അനധികൃത സ്വത്ത്: പിടികൂടിയ പണം കിട്ടണമെന്ന കെ.എം. ഷാജിയുടെ ഹരജി തള്ളി

കോഴിക്കോട്: അഴീക്കോട്ടെ വീട്ടിൽനിന്ന് വിജിലൻസ് പിടികൂടിയ 47.35 ലക്ഷം രൂപ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടുള്ള മുൻ എം.എൽ.എ കെ.എം. ഷാജിയുടെ അപേക്ഷ​ വിജിലൻസ് പ്രത്യേക ജഡ്​ജി ടി. മധുസൂദനൻ തള്ളി. പാർട്ടിയുടെ ബൂത്ത് കമ്മിറ്റികളിൽനിന്ന് കിട്ടിയ തെരഞ്ഞെടുപ്പ് ഫണ്ടാണ് പിടികൂടിയതെന്നതടക്കമുള്ള ഷാജിയുടെ വാദത്തിൽ വൈരുധ്യമുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് വിധി. ഷാജി തെരഞ്ഞെടുപ്പ്​ കമീഷനിൽ കാണിച്ചത്​ ചെറിയ തുകയാണെന്നാണ്​ വിജിലൻസ്​ ​ആരോപണം. കീഴ് കോടതി നടപടിക്കെതിരെ ഹൈകോടതിയെ സമീപിക്കുമെന്ന് ഷാജിയു​ടെ അഭിഭാഷകൻ അഡ്വ. എം. ഷഹീർ സിങ്​ പറഞ്ഞു.

ഷാജി 1.47 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിനെ തുടർന്നാണ്​ അഴീക്കോട്ടെ വീട്ടിൽ പരിശോധന നടത്തി പണം പിടികൂടിയത്. പണം സ്വീകരിച്ചതിന് 20,000 രൂപയുടെ രസീതി ഷാജി ഹാജരാക്കിയിരുന്നു. എന്നാല്‍, ഇത്രയും തുക രസീതി മുഖേന പിരിച്ചെടുക്കാന്‍ തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതിയില്ലെന്നായിരുന്നു ​പ്രോസിക്യൂഷൻ വാദം. 10,000 രൂപയില്‍ കൂടുതലുള്ള തുക ചെക്ക്, ഡി.ഡി മുഖേന സമര്‍പ്പിക്കണമെന്നാണ് ചട്ടമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. വലിയ തുകകളുടെ ഇടപാടുകള്‍ ബാങ്ക് വഴിയല്ലാതെ കെ.എം. ഷാജി നടത്തിയെന്നും പണം തിരികെ നല്‍കരുതെന്നുമുള്ള വാദം അംഗീകരിച്ചുകൊണ്ടാണ് വിധി.

പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ അഡ്വ. വി.കെ. ഷൈലജൻ ഹാജരായി. യു.ഡി.എഫ്‌ അഴീക്കോട്‌ സ്ഥാനാർഥിയും ലീഗ്‌ സംസ്ഥാന സെക്രട്ടറിയുമായ കെ.എം. ഷാജി അനധികൃതമായി 1.47 കോടി രൂപയുടെ സ്വത്ത്‌ സമ്പാദിച്ചെന്ന്​ കാണിച്ചാണ്​ വിജിലൻസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നത്.​‌​ പൊതുപ്രവർത്തകനായ അഡ്വ. എം.ആർ. ഹരീഷ്‌ നൽകിയ ഹരജിയിലാണ്‌ ഷാജിക്കെതിരെ പ്രാഥമികാന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ കോടതി ഉത്തരവിട്ടത്‌. ഇതിന്റെ ഭാഗമായ പരിശോധനയിലാണ് വീട്ടിൽനിന്ന് പണം പിടികൂടിയത്.

Tags:    
News Summary - KM Shaji's plea for return of money rejected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.