കൊച്ചി: മൂന്നാർ രാജമലയിലെ െപട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ആശയവിനിമയത്തിന് ഇങ്ങ് കൊച്ചി നഗരത്തിലും ഒരു കേന്ദ്രം- ഒരു ഹാം റേഡിയോ കൺട്രോൾ റൂം. ഗാന്ധിനഗർ ഫയർ സ്റ്റേഷനോട് ചേർന്നാണ് പ്രവർത്തനം. മൊബൈൽ ഫോണുൾെപ്പടെ ആശയവിനിമയ സംവിധാനങ്ങളൊന്നും പ്രവർത്തിക്കാത്ത ദുരന്തഭൂമിയിൽനിന്ന് ഈ ഹാം റേഡിയോ നെറ്റ്്വർക്കിലൂടെയാണ് സർക്കാർ സംവിധാനങ്ങളും പുറംലോകവുമായുള്ള ആശയവിനിമയം നടക്കുന്നത്. സംസ്ഥാനത്താദ്യമായാണ് ഒൗദ്യോഗിക തലത്തിൽ രക്ഷാപ്രവർത്തനത്തിനായി ഹാം റേഡിയോ ഉപയോഗിക്കുന്നത്.
മുൻ വർഷങ്ങളിലെ പ്രളയാനുഭവങ്ങളെ തുടർന്ന് സംസ്ഥാന തലത്തിൽ പൊതുജനങ്ങളെ ഉൾപ്പെടുത്തി രൂപവത്കരിച്ച സിവിൽ ഡിഫൻസ് ടീമിെൻറ നേതൃത്വത്തിലാണ് ഹാം റേഡിയോ കൺട്രോൾ റൂമിെൻറ പ്രവർത്തനം. പെട്ടിമുടിയിലെ ദുരന്ത മേഖലയിൽ ഒരു വാഹനത്തിൽ മനോജ് എന്ന ടീമംഗം പ്രവർത്തിപ്പിക്കുന്ന ഹാം റേഡിയോ വഴിയാണ് ഗാന്ധിനഗറിലെ കൺട്രോൾ റൂമിേലക്ക് സന്ദേശങ്ങളെത്തുന്നത്.
ദുരന്തഭൂമിയിലെ ഓരോ രക്ഷാപ്രവർത്തകനും കൈമാറാനുള്ള സന്ദേശങ്ങൾ ഇത്തരത്തിൽ മനോജിലൂടെ ഒരേസമയം ഗാന്ധിനഗർ കൺട്രോൾ റൂമിലേക്കും ഇടുക്കി കലക്ടറേറ്റിലേക്കുമെത്തും. ഇവിടെനിന്നാണ് മറ്റു തലങ്ങളിലേക്കുള്ള സന്ദേശവിനിമയം നടക്കുന്നത്. മൃതദേഹങ്ങൾ കണ്ടുകിട്ടുന്നത്, രക്ഷാദൗത്യത്തിനാവശ്യമായ ഉപകരണങ്ങൾ എത്തിക്കേണ്ടത് തുടങ്ങി ഇത്തരത്തിൽ ഇടതടവില്ലാതെ സന്ദേശങ്ങൾ ഹാം റേഡിയോയിലൂടെ എത്തുകയും ഇത് പ്രാധാന്യത്തിനനുസരിച്ച് ഉടനടി വേണ്ടതു ചെയ്യുകയുമാണ് ഇവിടത്തെ സേനാംഗങ്ങൾ.
അനു ചന്ദ്രശേഖരൻ, വിഷ്ണു രവീന്ദ്രനാഥ് എന്നിവരാണ് ഗാന്ധിനഗറിലെ ഓപറേറ്റർമാർ. ആശയവിനിമയ സംവിധാനങ്ങൾ ഇല്ലാതിരുന്നതാണ് പെട്ടിമുടിയിലെ ദുരന്തത്തിെൻറ വ്യാപ്തി വർധിച്ചത്. അതുകൊണ്ടുതന്നെ ഹാം റേഡിയോ മാത്രമായിരുന്നു ഇതിനുള്ള പരിഹാരമെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. ഹാം റേഡിയോ നെറ്റ്്്വർക്കിലൂടെ ദുരന്തപ്രദേശത്തുനിന്നുള്ള ആശയവിനിമയവും തൽഫലമായി രക്ഷാപ്രവർത്തനവും കൂടുതൽ ഫലപ്രദമാവുന്നുണ്ടെന്നാണ് വിലയിരുത്തൽ.
വിനോദം, സന്ദേശ വിനിമയം, പരീക്ഷണം, പഠനം, അടിയന്തരസന്ദർഭങ്ങളിലെ വാർത്താവിനിമയം തുടങ്ങിയ ആവശ്യങ്ങൾക്ക് നിശ്ചിത ആവൃത്തിയിലുള്ള തരംഗങ്ങൾ ഉപയോഗിച്ച് സ്വകാര്യവ്യക്തികൾ നടത്തുന്ന റേഡിയോ സന്ദേശ വിനിമയമാണ് ഹാം റേഡിയോ അഥവാ അമച്വർ റേഡിയോ. 2004 ഡിസംബറിലുണ്ടായ സൂനാമിയിൽ ആൻഡമാൻ നിക്കോബർ ദ്വീപുകളിൽനിന്ന‌് ഹാം റേഡിയോ ഉപയോഗിച്ചായിരുന്നു ആശയവിനിമയം നടത്തിയത്. ഗുജറാത്ത് ഭൂചലനസമയത്തും ഹാം റേഡിയോ സംവിധാനം ഉപയോഗപ്പെടുത്തിയിരുന്നു. ട്രാൻസ്മിറ്ററും റിസീവറും ചേർന്ന ട്രാൻസീവർ ആണ് ഹാം റേഡിയോ സംവിധാനത്തിലെ മുഖ്യ ഉപകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.