കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി20 പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. സി.പി.എം കാവുങ്ങൽ പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുൽ റഹ്മാൻ, പാറാട്ടുവീട്ടിൽ സൈനുദ്ദീൻ സലാം, നെടുങ്ങാടൻ ബഷീർ, വലിയപറമ്പിൽ അസീസ് എന്നിവർക്കാണ് ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് ജാമ്യം നൽകിയത്. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചതും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതും കേസുമായി ബന്ധപ്പെട്ട മറ്റ് വസ്തുതകളുമടക്കം വിലയിരുത്തിയാണ് സിംഗിൾ ബെഞ്ച് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
കുന്നത്തുനാട് എം.എൽ.എക്കെതിരായ വിളക്കണക്കൽ സമരത്തിൽ പങ്കെടുത്തതിനെത്തുടർന്ന് ഫെബ്രുവരി 12ന് മർദനമേറ്റ ദീപു ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ 18നാണ് മരിച്ചത്. രാഷ്ട്രീയവൈരാഗ്യം നിമിത്തം പ്രതികൾ ദീപുവിനെ ആക്രമിച്ചു കൊലപ്പെടുത്തിയെന്നാണ് കേസ്. അറസ്റ്റിലായ പ്രതികൾ നേരത്തേ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ജാമ്യഹരജി ദീപുവിന്റെ പിതാവിന്റെ ഹരജിയെത്തുടർന്ന് ഹൈകോടതി ഇടപെട്ട് തൃശൂർ സെഷൻസ് കോടതിയിലേക്ക് മാറ്റി. ഈ ഹരജി പരിഗണിച്ച തൃശൂർ സെഷൻസ് കോടതി മാർച്ച് 23ന് ജാമ്യഹരജി തള്ളി. തുടർന്നാണ് പ്രതികൾ ഹൈകോടതിയെ സമീപിച്ചത്.
തുടർകസ്റ്റഡി ആവശ്യമില്ലെങ്കിലും കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആവശ്യം. തൃശൂർ കോടതി ജാമ്യഹരജി പരിഗണിക്കുമ്പോൾ അന്വേഷണം തുടരുകയായിരുന്നെന്നും ഇപ്പോൾ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം നൽകിയെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ ഇനിയും കസ്റ്റഡിയിൽ വെക്കേണ്ട ആവശ്യവുമില്ല. തുടർന്നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
ഒരുലക്ഷം രൂപയുടെ ബോണ്ടും തുല്യതുകക്കുള്ള രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. കുന്നത്തുനാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കരുത്, തെളിവുകൾ നശിപ്പിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ കേരളം വിടരുത് തുടങ്ങിയവയാണ് മറ്റുവ്യവസ്ഥകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.