കോഴിക്കോട്: സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ് ലിം ലീഗ് നേതാവ് കെ.എം. ഷാജി. മുസ് ലിം ലീഗിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ആരും ഇടപെടേണ്ടെന്നും കെ.എം. ഷാജി പറഞ്ഞു.
ലീഗിന്‍റെ ജനറൽ സെക്രട്ടറി ആരെന്ന് തീരുമാനിക്കാൻ പാർട്ടിക്ക് സംവിധാനമുണ്ട്. സിറാത്ത് പാലം, കാഫിർ തുടങ്ങിയവയിൽ ഉമർ ഫൈസിയുടെ ഉപദേശം സി.പി.എമ്മിന് സ്വീകരിക്കാമെന്നും കെ.എം. ഷാജി വ്യക്തമാക്കി.
ഉത്തരേന്ത്യയിൽ ബി.ജെ.പി ചെയ്യുന്ന ജോലി കേരളത്തിൽ സി.പി.എം ഏറ്റെടുത്തിരിക്കുകയാണ്. വടകരയിൽ ലീഗിന്‍റെ കൊടി കാണുമ്പോൾ ഹാലിളകുന്ന സി.പി.എം ഒരു ഭാഗത്തണെങ്കിൽ, ഇതേ വർഗീയതയാണ് വടക്കേന്ത്യയിൽ പച്ചക്കൊടി കാണുമ്പോൾ ആർ.എസ്.എസുകാരന് ഉണ്ടാകുന്നത്.
വടക്കേന്ത്യയിലെ ആർ.എസ്.എസിന്‍റെ മനോവൈകൃതത്തെ അതേ രൂപത്തിൽ സംസ്ഥാനത്ത് ഏറ്റെടുക്കുന്നത് സി.പി.എം ആണ്. കേരളത്തിൽ ഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്ന സംഘമായി സി.പി.എം മാറിയെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.
ഉമർ ഫൈസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.എസ്.എഫ് നേതാവ് സി.കെ. ജനാഫ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഉപാധികളില്ലാതെ ലാഭേഛകളില്ലാതെ മുശാവറയിൽ ഇരുന്ന പാരമ്പര്യത്തിന് കർമ്മം കൊണ്ടും ശബ്ദം കൊണ്ടും അപവാദമാണ് ഉമർ ഫൈസി മുക്കം എന്നാണ് സി.കെ. ജനാഫ് ഫേസ്ബുക്ക് കുറിച്ചത്.
നന്ദി പറയാൻ വന്ന് കയറുന്നവർക്ക് ഒരു ഇരിപ്പിടം കെട്ടിയത് ആശയഭദ്രതയിൽ അല്ല. വ്യക്തി നേട്ടങ്ങൾക്കാണ്. അത് വ്യക്തി താല്പര്യത്തിലധിഷ്ഠിതവുമാണ്. ഉപാധികളില്ലാതെ, ലാഭേഛകളില്ലാതെ മുശാവറയിൽ ഇരുന്ന പാരമ്പര്യത്തിന് കർമ്മം കൊണ്ടും ശബ്ദം കൊണ്ടും ഒരു അപവാദമാണ് ബഹുമാന്യനായ മുക്കം ഉമർ ഫൈസി. കലഹം, വിദ്വേഷം, വ്യക്തിയധിക്ഷേപം, എത്തീസ്റ്റ് നെക്ഷസ് ഇവയെല്ലാത്തിലും സമൂഹത്തിന് മാതൃകയേ കാണാൻ കഴിഞ്ഞില്ലെന്ന് ജനാഫ് വിമർശിക്കുന്നു.
സമസ്തയിലെ മുസ്ലിം ലീഗ് വിരുദ്ധരും അനുകൂലികളും തമ്മിൽ ഭിന്നത രൂക്ഷമായിരിക്കേ ഉമർ ഫൈസിയുടെ വീട്ടിൽ സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയും എൽ.ഡി.എഫ് സ്ഥാനാർഥിയുമായ എം.വി. ജയരാജൻ സന്ദർശനം നടത്തിയിരുന്നു.
ഇത് വലിയ വിമർശനങ്ങൾ വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.