കൊച്ചി: മുസ്ലിംലീഗിനും സമസ്തക്കുമെതിരായ സി.പി.എം നേതാക്കളുടെ പ്രതികരണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ് എം.പി. ടി.പി ചന്ദ്രശേഖരന്‍റെ ഘാതകർ സഞ്ചരിച്ച ഇന്നോവയിൽ ''മാഷാ അല്ലാഹ്'' സ്റ്റിക്കർ ഒട്ടിച്ച സി.പി.എം ബുദ്ധി ഇനിയും വേണ്ടത്ര ചർച്ചചെയ്യപ്പെട്ടിട്ടില്ല. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയനാണ് ഇന്നത്തെ മുഖ്യമന്ത്രി. രാഷ്ട്രീയ അധികാരത്തിന് വേണ്ടി ഈ ജനതയെ ഭിന്നിപ്പിക്കുന്നതിന് കൂട്ട് നിന്നാൽ നഷ്ടം യു.ഡി.എഫിന് മാത്രമായിരിക്കില്ല, ഞങ്ങളും നിങ്ങളും അഭിമാനത്തോടെ നെഞ്ചേറ്റുന്ന മതേതര കേരളത്തിനാകെയാകുമെന്നും കൊടിക്കുന്നിൽ ഫേസ്ബുക്കിൽ കുറിച്ചു.
കൊടിക്കുന്നിൽ സുരേഷ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ്:
ടിപി ചന്ദ്രശേഖരനെ വെട്ടി കൊന്നതിന് ശേഷം കൊലയാളികൾ സഞ്ചരിച്ച ഇന്നോവയിൽ "മാഷാഅല്ലാഹ്" സ്റ്റിക്കർ ഒട്ടിക്കാൻ ആലോചിച്ച സിപിഎം ബുദ്ധി വാസ്തവത്തിൽ ഇനിയും വേണ്ടത്ര ചർച്ചചെയ്യപ്പെട്ടിട്ടില്ല. കുറ്റകൃത്യത്തിൽ നിന്നും കേവലം ശ്രദ്ധ തിരിക്കുക എന്ന കുറ്റവാളിയുടെ തനത് ക്രിമിനൽ ബുദ്ധി എന്നതിനപ്പുറം ആ മാഷാ അല്ലാഹ് സ്റ്റിക്കർ ദൂരവ്യാപകമായ രാഷ്ട്രീയ നേട്ടങ്ങൾ ലക്ഷ്യം വെച്ചുള്ളവയായിരുന്നു.കേരളത്തിൽ ഇസ്ലാം ഭീതി പരത്തി ന്യൂനപക്ഷങ്ങളെ ഒറ്റപ്പെടുത്തി ഭൂരിപക്ഷ വോട്ട് ബാങ്ക് തങ്ങൾക്കനുകൂലമായി ഏകീകരിപ്പിക്കുക എന്ന രാഷ്ട്രീയ ദുഷ്ടത്തരമാണ് സി.പി.എം ടി.പി യുടെ കൊലയോടൊപ്പം പരീക്ഷിച്ചത്.
അന്ന് പാർട്ടിയുടെ സെക്രട്ടറി ആയിരുന്ന പിണറായി വിജയൻ ഇന്ന് കേരളത്തിലെ മുഖ്യമന്ത്രി ആണ്. യു.ഡി.എഫിലെ ലീഗ് സാനിധ്യം കുറ്റകരമായി അവതരിപ്പിക്കുന്ന പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് കേവലം യാദൃശ്ചികതയല്ല. മറിച്ച് കാലങ്ങളായുള്ള അവരുടെ വർഗീയ രാഷ്ട്രീയത്തിന്റെ തുടർച്ച മാത്രമാണ്.
ഇന്ന് അവർ സമസ്തക്കെതിരെയും വർഗീയ പരാമർശം നടത്തിയതും അവരുടെ വിവരക്കേടല്ല. കേരളത്തിലെ മുസ്ലിം സമുദായത്തിലെ ഏറ്റവും മൃദു സ്വരക്കാരും, ജനാധിപത്യ വാദികളും ഭൂരിപക്ഷം മുസ്ലീങ്ങളേയും ഉൾക്കൊള്ളുന്നവരുമായ മുസ്ലിം ലീഗ്, സമസ്ത എന്നിവർക്കെതിരെ തന്നെ സി.പി.എം തങ്ങളുടെ വർഗീയ വിഷത്തിന്റെ മുന തിരിച്ചു വെക്കുന്നത് ഇസ്ലാം മത വിശ്വാസികളോടുള്ള തികഞ്ഞ വെല്ലുവിളി ആണ്.
ഇക്കണക്കിനാണെങ്കിൽ സംഘപരിവാർ ഉണ്ടാക്കുന്ന ദേശീയ മുസ്ലിം ആഖ്യാനങ്ങൾ പോലെ സി.പി.എം അനുഭാവികളും മതരഹിതരുമായ മുസ്ലീങ്ങൾക്ക് മാത്രമാണ് കേരളത്തിൽ അധികാരമുള്ളു എന്ന സി.പി.എം തത്വം നമ്മൾ കേൾക്കേണ്ടി വരും.
തങ്ങളുടെ പ്രസ്ഥാനത്തിന് വേണ്ടി ആത്മാർഥമായി പ്രവർത്തിക്കുന്ന സി.പി.എം അനുഭാവികളോട് ഒരു വാക്ക്. നിങ്ങളുടെ കോൺഗ്രസിനും ലീഗിനുമെതിരായ എല്ലാ രാഷ്ട്രീയ വിമർശനങ്ങളും ജനാധിപത്യപരമായി തന്നെയാണ് കണ്ടിട്ടുള്ളത്. ഇനിയും അത് തുടരും.എന്നാൽ കേവലം രാഷ്ട്രീയ അധികാരത്തിന് വേണ്ടി ഈ ജനതയെ ഭിന്നിപ്പിക്കുന്നതിന് കൂട്ട് നിന്നാൽ നഷ്ടം യു.ഡി.എഫിന് മാത്രമായിരിക്കില്ല, ഞങ്ങളും നിങ്ങളും അഭിമാനത്തോടെ നെഞ്ചേറ്റുന്ന മതേതര കേരളത്തിനാകെയാകും. ഭാവിയിൽ അതിന്റെ ലാഭം കൊയ്യുന്നത് സംഘപരിവാർ മാത്രമായിരിക്കും. നിങ്ങളുടെ നേതാക്കൾ തുടങ്ങിവെച്ച "ലവ് ജിഹാദ്" അടക്കമുള്ള ആയുധങ്ങൾ ഇന്ന് ഉപയോഗിക്കുന്നത് സംഘപരിവാറാണ്. കഴിഞ്ഞ ദിവസം കേരളം മുഴുവൻ എതിർത്തിട്ടും പിണറായിയെ ബി.ജെ.പി മാത്രം പിന്തുണച്ചതിൽ നിങ്ങൾക്കുള്ള മുന്നറിയിപ്പുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.