മട്ടാഞ്ചേരി: നീണ്ട 14 വർഷത്തെ ഇടവേളക്കുശേഷം കൊച്ചി ഹാർബർ ടെർമിനലിൽനിന്ന് ട്രെയിൻ സർവിസ് ആരംഭിച്ചു. മൂന്ന് കോച്ചുകളുള്ള ഡെമു സർവിസാണ് ആരംഭിച്ചത്. രാവിലെ 9.15ഒാടെയാണ് വെല്ലിങ്ടൺ ഐലൻഡിലെ ഹാർബർ ടെർമിനലും എറണാകുളം സൗത്തുമായി ബന്ധപ്പെടുത്തിയുള്ള സർവിസ് ആരംഭിച്ചത്.
ടെർമിനലിൽനിന്ന് രാവിലെ എട്ടിനും വൈകീട്ട് അഞ്ചിനുമാണ് സർവിസ്. തിരിച്ച് സൗത്തിൽനിന്ന് രാവിലെ ഒമ്പതിനും വൈകീട്ട് 6.20നുമാണ് സർവിസ്. ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കുന്ന ഡെമു ശനി, ഞായർ ദിവസങ്ങളിൽ സർവിസ് നടത്തില്ല. 40 മിനിറ്റ് യാത്രദൈർഘ്യമുള്ള ഡെമു ഇടക്കുള്ള മട്ടാഞ്ചേരി ഹാൾട്ട് സ്റ്റേഷനിലാണ് നിർത്തുക. 300 യാത്രക്കാർക്കാണ് സഞ്ചരിക്കാൻ കഴിയുക.
കന്നിയാത്ര ചടങ്ങിൽ മുൻ മേയർ കെ.ജെ. സോഹൻ, ഓൾഡ് റെയിൽവേ സ്റ്റേഷൻ വികസന സമിതി ഭാരവാഹികളായ കെ.പി. ഹരിഹരകുമാർ, പി.വി. അതികായൻ, കുരുവിള മാത്യൂസ്, സി.ജി. രാജഗോപാൽ എന്നിവർ ചേർന്ന് പൂമാലയണിയിച്ച് മധുരപലഹാര വിതരണവും നടത്തി. റെയിൽവേ ഉദ്യോഗസ്ഥരായ ഹരികൃഷ്ണൻ, സതീഷ്, ബിജു, സുനിൽ എന്നിവരും പങ്കെടുത്തു.
കന്നിയാത്ര ഒന്നേകാൽ മണിക്കൂർ വൈകിയതോടെ വാത്തുരുത്തിയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. 2004 ജൂലൈ 28ന് മണ്ണുമാന്തിക്കപ്പൽ വെണ്ടുരുത്തി റെയിൽവേ പാലത്തിൽ ഇടിച്ചതിനെത്തുടർന്നാണ് ടെർമിനലിലേക്കുള്ള എല്ലാ ട്രെയിനുകളും തുറമുഖത്ത് ചരക്കുമായി പോകുന്ന ഗുഡ്സ് ട്രെയിനുകളും സർവിസ് നിർത്തിയത്. ഇത് പശ്ചിമകൊച്ചിയിലെ യാത്രക്കാരെ മാത്രമല്ല, തുറമുഖത്തെ ചരക്കുനീക്കത്തെയും ബാധിച്ചു.
ബലക്ഷയം വന്ന പാലത്തിെൻറ നിർമാണ പ്രവർത്തനങ്ങൾ ഇഴഞ്ഞാണെങ്കിലും പൂർത്തീകരിച്ച് റെയിൽവെ അധികൃതർ പച്ചക്കൊടി കാട്ടിയതോടെ തുറമുഖത്തെ ചരക്കുനീക്കവും പുനഃസ്ഥാപിക്കപ്പെട്ടു. ഇതിനിടെ വെണ്ടുരുത്തി പാലത്തിന് സമാന്തരമായി പുതിയ റെയിൽപാലം വന്നെങ്കിലും ടെർമിനലിലേക്ക് തീവണ്ടി കൂകിപ്പാഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.