കൊച്ചി: മദ്യപിച്ച് ബോധം മറഞ്ഞ മെട്രോ യാത്രക്കാരൻ എന്ന രീതിയില്‍ അങ്കമാലി സ്വദേശി എൽദോയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ മോശമായി പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സംഭവം സംബന്ധിച്ച് മാധ്യമങ്ങളിൽ വന്ന വാർത്ത അണ്ടർ സെക്രട്ടറി പൊലീസ് കമീഷണർക്ക് കൈമാറുകയും നടപടിയാവശ്യപ്പെടുകയുമായിരുന്നു. എൽദോയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച മലപ്പുറം സ്വദേശി നൂറുദ്ദീനെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം നടന്ന ദിവസം, നെഞ്ചുവേദനയെ തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അനുജൻ നോമിയെ കാണാൻ ഭാര്യയ്ക്കും മകൻ ബേസിലിനുമൊപ്പം എത്തിയതായിരുന്നു എൽദോ. വെൻറിലേറ്ററിലായിരുന്ന അനുജനെ കണ്ടതോടെ വിഷമിച്ചു കരഞ്ഞ എൽദോയെ ബന്ധുക്കൾ വീട്ടിലേക്ക് പറഞ്ഞയച്ചു.
തിരിച്ചുപോകുന്നതിനിടെ പാലാരിവട്ടത്ത് എത്തിയപ്പോൾ മകൻ ബേസിൽ മെട്രോയിൽ കയറണമെന്ന് ആവശ്യപ്പെട്ടു. ബസിൽനിന്ന് ഇറങ്ങിയ എൽദോയും കുടുംബവും പാലാരിവട്ടത്തുനിന്ന് ആലുവയിലേക്ക് യാത്ര തുടർന്നു. ഇതിനിടെ പനിയും അനുജനെ കണ്ടതിലുള്ള ദുഃഖവും മൂലം ക്ഷീണിതനായ എൽദോ മെട്രോ െട്രയിനിൽ അൽപനേരം സീറ്റിൽ കിടന്നു. ഇതുകണ്ട സഹയാത്രികർ മദ്യപനെന്ന് ധരിച്ച് ചിത്രങ്ങൾ മൊബൈലിൽ പകർത്തി. നൂറുദ്ദീൻ മെട്രോയിൽ മദ്യപൻ എന്ന അടിക്കുറിപ്പോടുകൂടി ചിത്രം പ്രചരിപ്പിക്കുകയായിരുന്നു. തെറ്റിദ്ധാരണകളുടെ പേരിൽ അപമാനിക്കപ്പെട്ട എൽദോക്ക് മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) പിന്നീട് 2000 രൂപയുടെ സൗജന്യ യാത്രാപാസ് നൽകിയിരുന്നു. സംഭവത്തിൽ വിഗലാംഗാവകാശ സംരക്ഷണനിയമമടക്കം വിവിധ വകുപ്പുകൾ ചുമത്തി സെൻട്രൽ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.