കെ-റെയിൽ പദ്ധതിക്കായി ഒരാളെയും കണ്ണീർ കുടിപ്പിക്കില്ലെന്ന് കോടിയേരി; 'എതിർക്കുന്നവരുടെ പിന്നിൽ കോർപ്പറേറ്റുകൾ'

തിരുവനന്തപുരം: കെ റെയിൽ സിൽവർ ലൈൻ പദ്ധതിക്കായി ഭൂമി വിട്ടുനൽകുന്നവരിൽ ഒരാളെയും കണ്ണീർ കുടിപ്പിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പദ്ധതിയെ എതിർക്കുന്നവർക്ക് പിന്നിൽ കോർപറേറ്റുകളാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം തിരുവനന്തപുരം ജില്ല സമ്മേളനത്തിന്‍റെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോടിയേരി.

ഭൂമി വിട്ടുനൽകുന്നവർക്ക് മാർക്കറ്റ് വിലയുടെ നാലിരട്ടി വരെയാണ് കൊടുക്കുന്നത്. വീടുനഷ്ടപ്പെടുന്നവർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പകരം വീട് കൊടുക്കും. കെട്ടിടവും കച്ചവടസൗകര്യവും നഷ്ടമാകുന്നവർക്ക് അതിനുള്ള സൗകര്യമൊരുക്കും. വ്യക്തമായ പാക്കേജ് പ്രഖ്യാപിച്ചുകൊണ്ടാണ് സർക്കാർ സ്ഥലം ഏറ്റെടുക്കുന്നത്. ആരെയും കണ്ണീർ കുടിപ്പിക്കില്ലെന്നാണ് എൽ.ഡി.എഫിന്‍റെ നിലപാട്.

എൽ.ഡി.എഫിന്‍റെ വികസന കാഴ്ചപ്പാടല്ല യു.ഡി.എഫിന്‍റേത്. അതുകൊണ്ടാണ് യു.ഡി.എഫിന് ഇത്തരം പദ്ധതികൾ വിജയിപ്പിക്കാൻ കഴിയാത്തത്. അവർ ജനങ്ങളുടെ കൂടെ നിൽക്കില്ല. ഞങ്ങൾ ജനങ്ങളുടെ കൂടെ നിൽക്കും.

പുതിയ തലമുറക്ക് ആവശ്യമാണ് കെ-റെയിൽ. അഞ്ച് വർഷമല്ല സർക്കാർ മുന്നിൽ കാണുന്നത്. 50 വർഷമാണ് മുമ്പിൽ കാണുന്നത്. കെ-റെയിൽ കേരളത്തിന്‍റെ സമ്പദ്ഘടനയിൽ തന്നെ മാറ്റമുണ്ടാക്കും. കേരളം പുരോഗതിയിലേക്ക് നീങ്ങും. ഇക്കാരണം കൊണ്ടാണ് ചിലർ ഇതിനെതിരെ രംഗത്തെത്തുന്നത്.

ഡി.പി.ആർ എവിടെയാണ് എന്നായിരുന്നു ഇത്രയും നാൾ ചോദിച്ചത്. ഇപ്പോൾ ഡി.പി.ആർ ജനങ്ങൾക്ക് നൽകിയില്ലേ. പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്. അത്തരം പദ്ധതികൾ മാത്രമേ എൽ.ഡി.എഫ് നടപ്പാക്കൂവെന്നും കോടിയേരി പറഞ്ഞു.

പദ്ധതിയെ എതിർക്കുന്നതിൽ ചില സ്ഥാപിത താൽപര്യങ്ങളുണ്ട്. റെയിൽവേയെ തന്നെ ഇപ്പോൾ വിൽപ്പനക്ക് വെച്ചിരിക്കുകയാണ്. കോർപ്പറേറ്റുകളാണ് കെ-റെയിൽ എതിർപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. കെ-റെയിൽ അവർക്ക് കൈയടക്കാനാവില്ല. അവരിൽ നിന്ന് നിർദേശവും സഹായവും പറ്റിക്കൊണ്ടാണ് കെ-റെയിലിനെ എതിർത്ത് കോൺഗ്രസും ബി.ജെ.പിയും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും രംഗത്തെത്തിയതെന്നും കോടിയേരി പറഞ്ഞു.

കോൺഗ്രസിൽ എപ്പോഴാണ് അവസാനമായി സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയതെന്ന് ചോദിച്ചാൽ ആർക്കെങ്കിലും ഉത്തരം നൽകാനാകുമോ. ഒറ്റ വ്യക്തിയിലൊതുങ്ങിയ ഹൈകമാൻഡ് തീരുമാനിക്കും കാര്യങ്ങൾ. ബി.ജെ.പിയുടെ കാര്യവും ഇതുപോലെ തന്നെ. ആർ.എസ്.എസ്സാണ് ബി.ജെ.പിയുടെ ഭാരവാഹികളെ തീരുമാനിക്കുക. ഇത് തന്നെയാണ് മുസ്ലിം ലീഗിന്‍റെയും അവസ്ഥ. പാണക്കാട്ടെ കുടുംബം തീരുമാനിക്കും ആരാണ് ഭാരവാഹിയാകേണ്ടതെന്ന്. എന്നാൽ, സി.പി.എമ്മിന്‍റെ രീതി ഇതിൽ നിന്ന് വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. 

Tags:    
News Summary - kodiyeri balakrishnan about k rail project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.