തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ മുഖ്യമന്ത്രി മോഹത്തെ പിന്തുണക്കാത്തതാണ് കെ.എം. മാണിയെ ബാർ കോഴക്കേസിൽ കുടുക്കിയതിനുപിന്നിലെന്ന് വെളിപ്പെടുത്തൽ. ബാർ കോഴ ആരോപണം വന്നയുടൻ മുതിർന്ന നേതാവായ തനിക്കെതിരെ ത്വരിതാന്വേഷണം പ്രഖ്യാപിച്ച അന്നത്തെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നടപടിയിൽ സംശയം പ്രകടിപ്പിക്കുന്ന കെ.എം. മാണിയുടെ ആത്മകഥ വ്യാഴാഴ്ച പുറത്തിറങ്ങും.
മാണി ഇങ്ങനെ എഴുതുന്നു: ‘രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് എന്നെ സമീപിച്ച കോൺഗ്രസ് നേതാവിന്റെ അഭിപ്രായങ്ങൾക്ക് ഞാനത്ര വിലകൽപിച്ചില്ല. ഇതായിരിക്കാം ബാർ കോഴക്കേസിലെ അദ്ദേഹത്തിന്റെ നിലപാട് രൂപപ്പെടുത്തിയത്. എനിക്കെതിരെയുള്ള വടിയായി അദ്ദേഹം ആരോപണത്തെ കണ്ടിരിക്കാം. ‘ഇത്തിരി വെള്ളം കുടിക്കട്ടെ, ഒരു പാഠം പഠിക്കട്ടെ’ എന്ന് മനസ്സിൽ പറഞ്ഞിരിക്കാം. കിട്ടിയ അവസരം കളയേണ്ട എന്നദ്ദേഹം കരുതിയെന്നാണ് എന്റെ അനുമാനം’’
ബാറുടമ ബിജു രമേശ് തനിക്കെതിരെ ഉന്നയിച്ച ബാർ കോഴ ആരോപണത്തിന് ചില കോൺഗ്രസ് നേതാക്കളുടെ പിൻബലമുണ്ടായിരുന്നെന്നും മാണി തുറന്നടിക്കുന്നു. അവർ ആരൊക്കെയെന്ന വ്യക്തമായ സൂചന നൽകുന്ന വരികൾ ഇങ്ങനെ: ‘യു.ഡി.എഫിന്റെ ഒരു നേതാവിനെ വട്ടമിട്ടാക്രമിച്ച ഒരാളുടെ മകളുടെ കല്യാണാഘോഷത്തിൽ പങ്കെടുക്കാൻ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പിന്നീട് അയാളുടെ വീട്ടിൽ പോയി വിവാഹനടത്തിപ്പുകാരായി മാറി. അത് മാധ്യമങ്ങൾ വലിയ വാർത്തയാക്കി. സഹപ്രവർത്തകനെ വേട്ടയാടുന്ന ഒരു വൈരിയുടെ വീട്ടിൽ പോയ സാഹചര്യം ഒഴിവാക്കാമായിരുന്നു. ഞാനാണെങ്കിൽ പോകുമായിരുന്നില്ല’’
യു.ഡി.എഫിന്റെ ശിൽപികളിലൊരാളായ തനിക്ക് ബാർ കോഴക്കേസിൽ യു.ഡി.എഫിൽനിന്ന് ലഭിക്കേണ്ട പിന്തുണ ലഭിച്ചില്ല എന്നത് വേദനിപ്പിച്ചു. ആ സമയത്ത് ഒന്നിലധികം തവണ രാജിവെക്കാൻ ഒരുങ്ങിയതാണ്. മന്ത്രിസഭയിലെ സഹപ്രവർത്തകർ വിലക്കിയതിനാലാണ് പിന്മാറിയത്. അന്വേഷണ വിവരങ്ങൾ ചോർത്തിനൽകി അപകീർത്തിപ്പെടുത്താൻ ശ്രമങ്ങളുണ്ടായെന്നും ആത്മകഥയിൽ പറയുന്നു.
480 പേജ് വരുന്ന ആത്മകഥയിൽ അവസാന ഭാഗത്ത് പ്രത്യേകം അധ്യായത്തിലാണ് രാഷ്ട്രീയജീവിതത്തിൽ ഏറ്റവും ദുഃഖകരമെന്ന് വിശേഷിപ്പിക്കുന്ന ബാർ കോഴ കേസിനെക്കുറിച്ച് മാണി മനസ്സ് തുറക്കുന്നത്. നിയമസഭ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുസ്തകം പ്രകാശനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.