ആലപ്പുഴ: എസ്.എന്‍.ഡി.പി കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ.കെ. മഹേശെൻറ(54) ആത്മഹത്യാ കുറിപ്പിൽ പറയുന്ന മരണത്തിനുത്തരവാദികൾക്കെതിരെ നടപടിവേണമെന്ന് കുടുംബം. ഇക്കാര്യത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇന്ന് പരാതി നല്‍കുമെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
മൂന്ന് പതിറ്റാണ്ടിലധികമായി വെള്ളാപ്പള്ളി നടേശെൻറ വിശ്വസ്തനായിരുന്നു കെ.കെ. മഹേശന്‍. മരണം കൊലപാതകത്തിന് തുല്യമാണെന്ന് കുടുംബം ആരോപിച്ചു. അദ്ദേഹത്തിെൻറ ഫോണ്‍ കോളുകള്‍ മുഴുവന്‍ പരിശോധിക്കണം. കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം നടന്നുവെന്ന് ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട് -കുടുംബം പറഞ്ഞു.
യൂനിയന്‍ നേതൃത്വം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നും ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് തന്നോട് ശത്രുതയുണ്ടെന്നും ആരോപിച്ച് 30ലേറെ പേജുള്ള കത്ത് സഹപ്രവര്‍ത്തകര്‍ക്ക് അയച്ച ശേഷമാണ് മഹേശനെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും പറയുന്നു.
ബുധനാഴ്ചയാണ് കണിച്ചുകുളങ്ങര എസ്.എന്‍.ഡി.പി യൂനിയന്‍ ഓഫിസിലെ ഫാനില്‍ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ആരോപണവിധേയരെല്ലാം ഉന്നത സ്വാധീനമുള്ള വ്യക്തികളാണ്. അവരുടെ സമ്മർദങ്ങൾക്ക് വഴങ്ങാത്ത പ്രത്യേക സംഘം കേസ് അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചക്ക് ഇതുസംബന്ധിച്ച് കുടുംബത്തിെൻറ യോഗം ചേരുന്നുണ്ട്. അതിനുശേഷം തുടർനടപടികൾ ആലോചിക്കുമെന്നും ബന്ധുക്കൾ അറിയിച്ചു.
നിലവിൽ മാരാരിക്കുളം പൊലീസാണ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിക്കുന്നത്. സ്റ്റേഷന്‍ ഓഫിസര്‍ എസ്. രാജേഷിനാണ് അന്വേഷണ ചുമതല. മഹേശന്‍ മരിക്കുന്നതിനുമുമ്പ് എഴുതിയ കത്തില്‍ പറയുന്ന കാര്യങ്ങളുടെ നിജസ്ഥിതി പൊലീസ് അന്വേഷിക്കും. ഇതിന് വെള്ളാപ്പള്ളി നടേശനെയും കുടുംബത്തെയും ചോദ്യം ചെയ്യേണ്ടിവരും. കത്തില്‍ പറയുന്ന ബിനാമി ഇടപാട് ഉള്‍പ്പെടെയുള്ള പല കാര്യങ്ങളും വെള്ളാപ്പള്ളി നടേശനുമായി ബന്ധമുണ്ടെന്നാണ് സൂചന. പൊലീസ് തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്ന് ക്രൈം ബ്രാഞ്ച് മേധാവിക്കും സി.ഐക്കും പ്രത്യേകമായി എഴുതിയ കത്തില്‍ മഹേശന്‍ ആരോപിച്ചിരുന്നു.
ആലപ്പുഴ ക്രൈം ബ്രാഞ്ച് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍. സന്തോഷ് കുമാറിന് എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയെൻറ ലെറ്റര്‍ ഹെഡിലാണ് നിരപരാധിത്വം തെളിയിക്കുന്ന രീതിയില്‍ വിശദമായ കുറിപ്പ് എഴുതിയത്. മൈക്രോ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം മഹേശനെ ചോദ്യം ചെയ്തിരുന്നു.
എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറിയും മൈക്രോ ഫിനാന്‍സ് സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്ററും ബി.ഡി.ജെ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്നു കെ.കെ. മഹേശൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.