തിരുവനന്തപുരം: അടിയന്തരഘട്ടത്തിൽ ടെൻഡർ ഇല്ലാതെ പർച്ചേസ് നടത്താമെന്ന സർക്കാർ നിർദേശത്തിന്റെ മറവിൽ കേരള മെഡിക്കൽ സർവിസസ് കോർപറേഷൻ (കെ.എം.എസ്.സി.എൽ) കോവിഡ് കാലത്ത് 'തട്ടിക്കൂട്ട്' കമ്പനികളിൽ നിന്നടക്കം വാങ്ങിക്കൂട്ടിയത് കോടികളുടെ സാധനങ്ങൾ.
1600 കോടിയോളം രൂപയുടെ മെഡിക്കൽ ഉപകരണങ്ങളും മറ്റ് അവശ്യവസ്തുക്കളും വാങ്ങിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ധനകാര്യ പരിശോധന വിഭാഗം നടത്തിവരുന്ന അന്വേഷണത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
സ്റ്റോർ പർച്ചേസ് നിയമങ്ങൾ പാലിക്കാതെ ഒരുലക്ഷം രൂപക്ക് മുകളിലുള്ള വാങ്ങലുകൾ പാടില്ലെന്നും പ്രത്യേക കമ്മിറ്റികൾ രൂപവത്കരിക്കണമെന്നും കെ.എം.എസ്.സി.എൽ മാനേജിങ് ഡയറക്ടറുടെ പ്രത്യേക നിർദേശം നിലനിൽക്കുന്നുണ്ട്. എന്നാൽ, കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം മുൻനിർത്തി ടെൻഡറില്ലാതെ പർച്ചേസ് നടത്താമെന്ന് സർക്കാർ നിർദേശിച്ചതാണ് വലിയതോതിലെ വാങ്ങിക്കൂട്ടലിന് തുണയായത്.
ആരോഗ്യവകുപ്പിൽനിന്ന് കാണാതായ 500 ഓളം ഫലയുകളിൽ കോവിഡ് കാലത്തെ പർച്ചേസുമായി ബന്ധപ്പെട്ടവയും ഉൾപ്പെട്ടിട്ടുണ്ടെന്ന ആരോപണവും ഇതിനകം ഉയർന്നു. ഇതോടെ മെഡിക്കൽ സർവിസസ് കോർപറേഷനിൽ നടന്ന ക്രമക്കേടിന്റെ ആഴവും കൂടുകയാണ്.കോവിഡ് കാലത്തെ മരുന്ന് വാങ്ങലിന്റെ 3000 ഫയലുകൾ കമ്പ്യൂട്ടർ നെറ്റ്വർക്കിൽനിന്ന് നശിപ്പിച്ചത് വ്യക്തമായതിനെതുടർന്ന്, ഡിജിറ്റൽ ഡോക്യുമെന്റ് ഫയലിങ് സിസ്റ്റം (ഡി.ഡി.എഫ്.എസ്) സോഫ്റ്റ്വെയറിലൂടെയല്ലാതെ ഇനി ഇടപാടുകൾ പാടില്ലെന്ന കർശന നിർദേശം എം.ഡി നൽകിയിരിക്കുകയാണ്.
എന്നാൽ, എല്ലാം ഡി.ഡി.എഫ്.എസ് സംവിധാനത്തിലൂടെ മാത്രം മുന്നോട്ട് പോകാനാകില്ലെന്നും പലതും മാന്വലായും ചെയ്യേണ്ട സാഹചര്യം വരുമെന്നും മെഡിക്കൽ സർവിസസ് കോർപറേഷൻ ജനറൽ മാനേജറായി അടുത്തിടെ ചുമതലയേറ്റ ഡോ. ജോയ് പറഞ്ഞു. 224 കമ്പനികളുമായാണ് കഴിഞ്ഞ ആഗസ്റ്റുവരെ കെ.എം.എസ്.സി.എൽ ഇടപാട് നടത്തിയത്. കോവിഡ് കാലത്ത് പി.പി.ഇ കിറ്റും മാസ്കും ഉൾപ്പെടെ സാധനസാമഗ്രികൾ വിതരണം ചെയ്ത മിക്ക കമ്പനികളും തട്ടിക്കൂട്ടെന്ന വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.