കണ്ണൂർ: തനിക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്‍റിട്ടയാളെ കോടതി ശിക്ഷിച്ചതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം നേതാവ് കെ.കെ. ശൈലജ. 'പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയിലെന്നാണല്ലോ. ഈ വ്യാജന്മാരെ പാലക്കാട്ടെ ജനത തിരിച്ചറിഞ്ഞ് മറുപടി നല്‍കും' -ശൈലജ ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ വടകരയിലെ ഇടത് സ്ഥാനാർഥിയായിരുന്ന ശൈലജക്കെതിരെ സമൂഹമാധ്യമങ്ങളിൽ അശ്ലീല കമന്‍റിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകനായ കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി മെബിന്‍ തോമസിനെയാണ് കോടതി ശിക്ഷിച്ചത്. കോടതി പിരിയും വരെ തടവുശിക്ഷയും 15,000 രൂപ പിഴയുമാണ് ശിക്ഷ. നാദാപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. ഡി.വൈ.എഫ്.ഐ ചാത്തങ്കോട്ട്നട മേഖലാ കമ്മിറ്റി നല്‍കിയ പരാതിയിലാണ് നടപടി.
വടകര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാന്യതയുടെ എല്ലാ സീമകളും ലംഘിച്ചുള്ള വ്യാജപ്രചാരണമാണ് യു.ഡി.എഫ് നേതാക്കളും അണികളും അവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ വഴി നടത്തിയതെന്ന് കെ.കെ. ശൈലജ പറഞ്ഞു. തെരഞ്ഞെടുപ്പിന് ശേഷവും നീചമായ ആക്രമണമാണ് തനിക്കെതിരെ യു.ഡി.എഫ് സൈബര്‍ വിങ് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് അന്ന് തന്നെ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് തൊട്ടിൽപ്പാലം സ്വദേശി മെബിന്‍ തോമസിനെ കോടതി ശിക്ഷിച്ചിരിക്കുന്നു. പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർഥിയുടെ നേതൃത്വത്തിലായിരുന്നു വടകര പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രചാരണം നടന്നിരുന്നത്. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കള്ളപ്പണം കടത്തിയതുമായി ബന്ധപ്പെട്ട സംശയാസ്പദമായ വിവരങ്ങള്‍ പുറത്തുവരുന്ന ഘട്ടത്തില്‍ ശിക്ഷവിധിച്ചുകൊണ്ട് വന്ന ഈ വിധി നിര്‍ണായകമാണെന്നും ശൈലജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.