തൃശൂർ: കൊടകര കുഴൽപണക്കേസിൽ സ്വന്തം പാളയത്തിൽനിന്ന് വന്ന പുതിയ വെളിപ്പെടുത്തൽ ബി.ജെ.പിക്ക് നിനച്ചിരിക്കാതെ കിട്ടിയ തിരിച്ചടി. പണം കവർച്ചചെയ്യപ്പെട്ട സംഭവത്തിൽ കേരള പൊലീസ് അന്വേഷണം നടത്തിയെങ്കിലും ബി.ജെ.പി നേതാക്കൾ സുരക്ഷിതരായിരുന്നു. 23 പേർ പ്രതികളായ കവർച്ചക്കേസിൽ ബി.ജെ.പി നേതാക്കളടക്കം 19 പേർ സാക്ഷികളാണ്.
സി.പി.എം-ബി.ജെ.പി ഡീലിന് ഉദാഹരണമായി കോൺഗ്രസും യു.ഡി.എഫും പലപ്പോഴും ഈ സംഭവം ഉയർത്തിക്കാട്ടാറുണ്ടെങ്കിലും കള്ളപ്പണ ഇടപാട് സംബന്ധിച്ച് തുടരന്വേഷണം ഉണ്ടാകാതിരുന്നതിനാൽ കേസ് ഏറക്കുറെ വിസ്മൃതിയിലായ അവസ്ഥയിലായിരുന്നു. എന്നാൽ, ബി.ജെ.പിയുടെ തൃശൂർ ജില്ല ഓഫിസ് മുൻ സെക്രട്ടറി തിരൂർ സതീഷ് ബി.ജെ.പിക്കുവേണ്ടി എത്തിച്ച പണമാണ് കൊടകരയിൽ കവർച്ച ചെയ്യപ്പെട്ടതെന്ന് വെളിപ്പെടുത്തിയതോടെ ഉപതെരഞ്ഞെടുപ്പ് അടുത്ത വേളയിൽ മുഖ്യ പ്രചാരണ വിഷയങ്ങളിലൊന്നായി കൊടകര സംഭവം മാറുകയാണ്. രാഷ്ട്രീയമായ തിരിച്ചടിക്കൊപ്പം നിയമക്കുരുക്കുകളും ബി.ജെ.പി നേതൃത്വത്തെ കാത്തിരിക്കുന്നുണ്ട്.
തിരൂർ സതീഷ് സി.പി.എമ്മിന്റെ ഉപകരണമാവുകയാണെന്നും സാമ്പത്തിക തിരിമറിക്ക് പുറത്താക്കപ്പെട്ട ആളാണെന്നുമുള്ള ദുർബല പ്രതിരോധം ബി.ജെ.പി നേതൃത്വത്തെ കാര്യമായി സഹായിക്കില്ലെന്നാണ് വിലയിരുത്തൽ.
വെളിപ്പെടുത്തൽ പുതിയ അന്വേഷണത്തിന് വഴിവെക്കുന്നതോടെ പല നേതാക്കളെയും വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കേണ്ടിവരും. മൊബൈൽ ടവർ ലൊക്കേഷൻ അടക്കം പരിശോധിച്ച് സതീഷിന്റെ മൊഴിയിൽ പറയുന്ന കാര്യങ്ങൾക്ക് സ്ഥിരീകരണം ലഭിച്ചാൽ പലരെയും പ്രതിപ്പട്ടികയിലും ഉൾപ്പെടുത്തേണ്ടിവരുമെന്നാണ് ചൂണ്ടിക്കാട്ടുന്നത്. തൃശൂർ ബി.ജെ.പി ഓഫിസിലെത്തിച്ച പണം അവിടെനിന്ന് കൊണ്ടുപോകുമ്പോൾ കവർച്ച ചെയ്യപ്പെട്ടുവെന്ന വെളിപ്പെടുത്തലും സംഭവത്തിന്റെ ഗൗരവം കൂട്ടുന്നു. ഇതിനിടെ കൊടകര കേസ് അന്വേഷിച്ച പ്രത്യേക പൊലീസ് സംഘത്തിന്റെ തലവനായിരുന്ന എ.സി.പി എസ്.വി. രാജു എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) നൽകിയ റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവന്നത് ബി.ജെ.പിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ്.
കള്ളപ്പണം എത്തിച്ചതിൽ കർണാടകയിലെ ഉന്നത ബി.ജെ.പി നേതാവിന് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. റിപ്പോർട്ടിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്താൻ നിർബന്ധിതമാകുന്ന സാഹചര്യമാണ്. കേന്ദ്രഭരണത്തിന്റെ ആനുകൂല്യം ലഭിക്കുന്ന സാഹചര്യമുണ്ടായാൽ വിഷയം കോടതിയിലേക്കും എത്തിയേക്കാം. ബി.ജെ.പിക്കകത്ത് വിഷയം സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെതിരെ എതിർപക്ഷം ആയുധമാക്കാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ലഭിച്ച പണമടക്കം കൈകാര്യംചെയ്ത രീതിയിൽ സുരേന്ദ്രനോട് പലർക്കും കടുത്ത അതൃപ്തിയുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. പുതിയ സാഹചര്യത്തിൽ വലിയ പൊട്ടിത്തെറികൾ പാർട്ടിയിലുണ്ടാകുമെന്നാണ് പല നേതാക്കളും അടക്കംപറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.