കൊച്ചി: മെട്രോ െട്രയിനിൽ സ്ത്രീകൾക്ക് സീറ്റ് സംവരണം ഉണ്ടാകില്ല. സ്ത്രീകൾക്ക് സീറ്റ് സംവരണം ഏർപ്പെടുത്താത്തതുസംബന്ധിച്ച് വനിത കമീഷൻ കെ.എം.ആർ.എൽ അധികൃതരോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സീറ്റ് സംവരണം േവണ്ടെന്നാണ് കെ.എം.ആർ.എൽ തീരുമാനം.
സ്ത്രീകൾക്ക് സീറ്റ് സംവരണം വേണമെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വനിത കമീഷൻ കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജിനോട് 15 ദിവസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടത്. എന്നാൽ, കൊച്ചി മെട്രോയിലൂടെ പുതിയൊരു യാത്രസംസ്കാരം നടപ്പിൽവരുത്താനാണ് ഉദ്ദേശിക്കുന്നതെന്ന റിപ്പോർട്ടാകും നൽകുകയെന്ന് കെ.എം.ആർ.എൽ സൂചിപ്പിച്ചു. ഇക്കാര്യത്തിൽ ഉദ്ഘാടനത്തിനുമുമ്പേ നയം വ്യക്തമാക്കിയിട്ടുള്ളതാണെന്നും അവർ പറയുന്നു. യാത്രക്കാർക്ക് മുന്നിൽ ഒരുവിധ ലിംഗവിവേചനവും പാടില്ലെന്ന നിലപാട് ബോധപൂർവമായിതന്നെ കൈക്കൊണ്ടതാണെന്ന് കെ.എം.ആർ.എൽ അധികൃതർ ‘മാധ്യമ’ത്തോട് വ്യക്തമാക്കി. ട്രാൻസ്ജെൻഡേഴ്സിനെ ഉൾപ്പെടുത്തിയതടക്കം നടപടികൾ ഇതിെൻറ ഭാഗമാണ്.
ഡൽഹി മെട്രോയിൽ ഉൾപ്പെടെ സംവരണം ഉണ്ടെന്നും അതിനാൽ ഇവിടെയും നടപ്പിൽവരുത്തണമെന്നാണ് വനിത കമീഷൻ നിലപാട്. എന്നാൽ, ഡൽഹി ഉൾപ്പെടെ ഒരുമെട്രോ സർവിസിനെയും അനുകരിക്കാൻ കെ.എം.ആർ.എൽ ശ്രമിച്ചിട്ടില്ല. അതേസമയം, പ്രായമായവർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്ക് മെട്രോയിൽ പ്രത്യേകം സീറ്റുണ്ട്. കുട്ടികളെ എടുത്തുകൊണ്ട് വരുന്നവർക്കും ഇത് ലഭ്യമാണ്. പുതുതലമുറയുടെ യാത്രസംസ്കാരമാണ് തങ്ങൾ ഉദ്ദേശിക്കുന്നതെന്നും അവർ പറഞ്ഞു.മെട്രോയിൽ സ്ത്രീകൾക്ക് 33.33 ശതമാനം സീറ്റ് സംവരണം വേണമെന്നാണ് വനിത കമീഷൻ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.