തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കേന്ദ്രസർക്കാർ ഫണ്ട് അനുവദിക്കാത്തതിൽ വിമർശനവുമായി കെ.കെ. ശൈലജ എം.എൽ.എ. ദുരന്ത ഭൂമിയിലെത്തി പ്രധാനമന്ത്രി കുട്ടികളെ താലോലിക്കുകയും മാധ്യമങ്ങളിൽ നല്ല വാർത്തകൾ വരികയും ചെയ്തു. എന്നാൽ സഹായധനമായി അഞ്ച് പൈസ അനുവദിക്കാൻ കേന്ദ്രം തയാറായിട്ടില്ലെന്ന് അവർ ചൂണ്ടിക്കാട്ടി. ദുരിതാശ്വാസത്തിനായി സംസ്ഥാന സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾ എല്ലാവരും പിന്തുണക്കണമെന്നും നിയമസഭയിൽ വയാനാട് പുനരധിവാസവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചർച്ചയിൽ ശൈലജ ആവശ്യപ്പെട്ടു.
“ബഹുമാന്യനായ പ്രധാനമന്ത്രി ഇവിടെ വന്നുനോക്കി. കുട്ടികളെയൊക്കെ താലോലിച്ചു, മാധ്യമങ്ങളിലൊക്കെ നല്ല വാർത്ത വന്നു. അതു കണ്ടപ്പോൾ നമുക്കും ഒരാശ്വാസം തോന്നി. പ്രധാനമന്ത്രി ഇത്രയും സ്നേഹത്തോടെ പെരുമാറുന്നു. ദുരിതാശ്വാസ ക്യാമ്പിലൊക്കെ ഒരുപാട് സമയം അദ്ദേഹം ചെലവഴിച്ചു. പക്ഷേ നമുക്ക് എന്താണ് കിട്ടിയത്? എന്തെങ്കിലും അനുവദിച്ചോ? അഞ്ച് പൈസ തരാൻ തയാറായിട്ടില്ല. 1200 കോടിയുടെ നാശനഷ്ടം ഉണ്ടാകുമ്പോൾ നമ്മുടെ ഈ കൊച്ചുകേരളം അത് എങ്ങനെ പരിഹരിക്കും. 2018ൽ പ്രളയമുണ്ടായപ്പോഴും നമുക്ക് വലിയ നാശനഷ്ടമുണ്ടായി. ഇത്തരം അവസരങ്ങളിൽ സംസ്ഥാനങ്ങളെ സഹായിക്കുക എന്നതാണ് ഫെഡറൽ വ്യവസ്ഥയുടെ ധാർമികത. കേന്ദ്രം സഹായം നൽകാത്തതിൽ സഭക്ക് പുറത്തും പ്രതിഷേധിക്കണം” -കെ.കെ. ശൈലജ പറഞ്ഞു.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭരണ - പ്രതിപക്ഷ ഭേദമില്ലാതെ എല്ലാവരും ഇടപെട്ടെന്നും ലോകത്തിന് മാതൃകയായ സന്നദ്ധ പ്രവർത്തനമാണെന്നും കെ.കെ. ശൈലജ പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് പണം സംഭാവന ചെയ്യാൻ സർക്കാർ ആഹ്വാനം ചെയ്തപ്പോൾ വളരെ പോസിറ്റീവായാണ് കേരളം അക്കാര്യം കണ്ടത്. എന്നാൽ അതിനെ വിമർശിച്ച് എത്രപേർ വന്നു? കൊടുക്കരുതെന്ന് ആഹ്വാനം ചെയ്യുന്നത് ശരിയായ കാര്യമല്ല. ദുരന്തമുഖത്തെ പുനരധിവാസത്തിന് സംസ്ഥാന സർക്കാറിനെ എല്ലാവരും പിന്തുണക്കണമെന്നും അവർ പറഞ്ഞു.
പ്രധാനമന്ത്രി വന്നത് ഫോട്ടോഷൂട്ടിനാണെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച ടി. സിദ്ദിഖ് വിമർശിച്ചു. ദുരന്തം നടന്നിട്ട് 76 ദിവസമായി. തുടക്കത്തിലെ ആവേശം പുനരധിവാസത്തിൽ കാണുന്നില്ല. ദുരന്തബാധിതർ വലിയ പ്രയാസം നേരിടുകയാണ്. ഇപ്പോഴും വലിയ പ്രയാസത്തിലും വേദനയിലുമാണ് അവർ കഴിയുന്നത്. പരിക്കേറ്റ പലരും ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണെന്നും സിദ്ദിഖ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.