പൊതുവികസനത്തിൽ ക്രിയാത്മക നിലപാടുണ്ടായിരുന്ന നേതാവായിരുന്നു ഹൈദരലി തങ്ങളെന്ന് കോടിയേരി ബാലകൃഷ്‌ണൻ

തിരുവനന്തപുരം: കേരളത്തിന്റെ പൊതുവികസനത്തിൽ ക്രിയാത്മക നിലപാടുണ്ടായിരുന്ന ഉന്നത രാഷ്ട്രീയ നേതാവായിരുന്നു മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ.

രാഷ്ട്രീയ നേതാവായിരിക്കുമ്പോൾ തന്നെ ആത്മീയ നേതാവുമായിരുന്നു അദ്ദേഹം. അനേകം മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അനാഥ മന്ദിരങ്ങളുടേയും സാരഥിയെന്ന നിലയിൽ വലിയൊരു വിഭാഗം അവരുടെ ആശ്രയമായാണ് തങ്ങളെ കണ്ടിരുന്നത്.

പാണക്കാട് തങ്ങൾ കുടുംബം മുസ്ലീം ലീഗിന്റെ അധ്യക്ഷ സ്ഥാനം അലങ്കരിക്കുകയെന്ന കീഴ്വഴക്കമനുസരിച്ചാണ് 13 വർഷം മുമ്പ് അദ്ദേഹം ലീഗ് അധ്യക്ഷനായത്. അതിന് ശേഷമാകട്ടെ പല ഘട്ടങ്ങളിലും സ്വന്തം നിലപാട് പ്രകടിപ്പിച്ച് നേതൃശേഷി അദ്ദേഹം തെളിയിച്ചു.

ന്യൂനപക്ഷ മതത്തിന്റെ പേരിലെ രാഷ്ട്രീയ കക്ഷിയുടെ തലവനായിരുന്നിട്ടും സംസ്ഥാനത്ത് മതസൗഹാർദത്തിനു വേണ്ടി പൊതുവിൽ നിലകൊണ്ടു. താനടക്കമുള്ള കമ്മ്യൂണിസ്റ്റ് നേതാക്കളുമായി നല്ല വ്യക്തി ബന്ധമായിരുന്നു അദ്ദേഹം പുലർത്തിയിരുന്നത്. ആധുനിക കേരളത്തിനായുള്ള പദ്ധതികളും പരിപാടികളും മനസിലാക്കാനുള്ള താല്പര്യമുണ്ടായിരുന്ന ലീഗിലെ നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. ഹൈദരലി ശിഹാബ് തങ്ങളുടെ വേർപാടിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു.

Tags:    
News Summary - Kodiyeri Balakrishnan says Hyder Ali Shihab Thangal was a top political leader who had a positive stance on public development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.