളുകളിലും ഐ.ടി ലാബുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ് പറഞ്ഞു.

Tags:    
News Summary - kifbi high tech school

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.