കണ്ണൂർ: പ്രിയസഖാവിന് ഏറെ ഇഷ്ടമായിരുന്നു പായസം. ലഡുപോലുള്ള മധുരം അതിലേറെ പ്രിയം. ഏത് തിരക്കിലും എല്ലാം മറന്ന് അതെടുത്ത് കഴിക്കും. ഊണിനൊപ്പം ഇഷ്ടവിഭവം കല്ലുമ്മക്കായയും. ഒരുവർഷമായി ‘കോടിയേരി’ വീട്ടിലെ തീൻമേശയിൽ ഇവയെല്ലാം ഔട്ടാണ്. സഖാവിന്റെ ഇഷ്ടഭക്ഷണം കണ്ടാൽ കണ്ഠമിടറും. അങ്ങനെയാണ് ഈയൊരു തീരുമാനമെടുത്തത്. മക്കളായ ബിനോയിക്കും ബിനീഷിനും ഇതേ നിലപാടാണെന്ന് പറയുമ്പോൾ സാരിത്തലപ്പുകൊണ്ട് വിനോദിനി കണ്ണുതുടച്ചു.
ആരെയും ആശ്രയിക്കാതെ ധൈര്യത്തോടെ എല്ലാം നേരിടണമെന്നാണ് കോടിയേരി ബാലകൃഷ്ണൻ ഇടക്കിടെ ഓർമിപ്പിക്കാറുള്ളതെന്നുപറഞ്ഞ് അവരുടെ ഓർമകൾ വീണ്ടും വർഷങ്ങൾ പിന്നിലേക്ക്... കോടിയേരി സഖാവില്ലാത്ത ഒരുവർഷം ചിന്തിക്കാൻ വയ്യ. ജീവിതം തന്നെ മാറിമറിഞ്ഞപോലെ. 14ാം വയസ്സിൽ മനസ്സിൽ കയറിക്കൂടിയയാളാണ് സഖാവ്. 18ാം വയസ്സുമുതൽ ഒപ്പമുള്ള ജീവിതം. 43 വർഷത്തെ ഒരുമിച്ചുള്ള ജീവിതത്തിൽ എല്ലാം തികഞ്ഞ സഖാവായാണ് എനിക്ക് തോന്നിയത്. എത്ര പിണങ്ങിയാലും ആദ്യം വന്ന് സംസാരിക്കുക അദ്ദേഹമാണ്. ആ സ്നേഹത്തിനുമുന്നിൽ പലപ്പോഴും ഞാനും മക്കളും തോറ്റുപോയിട്ടുണ്ട്- വിനോദിനി സാക്ഷ്യപ്പെടുത്തുന്നു.
പയ്യാമ്പലത്തെ ജനസാഗരം സാക്ഷിയാക്കി അവസാനത്തെ മുദ്രാവാക്യം വിളികളും മുഴങ്ങി വീട്ടിലേക്ക് മടങ്ങിയ നിമിഷം വിനോദിനി കുറെ തീരുമാനങ്ങളെടുത്തു. ഭർത്താവ് വീട്ടിൽ ഉപയോഗിച്ച മുഴുവൻ സാധനങ്ങളും ഉൾപ്പെടുത്തി വീടിന്റെ മുകളിൽ മ്യൂസിയം ഒരുക്കണമെന്നായിരുന്നു അത്.
തിരുവനന്തപുരത്തെ വീട്ടിൽ ഉപയോഗിച്ച ബെഡും തലയണയും കണ്ണട, ചെരിപ്പ് തുടങ്ങി സർവതും കോടിയേരിയിലെ തറവാട്ടുവീട്ടിലെത്തിച്ചു. പിന്നിട്ട വഴികളിലെ സകല ഓർമയും ഫ്രയിമിലെത്തിയപ്പോഴാണ് ‘വിനോദിനീസ് കോടിയേരി ഫാമിലി കലക്ടിവ്’ എന്ന മ്യൂസിയത്തിന്റെ പിറവി. എല്ലാവരും സഖാവിന്റെ പിന്നിട്ടവഴികൾ കാണട്ടെ. അതിനാണ് ഇത് സന്ദർശകർക്കായി ഒരുക്കിയതെന്നും ഇവർ പറഞ്ഞു. പ്രിയപ്പെട്ടവർ പോയാൽ നമ്മളാകെ തകർന്നുപോകും.
എല്ലാവരുമുണ്ടെന്ന് പറയുമ്പോഴും ഒറ്റക്കെന്നേ തോന്നൂ. സ്പീക്കർ എ.എൻ. ഷംസീർ വിളിച്ചോ നേരിട്ടെത്തിയോ ക്ഷേമമന്വേഷിക്കും. ഒരൊറ്റ സങ്കടം ഇപ്പോഴും മനസ്സിനെ ഉലക്കുന്നുണ്ടെന്ന് വിനോദിനി. ‘മകൻ ബിനീഷിന് അനുകൂലമായ കോടതി വിധി കാണാൻ അദ്ദേഹമുണ്ടായിട്ടില്ലല്ലോ. അദ്ദേഹത്തിന്റെ മനസ്സിനെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു അത്’.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.