കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പി.വി. അൻവർ നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെ സി.പിഎമ്മിനെതിരെ പരിഹാസ കുറിപ്പുമായി കെ.കെ. രമ എം.എൽ.എ. ‘ഇന്നോവ.. മാഷാ അള്ളാ!!..’ എന്നാണ് രമ ഫേസ്ബുക്കിൽ കുറിച്ചത്. 2012ൽ ടി.പി ചന്ദ്രശേഖരനെ അതിക്രൂരമായി വെട്ടിക്കൊന്ന ശേഷം അന്വേഷണം വഴിതിരിച്ചുവിടാൻ കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവ കാറിൽ മാഷാ അല്ലാഹ് സ്റ്റിക്കറൊട്ടിച്ച സംഭവം ഏറെ ചർച്ചയായിരുന്നു.
പോസ്റ്റിന് താഴെ നിരവധി പേർ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. അൻവറിനെ തേടിയും ഇന്നോവ എത്തുമോ എന്ന് ചിലർ ചോദിക്കുന്നു.
പരസ്യ പ്രസ്താവന നടത്തരുതെന്ന സി.പി.എം വിലക്ക് ലംഘിച്ചാണ് ഇന്ന് വൈകുന്നേരം രണ്ടു മണിക്കൂറോളം നീണ്ട വാർത്ത സമ്മേളനം അൻവർ നടത്തിയത്. പാർട്ടിയിലുള്ള വിശ്വാസം ആയിരം ശതമാനം നഷ്ടപ്പെട്ടുവെന്ന് വ്യക്തമാക്കിയ അൻവർ, തന്നെ പിണറായി വിജയൻ വഞ്ചിച്ചെന്നും പറഞ്ഞു. എം.എൽ.എ സ്ഥാനം രാജിവെക്കില്ലെന്ന് പറഞ്ഞ അൻവർ, എൽ.ഡി.എഫ് യോഗത്തിലോ പാർലമെന്‍ററി പാർട്ടി യോഗത്തിലോ ഇനി മുതൽ പങ്കെടുക്കില്ലെന്നും വ്യക്തമാക്കി.
സി.പി.എം പ്രവർത്തകരോടൊപ്പം താൻ ഉണ്ടാകും. പിതാവിന്‍റെ സ്ഥാനത്താണ് പിണറായി വിജയനെ കണ്ടത്. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറിൽ നിന്ന് പൂജ്യമായി. സി.പി.എമ്മിൽ ഒരു റിയാസ് മാത്രം മതിയോ? ഒരാൾക്ക് വേണ്ടി പാർട്ടി സംവിധാനം തകർക്കുന്നു. ബാക്കിയുള്ളവർക്കും നിലനിൽക്കേണ്ടേയെന്നും അൻവർ ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.