രാജ്യത്തെ ഒരു രാഷ്ട്രീയ പാർട്ടിയുമായും സീറോ മലബാർ സഭക്ക് തൊട്ടുകൂടായ്മയില്ലെന്ന് മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമ്മിസ് കാത്തോലിക്കാ ബാവ. ബി.ജെ.പിയുമായി ബന്ധമുണ്ടാക്കുന്നതിൽ തെറ്റൊന്നും കാണുന്നില്ല. വടക്കൻ സംസ്ഥാനങ്ങളിൽ പള്ളികൾക്ക് നേരെ ചില അക്രമ സംഭവങ്ങൾ നടക്കുന്നുണ്ട്. അതിന്റെ പേരിൽ ബി.ജെ.പിയെ അകറ്റി നിർത്തേണ്ടതില്ല എന്ന നിലപാടാണ് ആർച്ച് ബിഷപ്പ് സ്വീകരിച്ചതെന്ന് ക്ലിമ്മിസ് ബാവ പറയുന്നു. ഇംഗ്ലീഷ് പത്രത്തിനു നൽകിയ അഭിമുഖത്തിലാണ് ക്ലിമ്മിസ് ബാവ നിലപാട് വ്യക്തമാക്കിയത്. ജനസംഘത്തിന് രണ്ട് എം.പിമാർ മാത്രം ഉണ്ടായിരുന്ന കാലമുണ്ടായിരുന്നു. അവരാണ് ഇന്ന് രാജ്യം ഭരിക്കുന്നത്. സഭ എന്താണെന്നും എന്തൊക്കെ പ്രവൃത്തികളാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും ഭരണാധികാരികളെ അറിയിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ബി.ജെ.പിയുമായി ചർച്ചകൾ നടത്തേണ്ടത് ആവശ്യമാണ്.
സഭക്ക് ആരോടും തൊട്ടുകൂടായ്മയില്ല. എല്ലാവരോടും തുറന്ന സമീപനം വേണം. നമ്മുടെയെല്ലാം പൂർവികർ ഹിന്ദുക്കളാണ് എന്നുള്ളത് ചരിത്ര വസ്തുതയാണ്. ഇവിടെയുള്ളത് ഇന്ത്യന്‍ ക്രിസ്ത്യാനികളാണ്. 2000 വര്‍ഷമായി ഇവിടെ സൗഹാര്‍ദപരമായി ജീവിക്കുന്നവരാണ് എല്ലാവരുമെന്നും ക്ലിമ്മിസ് ബാവ പറഞ്ഞു.
യു.ഡി.എഫിനെ പോലെ തന്നെ എൽ.ഡി.എഫ് സർക്കാരും സഭയുടെ ആവശ്യങ്ങൾ തുറന്ന മനസോടെ കേൾക്കാറുണ്ട്. കമ്യൂണിസ്റ്റ് പാർട്ടികളെ സ്ഥിരമായി ശത്രുപക്ഷത്ത് നിർത്തേണ്ടതില്ല. വിമോചന സമരക്കാലത്ത് കമ്യൂണിസ്റ്റ് പാർട്ടികൾക്കെതിരെ കത്തോലിക്ക സഭ സ്വീകരിച്ച നിലപാടുകള്‍ക്ക് അന്ന് കാരണമുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അങ്ങനെയില്ല. മുഖ്യമന്ത്രിയോട് നേരിട്ട് സംസാരിക്കാനുള്ള ഇടം ഇപ്പോഴുമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനങ്ങൾ എടുക്കാൻ ഇച്ഛാശക്തിയുള്ള നേതാവാണെന്നും ക്ലിമ്മിസ് ബാവ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.