കൊച്ചി: കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ട്, വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചിട്ടുണ്ടോയെന്ന് റിസർവ് ബാങ്കിനോട് വീണ്ടും ഹൈകോടതി. നിയമലംഘനം അന്വേഷിക്കാനെന്ന പേരിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) തുടരെ സമൻസുകൾ നൽകുന്നത് ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും നൽകിയ ഹരജികളിലാണ് ജസ്റ്റിസ് വി.ജി. അരുൺ വിശദീകരണം തേടിയത്.
റിസർവ് ബാങ്ക് ഫോറിൻ എക്സ്ചേഞ്ച് വകുപ്പ് ചീഫ് ജനറൽ മാനേജറെ നേരത്തേ തന്നെ സ്വമേധയാ കക്ഷി ചേർത്ത് വിശദീകരണം തേടിയെങ്കിലും ചൊവ്വാഴ്ച കേസ് പരിഗണിക്കവെ വിശദീകരണം ലഭിച്ചിട്ടില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. തുടർന്ന് റിസർവ് ബാങ്കിനോട് വീണ്ടും വിശദീകരണം തേടിയ കോടതി ഹരജി ഡിസംബർ ഏഴിന് പരിഗണിക്കാൻ മാറ്റി.
ഡോ. തോമസ് ഐസക്, കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാം, ജോയന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരാണ് ഇ.ഡിക്കെതിരെ ഹൈകോടതിയെ സമീപിച്ചത്. കിഫ്ബിയുമായി ഒരു ബന്ധവുമില്ലാത്ത നാട്ടിലും വിദേശത്തുമുള്ള തന്‍റെ ബന്ധുക്കളുടെ വിവരങ്ങളാണ് ഇ.ഡി ആവശ്യപ്പെടുന്നതെന്നാണ് തോമസ് ഐസക്കിന്‍റെ ആരോപണം.
പലതവണ ചോദ്യം ചെയ്തിട്ടും കിഫ്ബി ഏതെങ്കിലും തരത്തിൽ നിയമലംഘനം നടത്തിയതായി ഇ.ഡി കണ്ടെത്തിയിട്ടില്ലെന്ന് കിഫ്ബി ഉദ്യോഗസ്ഥരും ഹരജിയിൽ പറഞ്ഞു. എന്നാൽ, പ്രഥമദൃഷ്‌ട്യാ വിദേശനാണ്യവിനിമയ ചട്ടത്തിന്റെ ലംഘനമുണ്ടെന്നും മസാല ബോണ്ട് വഴി സമാഹരിച്ച പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പെടെ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് ഇ.ഡിയുടെ വാദം.
മറ്റു മസാല ബോണ്ടുകളെക്കുറിച്ച് അന്വേഷിച്ചിരുന്നോയെന്ന കോടതിയുടെ ചോദ്യത്തിന് ഇ.ഡി മറുപടി നൽകിയിട്ടില്ല. അതേസമയം, ഇ.ഡി വീണ്ടും സമൻസ് അയക്കുന്നത് ഡിസംബർ ഒമ്പതുവരെ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.