കൊച്ചി: തൃപ്പൂണിത്തുറയിലേക്കും ഇൻഫോ പാർക്കിലേക്കുമുള്ള കൊച്ചി മെട്രോ യാത്ര യാഥാർഥ്യമാക്കുന്നതിനുള്ള പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ഒന്നാംഘട്ടത്തിൽ ഉൾപ്പെടുന്ന എസ്.എൻ ജങ്ഷൻ- തൃപ്പൂണിത്തുറ പാതക്ക് 1.163 കിലോമീറ്ററാണ് ദൂരം. തൃപ്പൂണിത്തുറയിലെ നിർമാണ പ്രവൃത്തി 85 ശതമാനത്തോളം പൂർത്തീകരിച്ചുവെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. മെട്രോ പാതയുടെ നിർമാണം 90 ശതമാനം പൂർത്തിയായി. ട്രാക്കിന്റെ പണികളും തുടർപ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.
നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഡിസംബറിൽ സ്റ്റേഷനിലേക്കുള്ള സർവിസ് ആരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. ഇവിടേക്കുള്ള സുരക്ഷ കമീഷണറുടെ പരിശോധന സെപ്റ്റംബറിലോ ഒക്ടോബറിലോ നടന്നേക്കും. സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണം പുരോഗമിക്കുകയാണ്. സ്റ്റേഷൻ പരിസരത്തെ ഇലക്ട്രിക്കൽ, പെയിന്റിങ് ജോലി അവസാനഘട്ടത്തിലാണ്. ജൂണിലെ കണക്ക് പ്രകാരം കൊച്ചി മെട്രോയിലെ പ്രതിദിന യാത്രക്കാരുടെ ശരാശരി എണ്ണം 82,024 ആണ്. എസ്.എൻ ജങ്ഷൻ വരെ നീട്ടിയതോടെ പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്.
ഇത് തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോൾ ഇനിയും കൂടുമെന്നാണ് പ്രതീക്ഷ. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിന് സമീപത്താണ് മെട്രോ സ്റ്റേഷൻ. അതിനാൽ ട്രെയിനിലെത്തുന്ന യാത്രക്കാർക്ക് ഏറെ സൗകര്യമായിരിക്കും മെട്രോ. ഇതിനോട് ചേർന്നുതന്നെ ബസ് ഡിപ്പോയും നിർമിച്ച് റെയിൽ, മെട്രോ, ബസ് സംയോജിത ഗതാഗത സംവിധാനമെന്ന ആശയം സാക്ഷാത്കരിക്കാനാണ് ശ്രമം. അതേസമയം, ബസ് ടെർമിനലിനെക്കുറിച്ച് ഇനിയും തീരുമാനമായിട്ടില്ല.
രണ്ടാംഘട്ടത്തിന്റെ സ്ഥലമേറ്റെടുപ്പ് നവംബറിൽ പൂർത്തീകരിക്കും. പാലാരിവട്ടം മുതൽ കുന്നുംപുറം വരെയുള്ള ഭൂമിയേറ്റെടുക്കൽ പൂർത്തീകരിച്ചു. ജെ.എൽ.എൻ സ്റ്റേഡിയം മുതൽ പാലാരിവട്ടം വരെയുള്ളത് സെപ്റ്റംബർ 30ന് അവസാനിക്കുമെന്നാണ് കരുതുന്നതെന്നും അധികൃതർ വ്യക്തമാക്കി. സ്റ്റേഷനുകളുടെ നിർമാണത്തിനുള്ള സ്വകാര്യ ഭൂമികൾ നവംബറോടെ ഏറ്റെടുക്കും. സ്റ്റേഷൻ നിർമാണത്തിനായി ഇൻഫോപാർക്കിന്റെയും കിൻഫ്രയുടെയും ഭൂമി കൈമാറുന്നതിനുള്ള ചർച്ചകൾ നടന്നുവരികയാണ്. സ്റ്റേഷനുകളുടെയും ട്രാക്കിന്റെയും രൂപരേഖ തയാറാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. വർക്ക് ടെൻഡർ ഉടൻ വിളിക്കും.
2023-24 ലെ വാർഷിക പദ്ധതി പ്രകാരം കെ.എം.ആർ.എല്ലിന്റെ നേതൃത്വത്തിലുള്ള നിർമാണ പ്രവൃത്തി, പ്രോജക്ട്, സ്ഥമലേറ്റെടുപ്പ് തുടങ്ങിയവക്കായി 954.86 കോടി മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത വകുപ്പ് സർക്കാറിൽ നിർദേശം സമർപ്പിച്ചിരുന്നു. തുടർന്ന് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതാധികാര സമിതി യോഗത്തിൽ നിർദേശം ചർച്ചചെയ്തു. ഇതുപ്രകാരം 739.77 കോടി നീക്കിവെക്കാൻ തീരുമാനിക്കുകയും ചെയ്തു.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മുതൽ ഇൻഫോപാർക്ക് വരെ നീളുന്ന കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്കായി ഏറ്റെടുക്കേണ്ട സർക്കാർ വകുപ്പുകളുടെ കൈവശമുള്ള ഭൂമി ഒരുമാസത്തിനകം വിട്ടുനൽകാൻ നിർദേശമുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.