തൃശൂർ: കൊടകര ബി.ജെ.പി കള്ളപ്പണ കേസിൽ ഈ മാസം 26 ന് മുമ്പ് കുറ്റപത്രം സമർപ്പിക്കും. കേസിൽ 22 പ്രതികളാണ് ഇതുവരെ അറസ്റ്റിലായത്. സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ ചോദ്യം ചെയ്യാൻ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും.അന്വേഷണ അവസാനഘട്ടത്തിലെത്തിയെന്നും അന്വേഷണ സംഘം വെളിപ്പെടുത്തുന്നു. പണത്തിന്‍റെ സോഴ്സ് എവിടെ നിന്നാണെന്നും കണ്ടെത്താനുണ്ട്.
ഏപ്രിൽ മൂന്നിന് പുലർച്ചയാണ് കൊടകരയിൽ വാഹനാപകടമുണ്ടാക്കി മൂന്നരക്കോടി കൊള്ളയടിച്ചത്. ബി.ജെ.പി തെരഞ്ഞെടുപ്പ് ചെലവിനെത്തിച്ച പണമാണ് കവർച്ച ചെയ്യപ്പെട്ടതെന്നാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. 25 ലക്ഷമാണ് നഷ്ടപ്പെട്ടതെന്നായിരുന്നു പണം കൊണ്ടുവന്ന ആർ.എസ്.എസ് പ്രവർത്തകനും കോഴിക്കോട് സ്വദേശി അബ്കാരിയുമായ ധർമരാജ് ഡ്രൈവർ ഷംജീർ മുഖേന പരാതി നൽകിയത്.
അന്വേഷണത്തിൽ കൂടുതൽ പണം കണ്ടെടുത്തതോടെ കാറിൽ മൂന്നരക്കോടിയുണ്ടായിരുന്നെന്നും ബിസിനസ് ആവശ്യത്തിന് എത്തിച്ചതാണെന്നും മൂന്നേകാൽ കോടി തെൻറയും 25 ലക്ഷം യുവമോർച്ച മുൻ ട്രഷറർ സുനിൽ നായിക്കിേൻറതുമാണെന്നും അറിയിച്ചു. എന്നാൽ, പണം കർണാടകത്തിൽനിന്ന് കൊണ്ടുവന്നതാണെന്നും ബി.ജെ.പി ആലപ്പുഴ മേഖല സെക്രട്ടറി പത്മകുമാറിന് കൈമാറാനാണ് നിർദേശമെന്നുമായിരുന്നു പൊലീസിന് നൽകിയ മൊഴി. പണത്തിെൻറ ഉറവിടം സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കഴിഞ്ഞിട്ടില്ല.
ധർമരാജിനെ തെരഞ്ഞെടുപ്പ് സാമഗ്രികൾ എത്തിക്കാൻ ചുമതലപ്പെടുത്തിയിരുന്നെന്നും ഈ ആവശ്യത്തിന് വിളിച്ചെന്നുമാണ് ബി.ജെ.പി നേതാക്കൾ പറയുന്നത്. ബി.ജെ.പി സംസ്ഥാന സംഘടന സെക്രട്ടറി എം. ഗണേശൻ, ഓഫിസ് സെക്രട്ടറി ഗിരീഷ്, മേഖല സെക്രട്ടറി ജി. കാശിനാഥൻ, തൃശൂർ ജില്ല പ്രസിഡൻറ് കെ.കെ. അനീഷ് കുമാർ, ജില്ല ജനറൽ സെക്രട്ടറി കെ.ആർ. ഹരി, ട്രഷറർ സുജയ് സേനൻ, ആലപ്പുഴ മേഖല സെക്രട്ടറി പത്മകുമാർ എന്നിവരെയും കെ. സുരേന്ദ്രെൻറ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലിബീഷ് എന്നിവരെയും ചോദ്യം ചെയ്തിരുന്നു. ധർമരാജും സുരേന്ദ്രനുമായി ബന്ധമുണ്ടെന്നായിരുന്നു ഇവരുടെ മൊഴി. ധർമരാജിെൻറ ഫോണിൽനിന്ന് കവർച്ചദിവസം സുരേന്ദ്രെൻറ മകെൻറ ഫോണിലേക്ക് വിളിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
സി.കെ. ജാനുവിനെ എൻ.ഡി.എയിൽ എത്തിക്കാൻ പണം കൈമാറിയെന്ന ജെ.ആർ.പി ട്രഷറർ പ്രസീത അഴീക്കോടിെൻറ വെളിപ്പെടുത്തലും ടെലിഫോൺ ശബ്ദരേഖ പുറത്തുവന്നതും മഞ്ചേശ്വരത്ത് സ്ഥാനാർഥിത്വം പിൻവലിക്കാൻ ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരക്ക് രണ്ടരലക്ഷം നൽകിയെന്ന വെളിപ്പെടുത്തലും പുറത്തുവന്നതോടെ കൊടകര കേസിലെ ബന്ധങ്ങൾ വിപുലമായിരുന്നു. ഇതിൽ വ്യക്തത വരുത്തലാണ് അന്വേഷണസംഘം ഉദ്ദേശിക്കുന്നത്.
നേരത്തേ നേതാക്കൾ നൽകിയ മൊഴിയിൽ വൈരുധ്യങ്ങളുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനിടെ പ്രതികളിൽനിന്ന് ലഭിച്ച മൊഴികളെ തുടർന്നുള്ള അന്വേഷണത്തിൽ നിർണായകവിവരങ്ങൾ കൂടി ലഭിച്ചതായാണ് സൂചന. കേസിൽ ഇതുവരെയായി 23 പേരാണ് അറസ്റ്റിലായത്. 1.42 കോടി കണ്ടെടുത്തു. പണവുമായെത്തിയ സംഘം തൃശൂരിൽ ജില്ല നേതാക്കൾ സ്വകാര്യ ലോഡ്ജിൽ എടുത്ത് നൽകിയ മുറിയിൽ താമസിച്ച് പുലർച്ച പോകുമ്പോഴായിരുന്നു അപകടമുണ്ടാക്കിയുള്ള കവർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.