'ജീവിതത്തിന്‍റെ അകവെളിച്ചവും ഹൃദയമിടിപ്പും തല്ലിക്കെടുത്തപ്പെട്ടിട്ട് ഇന്നേക്ക് പത്താണ്ട്'; ടി.പി. ചന്ദ്രശേഖരന്‍റെ ഓർമയിൽ കെ.കെ. രമ

അണിയറയിലെ ആസൂത്രകരും തെരുവിൽ അത് നിറവേറ്റിയവരും കണക്കുകൂട്ടിയതു പോലെ ടി.പി. ചന്ദ്രശേഖരൻ തോറ്റു പോവരുതെന്ന നിർബന്ധമായിരുന്നു അന്നു തൊട്ടിന്നു വരെയുള്ള ഊർജമെന്ന് കെ.കെ. രമ എം.എൽ.എ. 'കൊല്ലാം പക്ഷേ തോൽപിക്കാനാവില്ല' എന്ന വാചകത്തെ അതിന്റെ എല്ലാ അർഥത്തിലും ആഴത്തിലും അനുഭവിച്ച വർഷങ്ങളാണ് കടന്നു പോയതെന്നും അവർ പറയുന്നു.

ആർ.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരൻ ക്രൂരമായി കൊല ചെയ്യപ്പെട്ടിട്ട് പത്തുവർഷങ്ങൾ തികയുമ്പോൾ ജീവിതത്തിന്റെ അകവെളിച്ചവും ഹൃദയമിടിപ്പുമാണ് തല്ലിക്കെടുത്തപ്പെട്ടതെന്നും ഫേസ്ബുക്കിൽ എഴുതിയ ദീർഘമായ കുറിപ്പിൽ രമ പറയുന്നു. സി.പി.എം നിലപാടിനെയും വിമർശിക്കുന്നുണ്ട്.

പതിറ്റാണ്ടുകൾ ഇടതുപക്ഷം പ്രതിരോധിച്ചു നിന്ന സ്വകാര്യവത്കരണത്തിന്റെയും നവലിബറൽ വികസന സമീപനങ്ങളുടെയും ജനാധിപത്യ നിഷേധത്തിന്റെയും കൂത്തരങ്ങാക്കി കേരളത്തെ അവർ തന്നെ മാറ്റുന്നു. മണ്ണും വെള്ളവും വായുവും നിഷേധിച്ച് സാധാരണക്കാരെ പിറന്ന മണ്ണിൽ തന്നെ അഭയാർഥികളും ഇരകളുമാക്കുന്ന വികസന വ്യാമോഹങ്ങളുടെ വക്താക്കളായി ഇടതുപക്ഷം മാറിക്കഴിഞ്ഞെന്നും രമ കുറ്റപ്പെടുത്തുന്നു.

കെ.കെ. രമയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം;

അണിയറയിലെ ആസൂത്രകരും തെരുവിൽ അത് നിറവേറ്റിയവരും കണക്കുകൂട്ടിയതു പോലെ ടി.പി. ചന്ദ്രശേഖരൻ തോറ്റു പോവരുതെന്ന നിർബന്ധമായിരുന്നു അന്നു തൊട്ടിന്നു വരെയുള്ള ഊർജ്ജം. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ സജീവതയിൽ നിന്നും വിവാഹാനന്തരം കുടുംബ ജീവിതത്തിലേക്കും പ്രദേശത്തെ പാർട്ടി പ്രവർത്തനത്തിലേക്കും ഒതുങ്ങിയിടത്തു നിന്നും സജീവമായ പൊതുജീവിതത്തിലേക്ക് വീണ്ടുമിറങ്ങിയതിന്റെ അനിവാര്യതയാണത്. "കൊല്ലാം പക്ഷേ തോല്പിക്കാനാവില്ല" എന്ന വാചകത്തെ അതിന്റെ എല്ലാ അർത്ഥത്തിലും ആഴത്തിലും അനുഭവിച്ച വർഷങ്ങളാണ് കടന്നു പോയത്.

ചന്ദ്രശേഖരനെ ഇല്ലാതാക്കുന്നതോടെ തോറ്റുതീരുമെന്ന് കൊലയാളികൾ കണക്കു കൂട്ടിയ ഈ പ്രസ്ഥാനം ഒഞ്ചിയത്ത് നിന്നാരംഭിച്ച് ഇപ്പോൾ ദേശീയതലത്തിൽ വളർന്നിരിക്കുന്നു. അതിനിടയിലെ നിരവധി കടന്നാക്രമണങ്ങളെ അസാമന്യ ധീരതയോടും സംയമനത്തോടും നേരിട്ട സഖാവ് എൻ. വേണു അടക്കമുള്ള നേതാക്കളും സഖാക്കളുണ്ട്. എല്ലാ പ്രതിസന്ധികളിലും മകളായി, സഹോദരിയായി, സഖാവായി ചേർത്തു നിർത്തിയ ഒഞ്ചിയത്തിന്റെ രക്തസാക്ഷി മണ്ണുണ്ട്.

2012 മെയ് 4 ന്റെ ഇരുട്ടിൽ എല്ലാ ഭയങ്ങളും കാറ്റിൽ പറത്തി, തങ്ങളുടെ സർഗാത്മക ആവിഷ്കാരങ്ങൾ കൊണ്ടും നേരിട്ട് ഒഞ്ചിയത്തെത്തിയും ഐക്യദാർഢ്യം പ്രഖ്യാപിച്ച എഴുത്തുകാരും കലാകാരന്മാരും സാംസ്കാരിക പ്രവർത്തകരുമുണ്ട്. ഇനി ഞങ്ങളീ നീതികേടിനൊപ്പമില്ലെന്ന് പ്രഖ്യാപിച്ച്, ടി.പിയുടെ ധീരരക്തസാക്ഷിത്വത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് CPIM ന്റെ വിവിധ ഘടകങ്ങൾ ഉപേക്ഷിച്ച് ഇറങ്ങി വന്ന നൂറു കണക്കിന് സഖാക്കളുണ്ട്.

ഇക്കഴിഞ്ഞ വിധിയെഴുത്തിനാൽ വിസ്മയിപ്പിച്ച വടകരയിലെ ജനതയുണ്ട്.

കൊന്നിട്ടും തോൽവിക്ക് വിട്ടു കൊടുക്കാതെ ചന്ദ്രശേഖരനൊപ്പം നിൽക്കുന്ന മുഴുവൻ മനുഷ്യരേയും ഈ രക്തസാക്ഷിത്വത്തിന്റെ ദശാബ്ദ പൂർണ്ണിമയിൽ ഹൃദയാഭിവാദ്യം ചെയ്യന്നു.

എം എൻ വിജയനും ചന്ദ്രശേഖരനുമടക്കമുള്ളവരുടെ പ്രവചനങ്ങൾ ശരി വെക്കുന്ന വിധമാണ് കഴിഞ്ഞ പത്തു വർഷത്തെ കേരളത്തിന്റെ രാഷ്ട്രീയ ജീവിതം മുന്നോട്ട് പോകുന്നത്. പതിറ്റാണ്ടുകൾ ഇടതുപക്ഷം പ്രതിരോധിച്ചു നിന്ന സ്വകാര്യവൽക്കരണത്തിന്റെയും നവലിബറൽ വികസന സമീപനങ്ങളുടെയും ജനാധിപത്യ നിഷേധത്തിന്റെയും കൂത്തരങ്ങാക്കി കേരളത്തെ അവർ തന്നെ മാറ്റുന്ന കാഴ്ച. മണ്ണും വെള്ളവും വായുവും നിഷേധിച്ച് സാധാരണക്കാരെ പിറന്ന മണ്ണിൽ തന്നെ അഭയാർത്ഥികളും ഇരകളുമാക്കുന്ന വികസന വ്യാമോഹങ്ങളുടെ വക്താക്കളായി ഇടതുപക്ഷം മാറിക്കഴിഞ്ഞു. കെ.റെയിൽ അടക്കമുള്ള നിരവധി പദ്ധതികൾ അതിന്റെ ജീവിക്കുന്ന തെളിവുകളാണ്. ജനതയുടെ നിത്യജീവിതാവശ്യങ്ങളുമായി ബന്ധപ്പെടുത്തിയോ തദ്ദേശീയരായ വിദഗ്ധ സംഘങ്ങളുടെ അഭിപ്രായം തേടിയോ അല്ല ആയിരക്കണക്കിന് കോടികളുടെ പല പദ്ധതികളും പ്രഖ്യാപിക്കപ്പെടുന്നത്. പകരം രാജ്യാന്തര കൺസൾട്ടൻസികളുമായുള്ള കൂടിക്കാഴ്ചകളുടെയും കൂടിയാലോചനകളുടെയും ഭാഗമായിട്ടാണ്.

ദേശീയ രാഷ്ട്രീയത്തിലാവട്ടെ വർഗ്ഗീയ ഫാസിസത്തിന്റെ ആവർത്തിച്ചുള്ള അധികാര ലബ്ധികളും കുതികാൽ വെട്ടും കുതിരക്കച്ചവടവും ഇന്ത്യയുടെ മതേതരത്വത്തിനും ദളിത് , ന്യൂനപക്ഷങ്ങളുടെയും ജനാധിപത്യ വിശ്വാസികളുടേയും സ്വൈര്യ ജീവിതത്തിനും ഭീഷണിയാവുകയാണ്.

ഈ രണ്ട് ഭീഷണികൾക്കുമെതിരായി ശക്തമായ നിലപാടുമായി മുന്നോട്ട് പോവുകയാണ് RMPl.

മോദി സർക്കാരിന്റെയും സംഘപരിവാറിന്റെയും രാഷ്ട്രീയത്തിന്റെ വലിയ വിമർശകർ എന്നവകാശപ്പെടുന്ന വ്യവസ്ഥാപിത ഇടതുപക്ഷത്തിന്റെ കേരള ഭരണവും അതിന്റെ വിമർശകരെ കൈകാര്യം ചെയ്യുന്നതെങ്ങനെയാണ് ?

വ്യക്തിപരമായി നുണകളും അപവാദങ്ങളും പ്രചരിപ്പിച്ച് വേട്ടയാടുക. ജീവൽ സമരങ്ങളെ പോലീസിനൊപ്പം നിന്ന് ഭരണാനുകൂല യുവജന സംഘടനകൾ കടന്നാക്രമിക്കുന്ന ചിത്രങ്ങൾ നാം കാണുന്നു.

ടി.പി. ചന്ദ്രശേഖരന്റെ കൊലയിൽ പങ്കില്ലെന്ന് ആണയിടുന്ന, അതിൽ ശിക്ഷിക്കപ്പെട്ട ആൾക്ക് നേരെ പൊതുജനത്തിന്റെ കണ്ണിൽ പൊടിയിടാൻ നടപടിയെടുത്ത CPM ഭരിക്കുമ്പോൾ ടി.പി. കേസിലെ പ്രതികൾക്ക് അന്യായവും അനർഹവുമായ പരോളും ജയിലുകളിൽ ഫൈവ് സ്റ്റാർ VIP പരിരക്ഷയും ലഭിക്കുന്നു. ജയിലിൽ ലഭിക്കുന്ന അനധികൃത ആശയ വിനിമയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രാജ്യാന്തര സ്വർണ്ണക്കടത്ത് അടക്കമുള്ള കുറ്റകൃത്യങ്ങൾ ഏകോപിപ്പിക്കുന്നു.

CPM കേരളത്തിലെവിടെയെങ്കിലും ഒരു വാർഡിൽ നേടിയ വിജയം പോലും ഒഞ്ചിയത്തെ RMPl പ്രവർത്തകരെ കടന്നാക്രമിക്കാനുള്ള അവസരമായി കാണുന്ന അക്രമി സംഘങ്ങൾ നാട്ടിലുണ്ട്. രൂപീകൃതമായിട്ട് പതിനാലു വർഷം പിന്നിടുന്ന RMPI ഇതിനോടകം അതിന്റെ സംസ്ഥാന സെക്രട്ടറി ആയിരുന്ന ടി.പി.യുടെ രക്തസാക്ഷിത്വത്തിന് മുൻപും ശേഷവും അവർ നടത്തിയ ശാരീരിക കടന്നാക്രമണങ്ങൾ ഒറ്റവരിയിൽ എഴുതിപ്പോവാനാവില്ല.

അതിനൊന്നിനും തകർക്കാനാവാതെ ഞങ്ങൾ പൊരുതി മുന്നേറുക തന്നെയാണ്. ഇന്ന് വൈകിട്ട് ഓർക്കാട്ടേരിയെ അക്ഷരാർത്ഥത്തിൽ ചെങ്കടലാക്കി നടക്കാൻ പോവുന്ന ആയിരങ്ങളുടെ മഹാറാലി ഈ മുന്നേറ്റത്തിന്റെ സാക്ഷ്യം പറയും.

മുഴുവൻ മനുഷ്യ സ്നേഹികൾക്കും ഇന്ന് ഓർക്കാട്ടേരിയിലേക്ക് സ്വാഗതം .

പ്രാണനും വഴിവിളക്കുമായിരുന്ന ആത്മസഖാവേ, നീയില്ലാത്ത പത്തു വർഷങ്ങളല്ല, പ്രാണഞരമ്പുകളിൽ അത്രമേൽ നിറഞ്ഞിരുന്ന് നീ നയിച്ച ദിനങ്ങളാണത്രയും കടന്നു പോയത്. അവ തന്നെയാണ് വരാനിരിക്കുന്നതും.

Full View


Tags:    
News Summary - K.K. Rema in memory of T.P. Chandrasekharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.