തിരുവനന്തപുരം: ശശി തരൂർ എം.പിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും എം.പിയുമായ കൊടിക്കുന്നിൽ സുരേഷ്. തരൂർ പാർട്ടിയുടെ അതിർവരമ്പുകൾ ലംഘിക്കുകയാണെന്ന് കൊടുക്കുന്നിൽ പറഞ്ഞു. അദ്ദേഹത്തിന് രാഷ്ട്രീയ പക്വതയില്ല. ഗസ്റ്റ് ആർട്ടിസ്റ്റാണ് തരൂരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിശ്വപൗരനായത് കൊണ്ട് തരൂരിന് എന്തും പറയാമെന്ന് കരുതേണ്ട. ശശി തരൂർ രാഷ്ട്രീയക്കാരനല്ലെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി വ്യക്തമാക്കി. നേരത്തെ കെ.മുരളീധരനും ശശി തരൂരിനെതിരെ രംഗത്തെത്തിയിരുന്നു. തങ്ങളാരും ശശി തരൂരിനെ പോലെ വിശ്വപൗരൻമാരല്ലെന്നായിരുന്നു കെ.മുരളീധരൻ എം.പിയുടെ പ്രസ്താവന.
പാർട്ടി അധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിക്ക് കത്തയച്ച കോൺഗ്രസ് നേതാക്കളുടെ നടപടി എതിരാളികൾക്ക് വടി കൊടുക്കുന്നത് പോലെയായെന്നും മുരളീധരൻ വിമർശിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വകാര്യവൽക്കരണ വിഷയത്തിലെ പാർട്ടിക്ക് വിരുദ്ധമായ നിലപാട് എടുത്തതോടെയാണ് തരൂരിനെതിരായ വിമർശനം ശക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.