കണ്ണൂർ: പാനൂർ പാലത്തായിയിൽ സ്കൂൾ വിദ്യാർഥിനിയെ ബി.ജെ.പി േനതാവും അധ്യാപകനുമായ പത്മരാജൻ പീഡിപ്പിച്ച കേസിൽ പ്രതികരണവുമായി സ്ഥലം എം.എൽ.എയും മന്ത്രിയുമായ കെ.കെ. ശൈലജ.
എെൻറ നിയോജക മണ്ഡലത്തിലെ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ തന്നെ പ്രശ്നത്തില്‍ എം.എൽ.എ എന്ന നിലയിൽ ഇടപെടാന്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ തിരക്കിനിടയിലും സമയം കണ്ടെത്തിയിരുന്നു. ഡി.വൈ.എസ്.പിയോട് ആ കേസിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
പിന്നീട് പ്രതിയുടെ അറസ്റ്റ് വൈകുന്നു എന്ന് കണ്ടപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. പ്രതിയുടെ കുറ്റപത്രം സമർപ്പിച്ചില്ല എന്ന കാര്യം ഡി.ജി.പിയെ അറിയിച്ചു. പാവപ്പെട്ട പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസിൽ ആർ.എസ്.എസുകാരനായ പ്രതിക്കു വേണ്ടി ഞാൻ നിലകൊണ്ടു എന്ന അപവാദപ്രചാരണം എന്നെ വ്യക്തിപരമായി അറിയുന്ന ആരും വിശ്വസിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇത്തരം കേസിൽ പ്രതിയായ അധ്യാപകൻ സമൂഹത്തിന് തന്നെ അപമാനമാണ്. അയാൾക്ക് അർഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ടെന്നും കെ.കെ. ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു.
കെ.കെ ശൈലജ ടീച്ചർ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റിെൻറ പൂർണരൂപം:
കുറേ ദിവസങ്ങളായി പാലത്തായി കേസുമായി ബന്ധപ്പെട്ട് ചിലർ രാഷ്ട്രീയ പ്രേരിതവും വ്യക്തിഹത്യാപരവുമായ പരാമർശം നടത്തിക്കൊണ്ട് പോസ്റ്റുകൾ ഇട്ടുകൊണ്ടിരിക്കുകയാണ്. ഇത് സംബന്ധിച്ച നിജസ്ഥിതി നാട്ടിലെ ബഹുജനങ്ങൾ അറിയേണ്ടതുണ്ടെന്ന് കരുതുന്നു.
എൻ്റെ നിയോജക മണ്ഡലത്തിലെ ഒരു പെൺകുട്ടി പീഡിപ്പിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ തന്നെ പ്രശ്നത്തില്‍ എംഎൽഎ എന്ന നിലയിൽ ഇടപെടാന്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ തിരക്കിനിടയിലും ഞാൻ സമയം കണ്ടെത്തിയിരുന്നു. പെൺകുട്ടിയുടെ കുടുംബവുമായി ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ പെൺകുട്ടിയുടെ അമ്മാവനും, ആക്ഷൻ കമ്മിറ്റി ചെയർമാനും, മറ്റു കമ്മിറ്റി അംഗങ്ങളും ഡി. വൈ. എസ്. പിയുടെ മുന്നിൽ പരാതി ബോധിപ്പിക്കാൻ നിൽക്കുകയായിരുന്നു. അവരുടെ മുന്നിൽ വച്ച് തന്നെ ഡി.വൈ.എസ്.പിയോട് ആ കേസിൽ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും പ്രതിയെ ഉടനെ അറസ്റ്റ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
പിന്നീട് പ്രതിയുടെ അറസ്റ്റ് വൈകുന്നു എന്ന് കണ്ടപ്പോൾ ഇക്കാര്യം ബഹു. മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ലോക്കൽ പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണം ഉയർന്നപ്പോൾ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ച് അന്വേഷണം ശക്തമാക്കാൻ ഗവൺമെൻ്റ് തീരുമാനിച്ചു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ ജാമ്യാപേക്ഷ കോടതിയിൽ സമർപ്പിക്കുന്ന സമയത്ത് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചില്ല എന്ന കാര്യം ശ്രദ്ധയിൽ പെട്ടപ്പോൾ ഇക്കാര്യം ഡിജിപിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇടക്കാല കുറ്റപത്രം സമർപ്പിക്കുകയാണെന്നും പോക്സോ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും അറിയിച്ചു. ഒരു പാവപ്പെട്ട പെൺകുട്ടി പീഡിപ്പിക്കപ്പെട്ട കേസിൽ ആർഎസ്എസ്കാരനായ പ്രതിക്കു വേണ്ടി ഞാൻ നിലകൊണ്ടു എന്ന അപവാദപ്രചാരണം എന്നെ വ്യക്തിപരമായി അറിയുന്ന ആരും വിശ്വസിക്കുമെന്ന് ഞാൻ കരുതുന്നില്ല. ഇത്തരം കേസിൽ പ്രതിയായ അദ്ധ്യാപകൻ സമൂഹത്തിന് തന്നെ അപമാനമാണ്. അയാൾക്ക് അർഹമായ ശിക്ഷ ലഭിക്കേണ്ടതുണ്ട്.
സർക്കാർ ഇക്കാര്യത്തിൽ നിയമപരമായി ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യുന്നതാണ്. പെൺകുട്ടിയുടെ കുടുംബവുമായി വീണ്ടും ബന്ധപ്പെട്ടിരുന്നു. ആ കുട്ടിയുടെ സംരക്ഷണത്തിന് ആവശ്യമായ എല്ലാ നടപടികളും വനിതാ ശിശു വികസന വകുപ്പ് മന്ത്രി എന്ന നിലയിൽ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.