കൊച്ചി: എറണാകുളത്ത് നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളനം ചരിത്രത്തിലെ സുപ്രധാന സമ്മേളനമായി മാറുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് എറണാകുളത്ത് മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയിൽ വിഭാഗീയതയും ഗ്രൂപ്പിസവും ഇല്ലാതായി. കേന്ദ്രീകൃത നേതൃത്വത്തിന് കീഴില്‍ സി.പി.എം പ്രവര്‍ത്തിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ്. ഇത് തുടര്‍ച്ചയായി നടത്തിയ ഇടപെടലിന്റെ ഭാഗമായുള്ള മാറ്റമാണ്. ഈ ഐക്യം വിളംബരം ചെയ്യുന്ന സമ്മേളനമായിരിക്കും ഇത്തവണത്തേതെന്നും കോടിയേരി വ്യക്തമാക്കി.
'ഭാവികേരളം, നവകേരളം' സംബന്ധിച്ച സി.പി.എം കാഴ്ചപ്പാട് വ്യക്തമാക്കുന്ന നയരേഖ പാര്‍ട്ടി പോളിറ്റ്ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയന് അവതരിപ്പിക്കുമെന്ന് കോടിയേരി പറഞ്ഞു. ഇത്തവണത്തെ സമ്മേളനം, പ്രവര്‍ത്തന റിപ്പോര്‍ട്ടും നവകേരള സൃഷ്ടിക്കുള്ള കര്‍മപദ്ധതി സംബന്ധിച്ച പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കുന്ന രേഖയുമാണ് അംഗീകരിക്കാന്‍ പോകുന്നത്.
ഭൂരിപക്ഷത്തിന്റെ പ്രസ്ഥാനമായി ഇടതുപക്ഷ പ്രസ്ഥാനത്തെ മാറ്റണം. ഇതിന് ഇന്നത്തെക്കാള്‍ ബഹുജന സ്വാധീനമുള്ള പാര്‍ട്ടിയായി വളര്‍ത്തണം. സര്‍ക്കാറിന്റെ പ്രവര്‍ത്തനം ഇതില്‍ വളരെ പ്രധാനമാണ്. അടുത്ത 25 വര്‍ഷത്തെ വികസനം സംബന്ധിച്ച് ഇപ്പോള്‍തന്നെ രൂപരേഖ തയാറാക്കണം.
ഇതിന്റെ ഭാഗമായി സി.പി.എം അംഗീകരിക്കുന്ന വികസന കാഴ്ചപ്പാട് എൽ.ഡി.എഫിൽ ചര്‍ച്ച ചെയ്ത് ഘടകകക്ഷികളുടെ അഭിപ്രായം സ്വീകരിക്കും. അതെല്ലാം പരിഗണിച്ചായിരിക്കും രേഖക്ക് അന്തിമരൂപം കൊടുക്കുന്നത്. ഇതിന് സഹായകരമായ പാര്‍ട്ടിയുടെ കാഴ്ചപ്പാടാണ് സംസ്ഥാന സമ്മേളനം ആവിഷ്കരിക്കുന്നത്. പാര്‍ട്ടിയുടെ നയരേഖക്ക് അനുസൃതമായാണ് കേരളത്തിലെ എല്ലാ വികസനവും നടപ്പാക്കുന്നത്. നിക്ഷേപം സ്വീകരിക്കുന്നത് സംബന്ധിച്ച് 1957ല്‍ ഇ.എം.എസ് സര്‍ക്കാര്‍ ഒരുനയം അംഗീകരിച്ചിട്ടുണ്ട്. കേരളത്തിന് തനത് വിഭവം ഇല്ലാത്ത സാഹചര്യത്തില്‍ സ്വകാര്യ മൂലധനം ആവശ്യമായി വരുമെന്ന് കണ്ടിരുന്നു. അതിന്റെ ഭാഗമായാണ് മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ആരംഭിച്ചത്.
എന്നാല്‍, കൂടുതല്‍ പേര് മുതല്‍മുടക്കാന്‍ സന്നദ്ധമായില്ല. വിമോചനസമരം അതിനെതിരായി സംഘടിപ്പിച്ചു. അതിനാല്‍, വികസനം കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകാനായില്ല. ഇന്ന് സാഹചര്യം മാറി. നിക്ഷേപത്തിന് ധാരാളം പേര് മുന്നോട്ടുവരുന്നു. കേരളത്തിന്റെ താല്പര്യത്തിന് ഹാനികരമല്ലാത്ത, പരിസ്ഥിതിക്ക് ദോഷംവരാത്ത പദ്ധതികള്‍ക്ക് അംഗീകാരം കൊടുക്കണമെന്നാണ് ഉദ്ദേശിക്കുന്നത്. അതിന്റെ വിവിധ വശങ്ങളാണ് രേഖയില്‍ പ്രതിപാദിക്കുന്നതെന്നും കോടിയേരി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.