തൃശൂർ: കനേഡിയൻ കമ്പനിക്കുവേണ്ടി നടത്തി എന്ന ആരോപണത്തിൽ വിവാദമായ 'കിരൺ' ആരോഗ്യസർവേ തയാറാക്കിയ ആരോഗ്യപ്രവർത്തകർക്ക് പ്രതിഫലം ലഭിച്ചില്ല. സർവേ കഴിഞ്ഞ് ഒരു വർഷം പിന്നിട്ടിട്ടും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലേക്ക് ഫണ്ടിനുവേണ്ടി എഴുതിയിട്ടുണ്ടെന്ന് മാത്രമാണ് വിവിധ ജില്ലകളിലെ ആരോഗ്യവകുപ്പ് അധികൃതരിൽനിന്നുള്ള മറുപടി.
മാത്രമല്ല, വിവരശേഖരണത്തിന് ഒരു വീടിന് 100 രൂപ വെച്ച് നൽകാമെന്ന വാഗ്ദാനം 30 രൂപയാക്കി ചുരുക്കുകയും ചെയ്തു. ഇതിൽ ആരോഗ്യവകുപ്പ് പ്രവർത്തകർ കടുത്ത അസംതൃപ്തിയിലാണ്.
ഒരു വാർഡിൽനിന്ന് 75 വീടുകൾ വെച്ച് ഒരാൾക്ക് രണ്ടു വാർഡുകളുടെ സർവേ ചുമതലയാണ് നൽകിയത്. അതിനാൽ 15,000 രൂപ വീതമാണ് ഓരോരുത്തർക്കും ലഭിക്കേണ്ടത്. എന്നാൽ, തുക ഇതുവരെ കിട്ടിയില്ലെന്ന് മാത്രമല്ല, 15,000 രൂപ എന്നത് 4500 രൂപയാക്കി ചുരുക്കുകയും ചെയ്തു. ചുരുക്കിയ തുക ലഭിച്ചേക്കാമെന്ന് മാത്രമാണ് അധികൃതർ നൽകുന്ന ഉറപ്പ്.
ജനങ്ങളുടെ ഭക്ഷണശീലം, ശാരീരിക വ്യായാമം, ജീവിതശൈലി, ചികിത്സാരീതി, മദ്യപാനം, പുകവലി, സാധാരണ രോഗങ്ങള്‍ തുടങ്ങിയവ പഠിക്കുന്ന സർവേയാണ് 'കിരൺ' ആരോഗ്യ സർവേ (കേരള ഇൻഫർമേഷൻ ഓഫ് റെസിഡൻറ്സ്-ആരോഗ്യം നെറ്റ് വർക്). 10 ലക്ഷം പേരിലാണ് സർവേ നടത്താൻ പദ്ധതിയിട്ടത്.
അച്യുതമേനോൻ സെൻറർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസിെൻറ സാങ്കേതിക പിന്തുണയിലാണ് ആരോഗ്യവകുപ്പ് ഈ സർവേ നടത്തിയത്. 14 ജില്ലകളിലും പദ്ധതിക്കായി സർവേ നടത്തിയിരുന്നു. സർവേക്ക് പിന്നിൽ കാനഡ ആസ്ഥാനമായ പോപുലേഷൻ ഹെൽത്ത് റിസർച് ഇൻസ്റ്റിറ്റ്യൂട്ടാണെന്നും ഈ സ്ഥാപനത്തിലേക്ക് കേരളത്തിലെ രോഗികളിൽനിന്ന് ശേഖരിച്ച വിവരങ്ങൾ കൈമാറിയെന്നുമായിരുന്നു ആരോപണം.
തൃശൂർ: 'കിരൺ' ആരോഗ്യ സർവേയിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകർക്ക് പണം ഉടൻ നൽകുമെന്ന് ആരോഗ്യ ഡയറക്ടറേറ്റിൽ പദ്ധതിച്ചുമതലയുള്ള ഡോ. ബിപിൻ കെ. ഗോപാൽ 'മാധ്യമ'ത്തോട് പറഞ്ഞു. ജില്ല ആരോഗ്യവകുപ്പ് ഓഫിസിലേക്ക് സർവേ നടത്തിയവരുടെ ലിസ്റ്റ് ചോദിച്ചിട്ടുണ്ട്്. അത് ലഭിക്കുന്നതോടെ ഒരു വീടിന് 30 രൂപവെച്ച് നൽകാൻ അംഗീകാരമായിട്ടുണ്ട്്.
ആദ്യഘട്ടത്തിൽ 30 രൂപയാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഇടുക്കി പോലുള്ള മലയോരഗ്രാമങ്ങളിലെ ബുദ്ധിമുട്ട് പരിഗണിച്ച് അത് 100 രൂപയാക്കാൻ യോഗത്തിൽ അംഗീകാരമാകുകയായിരുന്നു. അത് മിനിറ്റ്സ് ചെയ്തെങ്കിലും സർക്കാർ അംഗീകരിച്ചില്ല.
ഒടുവിൽ സർവേ നടത്തിയ ആരോഗ്യവകുപ്പ് ജീവനക്കാർക്ക് 100 രൂപയാക്കി നൽകാൻ ഇപ്പോൾ തത്വത്തിൽ തീരുമാനിച്ചിട്ടുണ്ടെന്നും രണ്ടാം ഘട്ടമായി ബാക്കി 70 രൂപകൂടി നൽകുമെന്നും ഡോ. ബിപിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.