കോഴിക്കോട്: കുറഞ്ഞ ചെലവിൽ കാലിത്തീറ്റ ലഭ്യമാക്കാൻ സഹായിക്കുന്ന കിസാൻ റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്‍റെ അനുമതി ലഭിച്ചതായി മൃഗസംരക്ഷണ ക്ഷീര വികസന മന്ത്രി ജെ. ചിഞ്ചുറാണി. റെയിൽവേ മന്ത്രാലയത്തിന്‍റെ അനുമതിയാണ് ഇനി വേണ്ടത്. പദ്ധതി യാഥാർഥ്യമായാൽ നിലവിലുള്ളതിനെക്കാൾ സബ്സിഡി കാലിത്തീറ്റക്ക് നൽകാനാവുമെന്നും അവർ പറഞ്ഞു.
മലബാർ മിൽമ ആസ്ഥാന മന്ദിരത്തിന്‍റെ 30ാം വാർഷികവും ഇൻഡോ-സ്വിസ് സഹകരണ ഉത്തര കേരള ക്ഷീരപദ്ധതിയുടെ 35ാം വാർഷികവും മലബാർ മിൽമയുടെ ഹൈടെക് ആസ്ഥാന മന്ദിരത്തിന്‍റെ ശിലാസ്ഥാപനവും നടന്ന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അവർ. ഒരുലക്ഷം പശുവിന് ഒന്ന് എന്ന തോതിൽ 29 ആംബുലൻസുകൾ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇനി എല്ലാ ജില്ലയിലും ടെലി വെറ്ററിനറി യൂനിറ്റും ആരംഭിക്കും. പശുവിനെ ഉയർത്താനുള്ള ക്രെയിൻ, എക്സ്റേയടക്കം സൗകര്യങ്ങൾ ഇവയിലുണ്ടാകും.
കുളമ്പുരോഗ വാക്സിൻ കേരളത്തിൽ ഉൽപാദിപ്പിക്കാനുള്ള അനുമതിയും ലഭിച്ചു. ലാബ് സൗകര്യം ഒരുക്കുകയാണ് ഇനി വേണ്ടത്. അധികമായി ഉൽപാദിപ്പിക്കുന്ന വാക്സിൻ കേന്ദ്രം വിലനൽകി ഏറ്റെടുക്കും. ക്ഷീരമേഖലയുമായി ബന്ധപ്പെട്ട ഇൻഡോ-സ്വിസ് സഹകരണത്തിലൂടെയാണ് സങ്കരയിനം പശുക്കൾ കേരളത്തിൽ വ്യാപകമായത്. ഇവയുടെ ബീജത്തിനായി ഇതര സംസ്ഥാനങ്ങൾ സമീപിക്കുന്നുണ്ട്. മധ്യ, തിരുവിതാംകൂർ മേഖലകളിൽ പാലുൽപാദനം കൂടിയാൽ കേരളത്തിനുവേണ്ട പാൽ മുഴുവൻ ഇവിടെതന്നെ ലഭ്യമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
വാർഷികങ്ങളുടെ ഉദ്ഘാടനവും ആസ്ഥാന മന്ദിരത്തിന്‍റെ ശിലാസ്ഥാപനവും ഇന്ത്യയിലെ സ്വിറ്റ്സർലൻഡ് സ്ഥാനപതി ഡോ. റാഫൽ ഹെക്ണെർ നിർവഹിച്ചു. മിൽമ മുൻ ചെയർമാൻ പി.ടി. ഗോപാലക്കുറുപ്പിനെ ചടങ്ങിൽ ആദരിച്ചു. വിവിധ സംഘങ്ങൾക്കുള്ള പുരസ്കാരങ്ങളും ചടങ്ങിൽ സമ്മാനിച്ചു.
കേരള സർക്കാറിന്‍റെ എക്സ്റ്റേണൽ കോ ഓപറേഷൻ സ്പെഷൽ ഡ്യൂട്ടി ഓഫിസർ വേണു രാജാമണി, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, പി.ടി.എ. റഹീം എം.എൽ.എ, മിൽമ എം.ഡി ഡോ. പാട്ടീൽ സുയോഗ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബാബു നെല്ലൂളി, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സുഹറാബി, ദിവ്യ കാശ്യപ് ശർമ, ഇലേരിയ ഹെക്ണെർ, സുധ കമ്പളത്ത്, എൻ. അബൂബക്കർ, എ. പ്രീതി തുടങ്ങിയവർ സംസാരിച്ചു. മിൽമ ചെയർമാൻ കെ.എസ്. മണി സ്വാഗതവും മലബാർ മേഖല യൂനിയൻ എം.ഡി ഡോ. പി. മുരളി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.