തൃശൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസ്പ്രതി കൊടി സുനി ജയിലിന് പുറത്ത്. മാഹി കൊലപാതക കേസിൽ സി.പി.എമ്മും ആർ.എസ്.എസും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെയാണ് സുനി പരോളിലാണെന്ന വിവരം പുറത്തായത്. ഏപ്രിൽ 28നാണ് അമ്മയെ കാണാൻ സുനിക്ക് അടിയന്തര പരോൾ അനുവദിച്ചത്. മേയ് 15 വരെയാണ് പരോളെന്ന് ജയിലധികൃതർ പറഞ്ഞു.
ക്രിമിനൽ കേസുകളിൽ അകപ്പെട്ടവർക്ക് ആറ് മാസത്തിലൊരിക്കലോ അടിയന്തരാവശ്യത്തിന് മൂന്ന് മാസത്തിലൊരിക്കലോ മാത്രമേ പരോൾ അനുവദിക്കാവൂ എന്നിരിക്കെയാണ് ഫെബ്രുവരിയിലും മേയിലും സുനിക്ക് പരോൾ അനുവദിച്ചത്. ക്യാമ്പിൽനിന്നുള്ള രണ്ട് പൊലീസുകാർ സുനിക്ക് അകമ്പടിയുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകൻ ശുഹൈബ് വധിക്കപ്പെട്ട സമയത്തും കൊടി സുനി പരോളിലായിരുന്നു.
ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനി, കിർമാണി മനോജ്, എം.സി. അനൂപ് എന്നിവർ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും ഇവർ പാലിക്കുന്നില്ലെന്ന് അകമ്പടി പൊലീസ് തന്നെ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് െചയ്യാറുണ്ടത്രെ. പരോൾ കാലയളവിൽ പ്രദേശത്തെയോ പോകുന്ന സ്ഥലത്തെയോ പൊലീസ് സ്റ്റേഷനുകളിൽ ഹാജരാവണം. എന്നാൽ ഇതുവരെ ഒരു സ്റ്റേഷനിലും സുനിയടക്കമുള്ളവർ ഹാജരായിട്ടില്ലെന്നാണ് വിവരം. സമാന കേസിലുൾപ്പെട്ടവർക്ക് ഒരേ സമയം പരോൾ അനുവദിക്കാറില്ലെന്നിരിക്കെ ജനുവരിയിലെ പരോൾ ഇവർക്ക് ഒരുമിച്ചായിരുന്നു.
ജയിൽ ഉദ്യോഗസ്ഥർക്കും സഹതടവുകാർക്കും ഇവർ തലവേദനയാണ്. കഞ്ചാവടക്കമുള്ള ലഹരി വസ്തുക്കൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ട പരാതിയിൽ മനുഷ്യാവകാശ കമീഷനും ഇടപെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.