തിരുവനന്തപുരം: ഐ.എസ്.ഐ.എസിനേക്കാൾ വലിയ ഭീകരസംഘടനയാണ് കണ്ണൂരിൽ പി.ജയരാജൻ നേതൃത്വം നൽകിയിരുന്ന സി.പി.എം എന്ന് മുസ്‍ലിം ലീഗ് നേതാവ് കെ.എം ഷാജി. അരിയിൽ ഷുക്കൂർ വധക്കേസ് ആർ.എസ്.എസ്-സി.പി.എം ബാന്ധവത്തിന്റെ തെളിവാണെന്നും കെ.എം. ഷാജി പറഞ്ഞു. കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രധാനമന്ത്രിയുടെ കീഴിലുള്ള പേഴ്സണൽ മന്ത്രാലയത്തിന് കത്തയച്ചപ്പോൾ അത് തള്ളിക്കളയുകയായിരുന്നു അവർ ചെയ്തത്. പിന്നീട് കോടതി ഇടപെടലിലാണ് കേസ് സി.ബി.ഐക്ക് വിട്ടത്.
കേസിൽ എന്തെങ്കിലും നീക്കുപോക്കുണ്ടാകുമോയെന്ന് നോക്കാനാണ് കഴിഞ്ഞ ദിവസം പി. ജയരാജൻ ഐ.എസുമായി ബന്ധപ്പെട്ട പരാമർശം നടത്തിയതെന്നും ഷാജി പറഞ്ഞു. കൊന്നവരെയല്ല, കൊല്ലിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടു വരാനാണ് ഷുക്കൂർ വധക്കേസിന്റെ തുടക്കം മുതൽ മുസ്‍ലിം ലീഗ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലും ഇതേ പാറ്റേൺ തന്നെയാണ് മുസ്‍ലിം ലീഗ് പിന്തുടർന്നത്. കൊന്നവർക്കൊപ്പം കൊല്ലിച്ചവർ കൂടി പ്രതികളായതോടെയാണ് കണ്ണൂരിലെ രാഷ്ട്രീയം കുറേക്കൂടി ശാന്തമായതെന്നും കെ.എം. ഷാജി പറഞ്ഞു.
മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ ഷൂക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സി.പി.എം നേതാക്കൾ വിചാരണ നേരിടണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. കണ്ണൂർ മുൻ ജില്ല സെക്രട്ടറി പി. ജയരാജന്റെയും മുൻ എം.എൽ.എ ടി.വി. രാജേഷിന്റെയും വിടുതൽ ഹരജി തള്ളിയാണ് സി.ബി.ഐ പ്രത്യേക കോടതിയുടെ ഉത്തരവ് പുറത്ത് വന്നത്.
കേസിൽ വിചാരണ കൂടാതെ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് 2023 ജനുവരിയിലാണ് പി.ജയരാജനും ടി.വി. രാജേഷും സി.ബി.ഐ സ്പെഷൽ കോടതിയിൽ സംയുക്തമായി വിടുതൽ ഹർജി നൽകിയത്. ഇതാണ് ഇന്ന് സി.ബി.ഐ സ്പെഷൽ കോടതി ജഡ്ജി പി.ശബരിനാഥൻ തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.